വെല്ലിംഗ്ടൺ: ന്യൂസിലാൻഡിനെതിരായ രണ്ടാം ട്വന്റി 20 മത്സരത്തിൽ ഇന്ത്യൻ യുവതാരം വൈഭവ് സൂര്യവംശിക്ക് പ്ലേയിംഗ് ഇലവനിൽ ഇടം ലഭിച്ചേക്കും. വെസ്റ്റ് ഇൻഡീസിനെതിരായ ട്വന്റി 20 പരമ്പരയിലും ന്യൂസിലാൻഡിനെതിരായ ആദ്യ മത്സരത്തിലും ഒഴിവാക്കപ്പെട്ട സൂര്യവംശിക്ക് ഇഷാൻ കിഷന്റെ പരിക്കിലൂടെ ഗ്രൗണ്ടിലിറങ്ങാൻ അവസരം ലഭിക്കുമെന്നാണ് സൂചന. ക്രൈസ്റ്റ് ചർച്ചിലെ ഹാഗ്ലി ഓവലിൽ നാളെയാണ് രണ്ടാം ട്വന്റി 20 മത്സരം.
ഇഷാൻ കിഷന് പരിക്കേറ്റതിനെ തുടർന്നാണ് ആദ്യ ട്വന്റി 20യിലെ ബാറ്റിംഗ് ക്രമത്തിൽ മാറ്റം വരുത്തിയതെന്ന് ഇന്ത്യൻ ബാറ്റിംഗ് പരിശീലകൻ സിതാൻഷു കോട്ടക് വ്യക്തമാക്കി. ഇഷാന്റെ അഭാവത്തിൽ തിലക് വർമ്മയെയും ശ്രേയസ് അയ്യരെയും ബാറ്റിംഗ് ക്രമത്തിൽ മുന്നിലേക്ക് കൊണ്ടുവന്നത് ഇതിന്റെ ഭാഗമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. പരിക്കിനെതുടർന്ന് രണ്ടാം മത്സരത്തിലും താരം കളിക്കാൻ സാദ്ധ്യത കുറവാണെന്നും കോട്ടക് മാദ്ധ്യമങ്ങളോട് പറഞ്ഞു. പിന്നാലെ ഇഷാൻ കിഷനെ രണ്ടാം ട്വന്റി 20യിൽനിന്ന് ഒഴിവാക്കിയതായി ബിസിസിഐ ഔദ്യോഗികമായി അറിയിച്ചു. താരത്തിന്റെ ആരോഗ്യസ്ഥിതി മെഡിക്കൽ സംഘം നിരീക്ഷിച്ചുവരികയാണെന്നും ബോർഡ് അറിയിച്ചു.
ഇഷാൻ കളിക്കാത്ത സാഹചര്യത്തിൽ വൈഭവ് സൂര്യവംശിക്ക് അവസരം ലഭിക്കുമോയെന്ന ചോദ്യത്തിന് സാദ്ധ്യത കൂടുതലാണെന്നായിരുന്നു കോട്ടക്കിന്റെ മറുപടി. 'ഇഷാൻ പൂർണമായി സുഖം പ്രാപിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ മെഡിക്കൽ സംഘം നൽകുന്ന നിർദേശങ്ങൾക്കനുസരിച്ചായിരിക്കും തീരുമാനം. അങ്ങനെയെങ്കിൽ ഇഷാന്റെ പകരക്കാരനായി ഇറങ്ങാൻ വൈഭവിന് തീർച്ചയായും കഴിയും. ടീമിൽ ഏറ്റവും കൂടുതൽ പരിഗണിക്കപ്പെടുന്ന താരങ്ങളിൽ ഒരാളാണ് വൈഭവ്'- കോട്ടക് പറഞ്ഞു.
അതേസമയം, വൈഭവ് സൂര്യവംശിയെ ഓപ്പണറായി ഇറക്കുമെന്ന അഭ്യൂഹങ്ങൾ നേരത്തെ ഇന്ത്യൻ നായകൻ ശ്രേയസ് അയ്യർ തള്ളിക്കളഞ്ഞിരുന്നു. അഭിഷേക് ശർമ്മയും സഞ്ജു സാംസണും നല്ലരീതിയിൽ റൺസ് നേടുന്നതിനാൽ ഓപ്പണിംഗ് സ്ഥാനത്ത് മാറ്റം വരുത്തേണ്ട സാഹചര്യമില്ലെന്നായിരുന്നു ശ്രേയസിന്റെ നിലപാട്.
Vaibhav Sooryavanshi could feature in India’s playing XI for the second T20I against New Zealand after Ishan Kishan was ruled out due to injury.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |