
തിരുവനന്തപുരം: സ്വർണക്കൊള്ള കേസിൽ സി.പി.എം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം എ.പദ്മകുമാറിനെതിരായ അച്ചടക്ക നടപടി സംസ്ഥാന നേതൃത്വം സസ്പെൻഷനിൽ ഒതുക്കിയത് അദ്ദേഹം എഴുതാൻ പോകുന്ന ആത്മകഥയെ ഭയന്നിട്ടെന്ന് സൂചന. ശബരിമല യുവതീ പ്രവേശന വിഷയത്തിൽ കൂടുതൽ വെളിപ്പെടുത്തലുണ്ടായാൽ പാർട്ടി ഗുരുതര പ്രതിസന്ധിയിൽ അകപ്പെടുമെന്ന് വിലയിരുത്തിയാണ് പുറത്താക്കൽ നടപടിക്ക് പാർട്ടി മുതിരാത്തത്.
പുറത്താക്കലെന്ന കടുത്ത നടപടിയിലേക്ക് നീങ്ങിയ സംസ്ഥാന നേതൃത്വത്തെ തന്ത്രപരമായ നീക്കത്തിലൂടെയാണ് പദ്മകുമാർ കീഴ്പ്പെടുത്തിയത്. യുവതീ പ്രവേശനം നടന്നപ്പോൾ തന്നേയും എ.ഡി.ജി.പി എസ്.ശ്രീജിത്തിനേയും ശബരിമലയിൽ നിന്ന് മാറ്റി നിറുത്തിയെന്ന് സുഹൃത്തുക്കളോട് പദ്മകുമാർ പറഞ്ഞെന്ന പ്രചരണമാണ് നടന്നത്. മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്റെ ഓഫീസിനെയായിരുന്നു പദ്മകുമാർ ലക്ഷ്യം വച്ചത്.
ആത്മകഥയിൽ ഇതെല്ലാമുണ്ടാകുമെന്നും പ്രചരണമുണ്ടായി.വെളിപ്പെടുത്തലുണ്ടായാൽ സ്വർണക്കൊള്ള കേസിനെക്കാൾ വലിയ പ്രത്യാഘാതമായിരിക്കും പാർട്ടിക്കുണ്ടാകുകയെന്ന് നേതൃത്വം വിലയിരുത്തി. ജനങ്ങളെ അഭിമുഖീകരിക്കാൻ കഴിയാത്ത സാഹചര്യമുണ്ടാകും. പദ്മകുമാർ പറയുന്നതിനെല്ലാം മാദ്ധ്യമങ്ങൾ വലിയ പ്രചരണം നൽകും. യു.ഡി.എഫും ബി.ജെ.പിയും രാഷ്ട്രീയമായി ഏറ്റെടുക്കും. ജനങ്ങളുടെ വൈകാരികമായ പ്രതികരണങ്ങൾ പാർട്ടി നേതൃത്വത്തിന് നേരിടേണ്ടി വരും. തിരഞ്ഞെടുപ്പിലെ തോൽവിയെക്കാൾ വലിയ പ്രതിസന്ധിയാവും ഇതുണ്ടാക്കുക. പാർലമെന്റ് തിരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷം വീടുകൾ കയറി സി.പി.എം വിശദീകരണം നൽകി അടച്ച അദ്ധ്യായമാണ് ശബരിമല യുവതീ പ്രവേശനം.
കടുത്ത നടപടി വേണമെന്ന ജില്ലാ കമ്മിറ്റിയുടെ നിലപാട് ചർച്ച ചെയ്ത ശേഷമാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. സി.പി.എം നടപടികളിൽ രണ്ടാമത്തെ വലിയ നടപടിയാണ് സസ്പെൻഷനെന്ന് ചൂണ്ടിക്കാണിച്ചാവും വിമർശനങ്ങൾക്ക്
മറുപടി നൽകുക. കുറ്റപത്രത്തിൽ കടുത്ത വകുപ്പുകൾ ചുമത്തിയിട്ടുണ്ടെങ്കിൽ പുറത്താക്കലിലേക്ക് പോകുമെന്നും വ്യക്തമാക്കും. ജയിലിൽ നിന്നും പുറത്തിറങ്ങിയ ശേഷം പദ്മകുമാറിനെ തിരഞ്ഞെടുക്കപ്പെട്ട ചുമതലകളിൽ നിന്നും മാറ്റി നിറുത്തിയിരുന്നു.
നടപടി സസ്പെൻഷനിൽ ഒതുക്കിയത് പാർട്ടി കമ്മിറ്റികളിൽ വീണ്ടും ചർച്ചയാകും. രൂക്ഷമായ വിമർശനങ്ങൾ പാർട്ടി നേതൃത്വത്തിന് നേരിടേണ്ടി വരും.
തോൽവിക്ക് പ്രധാന കാരണം ഭരണവിരുദ്ധ വികാരം:സി.പി.ഐ
നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിൽ സി.പി.എം നിലപാടിനെ തള്ളി സി.പി.ഐ. കനത്ത പരാജയത്തിന് പ്രധാന കാരണം ഭരണ വിരുദ്ധ വികാരമാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടേറിയറ്റ്.
രണ്ടാം പിണറായി സർക്കാരിന്റെ നടപടികളോട് ജനങ്ങൾക്ക് ശക്തമായ എതിർപ്പുണ്ടായിരുന്നു. ഇത് തോൽവിയിൽ മുഖ്യപങ്ക് വഹിച്ചതായും ഇന്നലെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി.
ന്യൂനപക്ഷ ഏകീകരണം, സംഘടനാവീഴ്ച, സ്ഥാനാർത്ഥി നിർണയത്തിലെ പാളിച്ചകൾ എന്നിവയും തോൽവിക്ക് കാരണമായി. താഴെത്തട്ടിലെ ചർച്ചകൾ വിലയിരുത്തിയാണ് സംസ്ഥാന സെക്രട്ടേറിയേറ്റ് റിപ്പോർട്ട് തയാറാക്കിയത്. ഇന്ന് ചേരുന്ന സംസ്ഥാന എക്സിക്യൂട്ടീവ് അന്തിമ റിപ്പോർട്ട് തയാറാക്കും.
മുതിർന്ന സി.പി.ഐ നേതാവ് കെ.ആർ.ചന്ദ്രമോഹനനെ താക്കീത് ചെയ്യാനും സി.പി.ഐ സെക്രട്ടേറിയറ്റ് തീരുമാനിച്ചു. സി.പി.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് പിരിച്ചുവിടണമെന്ന് തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പരസ്യപ്രസ്താവന നടത്തിയതിനാണ് നടപടി. ചന്ദ്രമോഹൻ നൽകിയ വിശദീകരണം പരിഗണിച്ച ശേഷമാണ് താക്കീത് ചെയ്യാൻ തീരുമാനിച്ചത്. നാളെ മുതൽ തുടങ്ങുന്ന സംസ്ഥാന കൗൺസിൽ യോഗത്തിൽ അന്തിമ തീരുമാനമെടുക്കും. കൊല്ലം ജില്ലാ കമ്മിറ്റിയിലെ ക്ഷണിതാവാണ് കെ.ആർ.ചന്ദ്രമോഹൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |