SignIn
Kerala Kaumudi Online
Friday, 23 October 2026 12.52 PM IST

ഇന്ത്യയെ വെട്ടാൻ പാകിസ്ഥാന്റെ പുതിയ നീക്കം; മാലദ്വീപുമായി ഒപ്പുവച്ചത് 20 ധാരണാപത്രങ്ങൾ

muhammed-muizzu
മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു, പാകിസ്ഥാൻ ഫീൽഡ് മാർഷൽ അസിം മുനീർ

ന്യൂഡൽഹി: ഇന്ത്യയും മാലദ്വീപും തമ്മിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി നിലനിൽക്കുന്ന അസ്വാരസ്യങ്ങൾക്കിടെ പാകിസ്ഥാനുമായുള്ള സഹകരണം ശക്തിപ്പെടുത്തി മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു. ഒക്‌ടോബർ 20 മുതൽ 22വരെ നീണ്ടുനിന്ന മുഹമ്മദ് മുയിസുവിന്റെ പാകിസ്ഥാൻ സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തിൽ പുതിയ തുടക്കമായി.

പ്രതിരോധം, സമുദ്രസുരക്ഷ, പൊലീസ് സഹകരണം, വ്യാപാരം തുടങ്ങി വിവിധമേഖലകളിലായി 20 ധാരണാപത്രങ്ങളിലാണ് മുയിസു ഒപ്പുവച്ചത്. മൂന്നുദിവസം നീണ്ടുനിന്ന സന്ദർശനത്തിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്‌ബാസ് ഷെരീഫ്, ഉപപ്രധാനമന്ത്രി ഇഷാഖ് ദാർ, സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ എന്നിവരുമായി മുയിസു കൂടിക്കാഴ്‌ച നടത്തി. 11 വർഷത്തിനുശേഷമാണ് മാലദ്വീപ് പ്രസിഡന്റ് പാകിസ്ഥാൻ സന്ദർശിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിൽ നയതന്ത്രബന്ധം സ്ഥാപിച്ചതിന്റെ 60-ാം വാർഷികത്തോടനുബന്ധിച്ചായിരുന്നു മുയിസുവിന്റെ സന്ദർശനം. 1966 ജൂലായിലാണ് മാലദ്വീപും പാകിസ്ഥാനും നയതന്ത്രബന്ധം സ്ഥാപിച്ചത്.

സന്ദർശനത്തിൽ പ്രതിരോധ സഹകരണത്തിനും സമുദ്രസുരക്ഷയ്‌ക്കും പുറമെ സാങ്കേതിക വിദ്യ, സൈബർ സുരക്ഷ, ആരോഗ്യം, വിദ്യാഭ്യാസം, മത്സ്യബന്ധനം, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളിലും സഹകരണം വ്യാപിപ്പിക്കാനാണ് ധാരണയായത്. നിലവിലെ 13 മില്യൺ ഡോളറായ ഉഭയകക്ഷി വ്യാപാരം അടുത്ത രണ്ട് വർഷത്തിനുള്ളിൽ 200 മില്യൺ ഡോളറായി ഉയർത്താനും ഇരുരാജ്യങ്ങളും ലക്ഷ്യമിടുന്നു.

ഇന്ത്യൻ മഹാസമുദ്രത്തിലെ പ്രധാന കപ്പൽഗതാഗത പാതകൾക്ക് സമീപം സ്ഥിതി ചെയ്യുന്ന മാലദ്വീപ് ഇന്ത്യയുടെ തന്ത്രപ്രധാനമായ അയൽരാജ്യമാണ്. ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ സുരക്ഷയിലും സമുദ്രഗതാഗതത്തിലും മാലദ്വീപിന് നിർണായക സ്ഥാനമുണ്ട്. മാലദ്വീപിൽ അടിയന്തര മെഡിക്കൽ സഹായങ്ങൾക്കായി ഉപയോഗിച്ചിരുന്ന വിമാനങ്ങളുടെ പ്രവർത്തനവും പരിപാലനവും നിർവഹിക്കാൻ ഇന്ത്യ സൈനിക ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നു. എന്നാൽ 2023ൽ 'ഇന്ത്യ ഔട്ട്' പ്രചാരണത്തിന്റെ പിന്തുണയോടെ അധികാരത്തിലെത്തിയ മുയിസുവിന്റെ സർക്കാർ ഈ ഉദ്യോഗസ്ഥരെ പിൻവലിച്ച് ആ സ്ഥാനത്ത് സിവിലിയൻ സാങ്കേതിക വിദഗ്‌ദ്ധരെ നിയമിക്കാൻ ആവശ്യപ്പെടുകയായിരുന്നു. 2024 മേയിൽ ഈ മാറ്റം നടപ്പിലായി.

ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധത്തിൽ വിള്ളലുകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ പാകിസ്ഥാനുമായി പ്രതിരോധ-സുരക്ഷാ സഹകരണം ശക്തിപ്പെടുത്താനുള്ള മുയിസുവിന്റെ നീക്കം കൂടുതൽ ചർച്ചയാവുകയാണ്.

English Summary

Maldives President Muizzu signed 20 agreements with Pakistan to boost defence, security and trade ties amid tensions with India.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MALDIVES, MUHAMMED MUIZZU, INDIA-MALDIVES RALATION, DEFENCE COOPERATION, INDIAN OCEAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360