
ചെന്നൈ: തമിഴ് പിന്നണിഗായകൻ കൃഷ്ണരാജ് രാമസ്വാമി (75) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
സംഗീത ജീവിതത്തിൽ ഏറ്റവും കൂടുതൽ ഒരുമിച്ച് പ്രവർത്തിച്ച സംഗീത സംവിധായകൻ ദേവ അന്തരിച്ച് അഞ്ചുദിവസം പിന്നിട്ടപ്പോഴാണ് കൃഷ്ണരാജിന്റെയും വിയോഗം.
നെയ്ത്തുകാരനായിരുന്ന കൃഷ്ണരാജ് 90കളിലാണ് പിന്നണി ഗാനരംഗത്തെത്തുന്നത്. നാടൻ ശൈലിയിലുള്ള ആലാപനത്തിലൂടെ ശ്രദ്ധനേടി. 1997ൽ പൊർക്കാലം എന്ന ചിത്രത്തിനായി ദേവയൊരുക്കിയ 'തഞ്ചാവൂരു മണ്ണു എടുത്ത്' എന്ന ഗാനത്തിലൂടെ തമിഴ്നാട് സർക്കാരിന്റെ മികച്ച പിന്നണി ഗായകനുള്ള അവാർഡ് ലഭിച്ചു. സിംഗപ്പൂർ മുൻ പ്രസിഡന്റ് എസ്.ആർ. നാഥന്റെ ആഗ്രഹമനുസരിച്ച് അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങിൽ ഈ ഗാനം കേൾപ്പിച്ചതോടെ അന്താരാഷ്ട്ര തലത്തിലും കൃഷ്ണരാജ് ശ്രദ്ധനേടി. ഭക്തിഗാനങ്ങളുൾപ്പെടെ 3000ത്തിലധികം പാട്ടുകൾ പാടിയിട്ടുണ്ട്. ഇളയരാജ, എ.ആർ. റഹ്മാൻ, യുവൻ ശങ്കർ രാജ തുടങ്ങി പല തലമുറ സംഗീത സംവിധായകർക്കൊപ്പം പ്രവർത്തിച്ചു. കലൈമാമണി പുരസ്കാരമുൾപ്പെടെ ലഭിച്ചിട്ടുണ്ട്. സ്വദേശമായ സേലം ജില്ലയിലെ വെമ്പടിത്താളത്ത് ഇന്ന് ഉച്ചയ്ക്ക് സംസ്കാര ചടങ്ങുകൾ നടക്കും. ഭാര്യ പരേതയായ മോഹനാംബാൾ, മക്കൾ: ജീവരേഖ, ഗീതപ്രീയ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |