
കൊച്ചി: ഐ.ടി.ഐ പ്രവേശന നടപടികളിൽ അശാസ്ത്രീയതയെന്ന് പരാതി. 2007 മുതൽ എസ്.എസ്.എൽ.സിക്ക് ഗ്രേഡിംഗായതിനാൽ ഐ.ടി.ഐ റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിന് ഓരോ ഗ്രേഡിനും സാങ്കൽപ്പിക മാർക്ക് നൽകുകയാണ്. ഒരു വിഷയത്തിന് എ പ്ലസ് ഗ്രേഡ് ലഭിച്ച വിദ്യാർത്ഥിക്ക് 95 മാർക്കാണ് കണക്കാക്കുന്നത്. കൂടുതൽ മാർക്ക് വാങ്ങിയ മിടുക്കരായ കുട്ടികൾക്ക് ഇതിലൂടെ അർഹമായ പ്രവേശനം നഷ്ടമാകുന്നുണ്ട്.
മാർക്കിന് മൂന്ന് മാസം കാത്തിരിക്കണം
നിലവിലെ പരീക്ഷാ വിജ്ഞാപന പ്രകാരം ഫലം പ്രഖ്യാപിച്ച് മൂന്ന് മാസത്തിനകം യാതൊരു കാരണവശാലും പരീക്ഷാർത്ഥികൾക്ക് സ്കോർ വിവരം നൽകില്ല. ഫീസ് നൽകി അപേക്ഷിച്ചാൽ മാർക്ക് വിവരം നേരിട്ട് നൽകാൻ ഉത്തരവുണ്ട്. മാർക്ക് അധിഷ്ഠിതമായ പരീക്ഷാ സമ്പ്രദായം കുട്ടികളിൽ അനാരോഗ്യകരമായ മത്സരം ഉണ്ടാക്കുമെന്നാണ് സർക്കാരിന്റെയും പരീക്ഷാ ഭവന്റെയും വാദം. മാർക്ക് വിവരങ്ങൾ അഡ്മിഷൻ സമയത്ത് കുട്ടികൾക്ക് പ്രയോജനപ്പെടുന്നില്ല.
ഡിജി ലോക്കറിൽ മാർക്ക് നൽകണം
ഐ.ടി.ഐ പ്രവേശന നടപടികൾ കുറ്റമറ്റതും ശാസ്ത്രീയവുമാക്കാൻ അടിയന്തര നടപടികൾ വേണമെന്നാണ് ആവശ്യം. ഇതിനായി എസ്.എസ്.എൽ.സി മാർക്ക് ഡിജിലോക്കർ പോലെയുള്ള ഔദ്യോഗിക ഡിജിറ്റൽ സംവിധാനങ്ങളിൽ കൃത്യമായി പ്രസിദ്ധീകരിക്കാൻ സാധിച്ചാൽ പ്രശ്നപരിഹാരമാകും.
ഡിജിലോക്കർ വഴി ലഭ്യമാകുന്ന കൃത്യമായ സ്കോർ മാത്രം മാനദണ്ഡമാക്കി പ്രവേശനത്തിനായുള്ള മെറിറ്റ് ലിസ്റ്റ് ശാസ്ത്രീയമായി തയ്യാറാക്കണം. വിഷയത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പിന് നിരവധി തവണ പരാതികൾ നൽകിയിട്ടുണ്ട്.
അഡ്വ. ആന്റണി ഡേവിസ്
അഭിഭാഷകൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |