SignIn
Kerala Kaumudi Online
Friday, 23 October 2026 1.34 AM IST

കായികക്കുതിപ്പിന് ഇനി മൂന്ന് നാൾ

school-sports

കോഴിക്കോട്: കായിക പ്രതിഭകളുടെ കരുത്തും വേഗവും പോരാട്ട വീര്യവും മാറ്റുരയ്ക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് 25ന് തിരിതെളിയും. വൈകിട്ട് നാലിന് എൻ.ഐ.ടി സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടനചടങ്ങിൽ ഒളിമ്പ്യൻ ഡോ. പി.ടി. ഉഷ എം.പി ദീപശിഖ തെളിയിക്കും. മുഖ്യമന്ത്രി വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും. നാലായിരത്തോളം കായിക താരങ്ങൾ അണിനിരക്കുന്ന മാർച്ച് പാസ്റ്റും മൂവായിരത്തോളം കുട്ടികൾ പങ്കെടുക്കുന്ന സാംസ്കാരിക പരിപാടികളും നടക്കും. സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്നായി 10,000 കായികതാരങ്ങളും ഒഫീഷ്യലുകളും പരിശീലകരും ഉൾപ്പെടെ 15,000-ലേറെ പേർ പങ്കെടുക്കും. പൊതുവിദ്യാഭ്യാസ മന്ത്രി അഡ്വ. എൻ. ഷംസുദ്ദീൻ അദ്ധ്യക്ഷത വഹിക്കും.കോഴിക്കോട് എൻ.ഐ.ടിയിലെ നവീകരിച്ച സിന്തറ്റിക് ട്രാക്കിൽ നടക്കുന്ന ആദ്യ വലിയ കായികമേളയാണിതെന്ന് സംഘാടക സമിതി ചെയർമാൻ എം.എ റസാഖ് എം.എൽ.എ പറഞ്ഞു. ഉദ്ഘാടനശേഷം ജനപ്രതിനിധികൾക്കായി 100 മീറ്റർ ഓട്ടം, ഷോട്ട്പുട്ട് മത്സരങ്ങൾ, 50 വയസിന് മുകളിലും താഴെയുമുള്ള പുരുഷ-വനിതാ വിഭാഗങ്ങളിലായി നടക്കും. സമാപന സമ്മേളനം 31ന് വൈകിട്ട് നാലിന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ഒളിമ്പ്യൻ അഞ്ജു ബോബി ജോർജ് വിശിഷ്ടാതിഥിയാകും. താരങ്ങൾക്കുള്ള പുരസ്കാരങ്ങൾക്കൊപ്പം ചീഫ് മിനിസ്റ്റേഴ്സ് ട്രോഫിയും വിതരണം ചെയ്യും. വാർത്താ സമ്മേളനത്തിൽ എം.എൽ.എമാരായ കെ. പ്രവീൺകുമാർ, പാറക്കൽ അബ്ദുല്ല, വി.കെ ഫൈസൽ ബാബു, സ്റ്റേറ്റ് സ്പേർട്‌സ് ഓർഗനൈസർ അജിത് വർഗീസ് എന്നിവരും പങ്കെടുത്തു.

10 വേദികൾ

പത്ത് വേദികളിലായാണ് മത്സരങ്ങൾ. അത്‌ലറ്റിക്സ് ഒക്ടോബർ 27 മുതൽ 31 വരെ എൻ.ഐ.ടി. ക്യാമ്പസിൽ. സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി 2,800 താരങ്ങൾ മാറ്റുരയ്ക്കും. 30ന് ക്രോസ് കൺട്രി, ഇൻക്ലൂസീവ് അത്‌ലറ്റിക്സ്, ഇൻക്ലൂസീവ് ഫുട്ബോൾ മത്സരങ്ങളും ഇവിടെയാണ്.

ബാഡ്മിന്റൺ, ഇൻക്ലൂസീവ് ബാഡ്മിന്റൺ മത്സരങ്ങൾക്ക് ദേവഗിരി സെന്റ് ജോസഫ് കോളേജ് ഇൻഡോർ സ്റ്റേഡിയം വേദിയാകും. പെൺകുട്ടികളുടെ ബാസ്കറ്റ്ബോൾ ചെവായൂർ പ്രസന്റേഷൻ ഹയർ സെക്കൻഡറി സ്കൂളിലും ആൺകുട്ടികളുടെ ബാസ്കറ്റ്ബോൾ സിൽവർ ഹിൽസ് പബ്ലിക് സ്കൂളിലും നടക്കും. വടംവലി, ഇൻക്ലൂസീവ് ക്രിക്കറ്റ് മത്സരങ്ങൾ കുന്ദമംഗലം ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിക്കും.
കരാട്ടെ, വുഷു, സോഫ്റ്റ്ബോൾ, ബേസ്ബോൾ, ബാൾ ബാഡ്മിന്റൺ മത്സരങ്ങൾ കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്കൂളിലും വാദി റഹ്മ ഇംഗ്ലീഷ് സ്കൂളിലുമായി നടക്കും. യോഗ മത്സരങ്ങൾക്ക് ചാത്തമംഗലം ആർ.ഇ.സി. ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളും നെറ്റ്ബോൾ, ത്രോബോൾ മത്സരങ്ങൾക്ക് പെരുവയൽ സെന്റ് സേവ്യേഴ്സ് യു.പി. സ്കൂളും വേദിയാകും. 26ന് നടക്കുന്ന ഇൻക്ലൂസീവ് മത്സരങ്ങളിൽ 2,000ത്തിലധികം ഭിന്നശേഷി താരങ്ങൾ പങ്കെടുക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SCHOOL SPORTS MEET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360