
കൊച്ചി: നെട്ടൂർ മാർക്കറ്റിന് സമീപം നിറുത്തിയിട്ട കാറിൽ രാസലഹരി കൈമാറുന്നതിനിടെ വിതരണക്കാരനും വാങ്ങാനെത്തിയയാളും പൊലീസിന്റെ പിടിയിലായി. മട്ടാഞ്ചേരി ബീച്ച് റോഡ് കൊപ്രപ്പറമ്പിൽ വീട്ടിൽ അഗസ്റ്റിൻ (36), പാലക്കാട് ചിറ്റൂർ തത്തമംഗലം കൂനംകാട് വീട്ടിൽ എം.ശ്രീകുമാർ 46) എന്നിവരെയാണ് പനങ്ങാട് പൊലീസ് അറസ്റ്റുചെയ്തത്. 5.46 ഗ്രാം എം.ഡി.എം.എ, 29,500 രൂപ, സിപ്പ്-ലോക്ക് കവറുകൾ എന്നിവ കാറിൽനിന്ന് കണ്ടെടുത്തു. കാറും കസ്റ്റഡിയിലെടുത്തു.
ഇടുക്കി മുട്ടം പൊലീസ് സ്റ്റേഷനിൽ 1.50 കിലോ കഞ്ചാവ് പിടിച്ച കേസിൽ പ്രതിയായ അഗസ്റ്റിൻ രാസലഹരി കൈമാറാനാണ് നെട്ടൂർമാർക്കറ്റിൽ എത്തിയത്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പൊലീസ് തുടരുന്ന നിരീക്ഷണത്തിൽ മാർക്കറ്റിന് സമീപം സംശയകരമായ സാഹചര്യത്തിൽ കാർ നിറുത്തിയിട്ടിരിക്കുന്നത് കണ്ടാണ് പരിശോധിച്ചത്. ശ്രീകുമാർ സ്വന്തം ആവശ്യത്തിനാണോ, നാട്ടിൽ വിതരണത്തിനാണോ രാസലഹരി വാങ്ങുന്നത് എന്നതിൽ അന്വേഷണം തുടങ്ങി. പനങ്ങാട് എസ്.ഐ മുഹമ്മദ് മുബാറക്, എ.എസ്.ഐ ഓസ്റ്റിൻ, പൊലീസ് ഉദ്യോഗസ്ഥരായ ടി.എം. ശ്രീജിത്ത്, അരുൺരാജ്, കെ.എസ്.സുനിൽകുമാർ, അനീഷ് കുമാർ എന്നിവരടങ്ങിയ സംഘമാണ് യുവാക്കളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |