
കൻസാസ് സിറ്റി: ലയണൽ മെസി ആറാം ലോകകപ്പിൽ അവതരിച്ചത് ഹാട്രിക്ക് പ്രഭയിൽ. മെസി ട്രിക്കിൽ പകച്ചുപോയ അൾജീരിയയെ 3-0ത്തിന് കീഴടക്കി നിലവിലെ ചാമ്പ്യന്മാരായ അർജന്റീന ലോകഫുട്ബോളിലെ തുടർഭരണമെന്ന സ്വപ്നത്തിലേക്ക് ആദ്യ ചുവട് വച്ചു.
ഫ്രഞ്ച് പടനായകൻ കിലിയൻ എംബാപ്പെയും നോർവേയുടെ വിസ്‌മയം ഏർലിംഗ് ഹാളണ്ടും രണ്ടു ഗോൾ വീതം നേടി വരവറിയിച്ച ദിനത്തിലാണ് കാൽപ്പന്തിലെ സൂര്യൻ താൻ തന്നെയെന്ന് മെസി വീണ്ടും തെളിയിച്ചത്. കൻസാസ് സിറ്റി സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയ എഴുപത്തിമൂവായിരത്തോളം പേരും ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആരാധകരും മഹാ പ്രതിഭാസത്തിന്റെ മിന്നലാട്ടത്തിൽ കോരിത്തരിച്ചു.
ഫ്രഞ്ച് ഇതിഹാസം സിനദിൻ സിദാന്റെ മകൻ ലൂക്കാ സിദാൻ കാവൽ നിന്ന അൾജീരിയൻ ഗോൾ പോസ്റ്റിലേക്ക് 17, 60, 76 മിനിട്ടുകളിലായിരുന്നു മെസിയുടെ കാലുകളിൽ നിന്ന് വെടിയുണ്ട കണക്കേ പന്ത് പാഞ്ഞെത്തിയത്. 80-ാംമിനിട്ടിൽ അർജന്റീനയുടെ ജയമുറപ്പിച്ച് മെസി തിരിച്ചു കയറുമ്പോൾ കാണികളൊന്നാകെ എഴുന്നേറ്റ് നിന്ന് കൈയടിച്ച് ആദരമറിയിച്ചു.
ഫ്രാൻസ് സെനഗലിനെ 3-1ന് തോൽപ്പിച്ച മത്സരത്തിൽ രണ്ട് ഗോൾ നേടിയ എംബാപ്പെ ലോകകപ്പിൽ ഏറ്രവും കൂടുതൽ ഗോൾ നേടിയവരുടെ പട്ടികയിൽ മെസിയെ മറികടന്നിരുന്നു, (14 ഗോൾ). എന്നാൽ 76 മിനിട്ടിനുള്ളിൽ മെസി ലോകകപ്പിലെ ഗോൾവേട്ടക്കാരിൽ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചെത്തി, (16 ഗോൾ). അർജന്റീനയുടെ ജേഴ്സിയിൽ മെസിയുടെ 200-ാം മത്സരമായിരുന്നു ഇന്നലത്തേത്. അന്താരാഷ്ട്ര ഗോളുകളുടെ എണ്ണം 120.
ഹാപ്പി ഹാളണ്ട്
വർത്തമാനകാല ഫുട്ബോളിലെ ഏറ്റവും അപകടകാരിയായ ഏർലിംഗ് ഹാളണ്ട് ഇരട്ടഗോളുമായി നിറഞ്ഞാടിയ ഗ്രൂപ്പ് ഐയിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ നോർവെ 4-1ന് ഇറാഖിനെ കീഴടക്കി. ഇന്നലെ നടന്ന ഗ്രൂപ്പ് ജെയിലെ മറ്റൊരു മത്സരത്തിൽ ഓസ്ട്രിയ 3-1ന് ജോർദാനെ തോൽപ്പിച്ചു.
മെസിയും റെക്കാഡുകളും
ആറ് ഫിഫ ലോകകപ്പുകളിൽ കളത്തിലിറങ്ങുന്ന ആദ്യ താരമായി ലയണൽ മെസി
ലോകകപ്പിൽ ഏറ്രവും കൂടുതൽ ഗോൾ നേടിയവരിൽ ജർമ്മനിയുടെ ക്ലോസെയ്ക്കൊപ്പമെത്തി
ലോകകപ്പിൽ ഹാട്രിക്ക് നേടുന്ന ഏറ്രവും പ്രായമേറിയ (38 വയസ്) താരമെന്ന റെക്കാഡ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |