ഇലന്തൂർ: ഇക്കഴിഞ്ഞ മേയ് 31 മുതൽ ഇടപ്പരിയാരം ആദിനിവാസിൽ ഷിബുവിനെ (42) കാണാതായതുമായി ബന്ധപ്പെട്ട് എറണാകുളത്ത് നിന്ന് പൊലീസിന്റെ കെഡാവർ നായകളെ കൊണ്ടുവന്ന് പരിശോധന നടത്തി.കാണാതായ ദിവസം തന്റെ വീട്ടിൽ കിടന്നുറങ്ങി പുലർച്ചെ സ്വന്തം വീട്ടിലേക്ക് പോയെന്നുള്ള സുഹൃത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ഷിബുവിന്റെ വീട്ടിലേക്കുള്ള മുക്കൂട് വാട്ടർ ടാങ്കിന്റെ പരിസരത്താണ് നായകൾ പരിശോധന നടത്തിയത്. കേസ് അന്വേഷിക്കുന്ന ആറന്മുള പൊലീസും ഒപ്പമുണ്ടായിരുന്നു. ഷിബുവിനെ കാണാതായതുമായി ബന്ധപ്പെട്ട് വീട്ടുകാർ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലക്ക് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ഊർജിതമാക്കിയത്.
കാണാതായ ദിവസം ഷിബുവിന്റെ സ്കൂട്ടർ വാര്യാപുരത്ത് ഉണ്ടായിരുന്നു. വൈകിട്ട് വാര്യാപുരത്ത് ചില ഭാഗങ്ങളിൽ ഷിബുവിനെ കണ്ടവരുണ്ട്. അന്ന് രാത്രി സുഹൃത്തിന്റെ വീട്ടിൽ കിടന്നുറങ്ങി. പുലർച്ചെ വീട്ടിൽ നിന്ന് പോയെന്ന് സുഹൃത്ത് പറഞ്ഞിട്ടുണ്ട്. ഇയാളെയും ഷിബുവിന്റെ മറ്റു സുഹൃത്തുക്കളെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇരുനിറമുള്ള വണ്ണം കുറഞ്ഞ ഷിബു കാവിമുണ്ടും ഷർട്ടും ധരിച്ചാണ് വീട്ടിൽ നിന്ന് പോയത്. ഫോണും എ.ടി.എം കാർഡും കൊണ്ടുപോയിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |