ക്രൈസ്റ്റ്‌ചർച്ച്: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ന്യൂസിലാൻഡ് പര്യടനം നാളെമുതൽ ആരംഭിക്കുകയാണ്. കൗമാരതാരം വൈഭവ് സൂര്യവംശിയെ പ്‌ളെയിംഗ് ഇലവനിൽ ഉൾപ്പെടുത്തുമോ എന്ന കാര്യത്തിൽ ഏറെ ചർച്ചകൾ നടക്കുന്നുണ്ട്. ഇതിനിടെ ഇക്കാര്യത്തിൽ വ്യക്തമായൊരു മറുപടി നൽകിയിരിക്കുകയാണ് ഇന്ത്യൻ ട്വന്റി20 ക്യാപ്റ്റൻ ശ്രേയസ് അയ്യർ.
ഓപ്പണർമാരായ സഞ്ജു സാംസണും അഭിഷേക് ശർമ്മയും നല്ലരീതിയിൽ കളിക്കുന്നുണ്ടെന്നും അവർ നല്ല രീതിയിൽ സ്‌കോർ കണ്ടെത്തുന്നുമുണ്ടെന്നും പറഞ്ഞ ശ്രേയസ് വൈഭവിന് വർഷങ്ങളോളം അവസരങ്ങൾകിട്ടാൻ സമയമുണ്ടെന്നും പ്രതികരിച്ചു. ക്രൈസ്റ്റ് ചർച്ചിലെ ഹെഗിലി ഓവലിൽ ആദ്യ ട്വന്റി20 മത്സരത്തിന് മുന്നോടിയായി മാദ്ധ്യമങ്ങളോട് പ്രതികരിക്കവെയാണ് ശ്രേയസ് കൗമാരതാരത്തെക്കുറിച്ച് പറഞ്ഞത്.
'വൈഭവിനെപ്പോലൊരു പ്രതിഭ ടീം ഡ്രസിംഗ് റൂമിൽ എപ്പോഴും സന്തോഷവാനായിരിക്കേണ്ടത് പ്രധാനമാണ്. അവൻ വളരെ ചെറുപ്പമാണ്. അവസരങ്ങൾ ലഭിക്കാൻ ഇനിയും ധാരാളം വർഷങ്ങൾ മുന്നിലുണ്ട്. നമ്മുടെ ഓപ്പണർമാർ സ്ഥിരമായി റൺസ് നേടിക്കൊണ്ടിരിക്കുകയും ലോകകപ്പ് വിജയിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ അവന് പെട്ടെന്ന് ടീമിലേക്ക് കടന്നുവരാൻ കഴിയില്ല.'- ശ്രേയസ് വ്യക്തമാക്കുന്നു.
വിദേശപര്യടനങ്ങൾക്ക് എത്തുമ്പോൾ ഇത്തരം പിച്ചുകളിൽ എങ്ങനെ കളിക്കണമെന്ന് അദ്ദേഹത്തിന് വ്യക്തമായ ധാരണ ലഭിക്കും. അടുത്തതവണ ഇത്തരമൊരു പിച്ചിൽ കളിക്കാനെത്തുമ്പോൾ വൈഭവ് പൂർണതോതിൽ തയ്യാറായിരിക്കുമെന്നും മറ്റ് അംഗങ്ങൾക്ക് നിർദ്ദേശം നൽകാനടക്കം അദ്ദേഹത്തിന് കഴിയുമെന്നും ശ്രേയസ് അയ്യർ പറഞ്ഞു.
അഫ്‌ഗാൻ,അയർലണ്ട് പര്യടന ശേഷം അധികസമയം ലഭിക്കാതെയാണ് ഇന്ത്യ ന്യൂസിലാൻഡ് പര്യടനത്തിന് എത്തിയിരിക്കുന്നത്. എങ്കിലും എങ്ങനെ പരമ്പര നേടാം എന്നതിനെക്കുറിച്ചാണ് ഡ്രസിംഗ് റൂമിലും ഗ്രൗണ്ടിലും ചർച്ച നടക്കാറെന്ന് ശ്രേയസ് പറയുന്നു. ഇന്ത്യയിലെ ഫ്ളാറ്റ് പിച്ചുകളിൽ നിന്ന് ന്യൂസിലാന്റിലെ പേസ് ബൗളിംഗിന് അനുകൂലമായ പിച്ചിലേക്ക് എത്തുമ്പോൾ തീർത്തും വ്യത്യസ്‌തമാകും മത്സരമെന്നാണ് ടീം കരുതുന്നത്.
ടീമിലെ തന്റെ സ്ഥാനത്തെക്കുറിച്ചും ചർച്ചകൾക്ക് ശ്രേയസ് മറുപടി പറഞ്ഞു. മൂന്നാമനായ ഇഷാൻ കിഷന്റെ മികച്ച പ്രകടനമുള്ളതിനാൽ ബാറ്റിംഗ് സ്ഥാനം മാറ്റേണ്ട കാര്യമില്ലെന്നാണ് ഇന്ത്യൻ ക്യാപ്റ്റന്റെ അഭിപ്രായം.
Indian T20 captain Shreyas Iyer addressed queries regarding young Vaibhav Suryavanshi's inclusion as India's New Zealand tour commences. Iyer stated Vaibhav is young and has ample time for opportunities. He highlighted the consistent performance of openers Sanju Samson and Abhishek Sharma, indicating their form makes immediate changes to the playing eleven unlikely for the promising talent.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |