
കൊച്ചി: കേന്ദ്രധനമന്ത്രി നിർമലാ സീതാരാമന്റെ പേരിൽ വ്യാജദൃശ്യം തയ്യാറാക്കി സൈബർതട്ടിപ്പ് നടത്തുന്ന ഉത്തരേന്ത്യൻ സംഘത്തിലെ ഇടനിലക്കാരായ മലയാളികളെ കൊച്ചി സിറ്റി പൊലീസ് അറസ്റ്റുചെയ്തു. കണ്ണൂർ കോട്ടയം മലബാർ മോവേരി യാഫാമൻസിലിൽ അർഷാദ് (38), കണ്ണൂർ പച്ചപ്പൊയ്ക ബൽക്കീസ് മൻസിലിൽ അബ്ദുൾ റഹ്മാൻ (35) എന്നിവരാണ് പനങ്ങാട് പൊലീസിന്റെ പിടിയിലായത്.
പനങ്ങാട് കുമ്പളം സ്വദേശിയും ഡോക്ടറുമായ 75കാരിയിൽനിന്ന് ഓൺലൈൻ ഇടപാടിലൂടെ 65.25 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. ട്രേഡിംഗിലൂടെ വൻതുക ലാഭം വാഗ്ദാനംചെയ്ത് ജനുവരി 22മുതൽ 26വരെ അഞ്ചു ദിവസത്തിനകമാണ് പല തവണകളിൽ വിവിധ അക്കൗണ്ടുകളിലേക്ക് ഡോക്ടർ പണംഅയച്ചത്. ഫേസ്ബുക്കിൽ കേന്ദ്രമന്ത്രിയുടേതായി വന്ന പോസ്റ്റിലെ ലിങ്കിൽ ക്ലിക്ക് ചെയ്തതിനെ തുടർന്നാണ് തട്ടിപ്പ് സംഘത്തിന്റെ വെബ്സൈറ്റിലേക്കും തുടർന്ന് വാട്സാപ്പിലേക്കും എത്തുന്നതും സൈബർതട്ടിപ്പിന് ഇരയായതും. മുതൽമുടക്കും ലാഭവും തിരികെ ആവശ്യപ്പെട്ടപ്പോൾ ഡോക്ടർക്ക് തിരികെക്കിട്ടിയത് 43500രൂപ മാത്രം.
ഡോക്ടർ പണം അയച്ചുകൊടുത്ത അക്കൗണ്ടുകളിൽ ചിലത് അർഷാദിന്റേതും അബ്ദുൾ റഹ്മാന്റേതുമാണെന്ന് തിരിച്ചറിഞ്ഞുള്ള അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. പ്രതികളെ ഇന്നലെ രാത്രിയോടെ പനങ്ങാട് സ്റ്റേഷനിൽ എത്തിച്ചു. തട്ടിപ്പിന് നേതൃത്വം നൽകുന്നവരിൽ ചിലർ ഡൽഹി, ഹരിയാന പൊലീസിന്റെ പിടിയിലായിരുന്നു. ഒരു പ്രതി തിഹാർജയിലിലും മറ്റ് രണ്ട് പ്രതികൾ ഹരിയാന ജയിലിലുമാണ്. ഈ സംഘവുമായി ബന്ധമുള്ള മലയാളികൾ ആദ്യമായിട്ടാണ് പിടിയിലാകുന്നത്. പനങ്ങാട് എസ്.എച്ച്. ഒ വിമലിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്.
കേന്ദ്രമന്ത്രിയുടെ ദൃശ്യം തയ്യാറാക്കിയത് എ.ഐ സാങ്കേതിക വിദ്യയിലൂടെ
ആൾക്കാരെ പറ്റിക്കാൻ സൈബർതട്ടിപ്പുകാർ കേന്ദ്രധനമന്ത്രി നിർമലാ സീതാരാമന്റെ (വീഡിയോ) ദൃശ്യം തയ്യാറാക്കിയത് നിർമിതബുദ്ധി (എ.ഐ) സാങ്കേതിക വിദ്യയിലൂടെ. കേന്ദ്രപദ്ധതിയിൽ പണംനിക്ഷേപിച്ചാൽ മൂന്നുമാസത്തിനകം വലിയതുക ലാഭംകിട്ടുമെന്ന് മന്ത്രി പറയുന്ന ദൃശ്യമാണ് സമൂഹമാദ്ധ്യമത്തിൽ പോസ്റ്റുചെയ്തത്. ഇതിനടിയിലെ ലിങ്കിൽ ക്ലിക്ക്ചെയ്താൽ എത്തുന്ന വെബ്സൈറ്റ് കേന്ദ്രധനമന്ത്രാലയത്തിന്റേത് തോന്നിക്കുന്ന വ്യാജ വെബ്സൈറ്റിലാണ്. നിർമലാ സീതാരാമന്റെ ചിത്രത്തോടുകൂടിയ ഈ വെബ്സൈറ്റിലും പണംമുടക്കേണ്ട പദ്ധതിയെക്കുറിച്ച് വിശദീകരിക്കും. ഒപ്പമുള്ള വാട്സാപ്പ് നമ്പരിലേക്ക് പോകുമ്പോൾ എത്തിച്ചേരുന്നത് തട്ടിപ്പ് സംഘത്തിന്റെ ആൾക്കാരിലേക്കാണ്. വാട്സാപ്പിലൂടെയാണ് പിന്നീടുള്ള ഇടപാടുകൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |