
കണ്ണൂർ: പയ്യന്നൂർ എടാട്ടിൽ സ്വർണവ്യാപാരിയെ ആക്രമിച്ച് പണവും സ്വർണവും കവർന്ന കേസിൽ ബിജെപി പ്രാദേശിക നേതാവ് അറസ്റ്റിൽ. അഞ്ചാം പീടിക സ്വദേശി സനു സന്തോഷാണ് പിടിയിലായത്. മഹാരാഷ്ട്ര സ്വദേശിയായ സ്വർണവ്യാപാരിയെയും കുടുംബത്തെയുമാണ് ഇയാൾ ആക്രമിച്ചത്. ഇവരുടെ കെെവശം ഉണ്ടായിരുന്ന 55 ലക്ഷം രൂപയും സ്വർണവും തട്ടിയെടുത്തിരുന്നു.
കാസർകോട് ഉപ്പളയിൽ നിന്ന് വെള്ളിയാഴ്ച വെകുന്നേരമാണ് പ്രതിയെ പിടികൂടിയത്. ആക്രമണത്തിന് ഉപയോഗിച്ച കാറും പൊലീസ് കണ്ടെത്തി. പ്രതികൾ ഉപയോഗിച്ച മറ്റൊരു കാറും കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. തലശ്ശേരിയിൽ സ്വർണക്കട നടത്തുകയായിരുന്നു മഹാരാഷ്ട്ര സ്വദേശി. ജൂൺ രണ്ടിനാണ് സംഭവം നടന്നത്. എടാട്ടിൽ വച്ച് മഹാരാഷ്ട്ര സ്വദേശിയുടെ കാർ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. ഇന്നോവ കാറിലെത്തിയവരാണ് ആക്രമിച്ചത്. കാറിലുണ്ടായിരുന്നവരെ ആക്രമിച്ച് ഇറക്കിവിട്ട് രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവും കവരുകയായികുന്നു. തുടർന്ന് കാർ കുത്തിക്കീറി നശിപ്പിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്. ബാക്കി പ്രതികളെയും ഉടനെ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |