
കാമറെഡ്ഡി: ഇൻഷുറൻസ് തുക ലഭിക്കാൻ ഭർത്താവിനെ കൊന്ന് അപകടമെന്ന് വരുത്തിത്തീർത്ത കേസിൽ സ്‌ത്രീയും കാമുകനും പിടിയിൽ. തെലങ്കാനയിലെ കാമറെഡ്ഡി ജില്ലയിലാണ് സംഭവം. കാഞ്ചർല രേണുക, കാമുകൻ കാഞ്ചർല ഗംഗാശേഖർ (37) എന്നിവരാണ് അറസ്റ്റിലായത്. മേയ് 22നാണ് രേണുകയുടെ ഭർത്താവ് കാഞ്ചർല രാജയ്യ (45) കൊല്ലപ്പെട്ടത്.
സദാശിവനഗര്‍ മണ്ഡലിലെ മാര്‍ക്കല്‍ ഗ്രാമത്തിലാണ് രേണുക താമസിക്കുന്നത്. രാത്രി കൃഷിയിടത്തിലേക്ക് പോകുന്നതിനിടെ ഒരു മൃഗം തട്ടി വാഹനം അപകടത്തിൽപ്പെട്ട് ഭർത്താവ് മരിച്ചുവെന്ന് കാട്ടി ഇവർ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ, സംശയം തോന്നിയ പൊലീസ് അപകടസ്ഥലം പരിശോധിച്ചു. ശേഷം അന്വേഷണത്തിനായി പ്രത്യേക സംഘം രൂപീകരിച്ചു. സിസിടിവി ദൃശ്യങ്ങൾ, സാക്ഷിമൊഴികൾ, സാങ്കേതിക വിവരങ്ങൾ, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് എന്നിവയുടെ അടിസ്ഥാനത്തിൽ രാജയ്യയുടേത് കൊലപാതകമാണെന്ന് കണ്ടെത്തി.
രാജയ്യയുടെ ശരീരത്തിലെ പരിക്കുകൾ റോഡപകടത്തിലേത് പോലെ ആയിരുന്നില്ല. തുടർന്ന് അന്വേഷണം ഗംഗാശേഖറിലേക്കെത്തി. ഇയാളെ ചോദ്യം ചെയ്‌തപ്പോൾ കുറ്റം സമ്മതിച്ചു. നാല് വർഷമായി രേണുകയുമായി പ്രണയത്തിലാണെന്നും ബന്ധത്തിന് തടസമാകാതിരിക്കാനും പണം ലഭിക്കാനുമാണ് രാജയ്യയെ കൊലപ്പെടുത്തിയതെന്നും ഗംഗാശേഖർ പറഞ്ഞു.
മദ്യം നൽകി ബോധംകെടുത്തിയ ശേഷം ഇരുമ്പ് വടികൊണ്ട് അടിച്ചാണ് പ്രതി രാജയ്യയെ കൊലപ്പെടുത്തിയത്. തലയ്‌ക്ക് ഗുരുതര പരിക്കേറ്റ രാജയ്യ ഉടൻതന്നെ മരിച്ചു. അപകടമാണെന്ന് വരുത്തിത്തീർക്കാൻ മൃതദേഹവും ബൈക്കും റോഡിൽ ഉപേക്ഷിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |