
ഇന്ത്യ- ന്യൂസിലാൻഡ് ആദ്യ ട്വന്റി-20 ഇന്ന്
ക്രൈസ്റ്ര് ചർച്ച്: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ന്യൂസിലാൻഡ് പര്യടനത്തിലെ ആദ്യ മത്സരം ഇന്ന്. ക്രൈസ്റ്റ് ചർച്ചിലെ ഹാഗ്ലി ഓവൽ സ്റ്റേഡിയത്തിൽ ഇന്ന് ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.30ന് തുടങ്ങുന്ന ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരത്തോടെയാണ് ഇന്ത്യയുടെ ന്യൂസിലാൻഡ് പര്യടനം ഔദ്യോഗികമായി ആരംഭിക്കുന്നത്.ട്വന്റി-20 ലോകകപ്പ് ഫൈനലിന് ശേഷം ഇരുടീമും മുഖാമുഖം വരുന്ന ആദ്യ മത്സരമാണ് ഇന്നത്തേത്. വെസ്റ്റിൻഡീസിനെതിരായ ട്വന്റി-20 പരമ്പരയ്ക്ക് തൊട്ടു പിന്നാലെ ന്യൂസിലാൻഡിലെത്തിയ ഇന്ത്യ അധികം വിശ്രമമില്ലാതെയാണ് ശക്തരായ എതിരളികളെ നേരിടാൻ ഇറങ്ങുന്നത്.
ശ്രേയസ് അയ്യരുടെ നേതൃത്വത്തിൽ ന്യൂസിലാൻഡിന്റെ വെല്ലുവിളി നേരിടാനിറങ്ങുന്ന ഇന്ത്യൻ ടീമിൽ മലയാളി താരം സഞ്ജു സാംസൺ, അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ എന്നീ വെടിക്കെട്ട് ബാറ്റർമാരുടെ പ്രകടനം നിർണായകമാകും. നാല് വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ ടീമിൽ തിരിച്ചെത്തിയ പേസർ ഭുവനേശ്വർ കുമാറിന് അനുയോജ്യമായ സാഹചര്യമാണ് ന്യൂസിലാൻഡിലേത്. പരിക്കിൽ നിന്ന് മോചിതനായി വരുൺ ചക്രവർത്തിയും ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്.
മിച്ചൽ സാന്റ്നറുടെ നേതൃത്വത്തിലിറങ്ങുന്ന കിവീസ് ടീമിൽ പരിക്കേറ്റ രചിൻ രവീന്ദ്രയുടെ അഭാവമാണ് തിരിച്ചടി.
സാധ്യതാ ടീം
ഇന്ത്യ-അഭിഷേക് ശർമ്മ, സഞ്ജു സാംസൺ , ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ , തിലക് വർമ്മ, ശിവം ദുബെ, നിതീഷ് കുമാർ ,അക്ഷർ പട്ടേൽ,ഭുവനേശ്വർ കുമാർ, പ്രിൻസ് യാദവ്/ വരുൺ ചക്രവർത്തി,
ന്യൂസിലാൻഡ് - ഫിൻ അലൻ, ടിം സെയ്ഫെർട്ട്, ഡെവോൺ കോൺവേ, ഗ്ലെൻ ഫിലിപ്പ്സ്, ഡാരിൽ മിച്ചൽ, മൈക്കൽ ബ്രേസ്വെൽ, മിച്ചൽ സാന്റ്നർ , നഥാൻ സ്മിത്ത്, കൈൽ ജാമിസൺ, മാറ്റ് ഹെൻറി, ലോക്കി ഫെർഗൂസൺ.
നേർക്കുനേർ
ട്വന്റി-20യിൽ ഇതുവരെ മുഖാമുഖം വന്ന 31 മത്സരങ്ങളിൽ 17ലും ഇന്ത്യ ജയിച്ചു. 11 എണ്ണത്തിൽ ന്യൂസിലാൻഡും. മൂന്ന് മത്സരങ്ങൾ ടൈ ആയി.
ലൈവ്
സോണി സ്പോർട്സ് ചാനലുകളിലും സോണി ലിവിലും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |