ക്രൈസ്റ്റ് ചർച്ച്: വിമർശനങ്ങൾക്കും ചർച്ചകൾക്കും മറുപടി നൽകുന്നതിനേക്കാൾ സ്വന്തം പ്രകടനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് സഞ്ജു സാംസൺ. ടീമിൽ കളിക്കുമ്പോൾ വിമർശനങ്ങളും അഭിപ്രായങ്ങളും സ്വാഭാവികമാണെന്നും സഞ്ജു വ്യക്തമാക്കി. ന്യൂസിലൻഡിനെതിരായ ഒന്നാം ട്വന്റി-20 മത്സരത്തിലെ വിജയത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
"സോഷ്യൽ മീഡിയയിലോ അല്ലാതെയോ ആളുകൾ എന്തുപറയുന്നു എന്ന് ശ്രദ്ധിക്കാൻ നമുക്ക് കഴിയില്ല. നമ്മുടെ പരിശീലനത്തിലും മത്സരത്തിലും പൂർണമായി ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് വേണ്ടത്. ഇന്ത്യൻ ടീമിനായി കളിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല, അത്രമാത്രം ചർച്ചകളും അഭിപ്രായങ്ങളും ചുറ്റുമുണ്ടാകും. എന്നാൽ അവർ പറയുന്നത് തെറ്റാണെന്ന് തെളിയിക്കുക എന്ന ചിന്താഗതിയോടെയല്ല ഞാൻ കളിക്കുന്നത്. ക്രിക്കറ്റിനാണ് ഞാൻ എപ്പോഴും മുൻഗണന നൽകുന്നത്. എന്റെ പരിശീലനത്തെ ഞാൻ ബഹുമാനിക്കുന്നു, കാര്യങ്ങൾ ലളിതമായി കാണാനാണ് എനിക്കിഷ്ടം. പുറത്തുനിന്നുള്ള അഭിപ്രായങ്ങൾ എന്റെ ചിന്താഗതിയെ ബാധിക്കാൻ ഞാൻ അനുവദിക്കാറില്ല," - സഞ്ജു പറഞ്ഞു.
ന്യൂസിലാൻഡ് പര്യടനത്തിലെ ആദ്യ മത്സരത്തിൽ തകർപ്പൻ ചേസിംഗിലാണ് ഇന്ത്യ വിജയിച്ചത്. ഇന്നലെ ക്രൈസ്റ്റ്ചർച്ചിൽ നടന്ന ആദ്യ ട്വന്റി-20യിൽ കിവീസ് ഉയർത്തിയ 225/4 എന്ന സ്കോർ ചേസ് ചെയ്ത ഇന്ത്യ രണ്ട് പന്തുകളും നാലുവിക്കറ്റുകളും ബാക്കിനിൽക്കേയാണ് ജയം കണ്ടത്. മലയാളികളുടെ അഭിമാനമായ സഞ്ജു സാംസണിന്റ അർദ്ധസെഞ്ച്വറിയും (33 പന്തുകളിൽ 67 റൺസ്), ഓപ്പണർ അഭിഷേക് ശർമ്മ (29),ക്യാപ്ടൻ ശ്രേയസ് അയ്യർ (42), നമാൻ ധിർ (42നോട്ടൗട്ട്) എന്നിവരുടെ പോരാട്ടങ്ങളുമാണ് ഇന്ത്യയ്ക്ക് അഭിമാന വിജയം നൽകിയത്.
എട്ടുഫോറുകളും നാലുസിക്സുകളും പറത്തി ഇന്ത്യൻ വിജയത്തിന് അടിത്തറയിട്ട സഞ്ജുവാണ് പ്ളേയർ ഒഫ് ദ മാച്ച്. ഇതോടെ ഇന്ത്യ അഞ്ചുമത്സരപരമ്പരയിൽ 1-0ത്തിന് മുന്നിലെത്തി. പരമ്പരയിലെ രണ്ടാം മത്സരം ശനിയാഴ്ച ഇതേവേദിയിൽ നടക്കും.
Sanju Samson stated he focuses on performance, not external criticisms, after his Man-of-the-Match winning 67 runs helped India clinch the first T20 against New Zealand. India successfully chased down 225, securing a 1-0 lead in the five-match series. He emphasized prioritizing training over public opinion.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |