SignIn
Kerala Kaumudi Online
Sunday, 28 June 2026 4.21 PM IST

'അയർലണ്ട് പര്യടനത്തെ 'പിക്‌നിക്' പോലെ കണ്ടു', ലോക ചാമ്പ്യന്മാർക്ക് ഐറിഷ് മണ്ണിൽ അടിതെറ്റിയതിന് കാരണം

shreyas-iyer

ബെൽഫാസ്റ്റ്: ട്വന്റി-20 ലോക ചാമ്പ്യൻമാരായതിന് തൊട്ടുപിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് നാണക്കേട് നിറഞ്ഞ തോൽവിയാണ് അയർലണ്ടിൽ നിന്ന് നേരിട്ടത്. ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും വലിയ അട്ടിമറികളിലൊന്നായി മത്സരം വിലയിരുത്തപ്പെടുന്നു. ഇപ്പോഴിതാ ഇന്ത്യൻ ടീമിന്റെ അലംഭാവത്തെ കടുത്ത ഭാഷയിലാണ് മുൻ ഇന്ത്യൻ ഓപ്പണർ സദഗോപൻ രമേശ് വിമർശിച്ചത്. ഇന്ത്യൻ താരങ്ങൾ അയർലണ്ട് പര്യടനത്തെ 'പിക്നിക്' പോലെയാണ് കണ്ടതെന്ന് അദ്ദേഹം വിമർശിച്ചു. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം ഇന്ത്യൻ ടീമിനെതിരെ സംസാരിച്ചത്.

'ഇന്ത്യ നിസാരമായാണ് ഈ മത്സരത്തെ സമീപിച്ചതെന്ന് വ്യക്തമാണ്. ഐറിഷ് പരമ്പര ഒരു പിക്നിക് ടൂർ ആണെന്നും മത്സരം എളുപ്പത്തിൽ ജയിക്കാമെന്നും അവർ കരുതി. ഇതിനുശേഷം വരാനിരിക്കുന്ന ഇംഗ്ലണ്ട് പരമ്പരയെ മാത്രമാണ് അവർ ഗൗരവത്തോടെ കണ്ടത്. എന്നാൽ ഇത് പിക്നിക് സ്‌പോട്ടല്ലെന്ന് അയർലണ്ട് ഇന്ത്യയെ പഠിപ്പിച്ചു വിട്ടു.

ireland-cricket

അയർലണ്ട് പരമ്പര ആദ്യം നിശ്ചയിച്ചിരുന്നതുപോലുമല്ല. ഇംഗ്ലണ്ട് പരമ്പരയ്ക്ക് മുൻപുള്ള ഒരു അച്ചാർ മാത്രമാണ് ഇന്ത്യ ഇതിനെ കണ്ടത്. എന്നാൽ ആ അച്ചാറിന്റെ എരിവ് താങ്ങാൻ ഇന്ത്യക്ക് കഴിഞ്ഞില്ല എന്നത് നാണക്കേടാണ്. എന്ത് ന്യായീകരണങ്ങൾ നിരത്തിയാലും ഈ തോൽവി ഇന്ത്യൻ ടീമിന് ഏൽക്കേണ്ടി വന്ന ഏറ്റവും വലിയ തോൽവിയാണ്. അമിത ആത്മവിശ്വാസം ഒട്ടും നല്ലതല്ല. അതുതന്നെയാണ് ഇന്ത്യയുടെ കഥ കഴിച്ചതും.

'ആനയ്ക്കും അടിതെറ്റാറുണ്ട് എന്നതൊക്കെ ശരിതന്നെ. പക്ഷേ അത് അയർലണ്ടിനോട് എങ്ങനെ സംഭവിക്കും? ലോകകപ്പ് ഫൈനലിന് ശേഷം ഇന്ത്യ കളിക്കുന്ന ആദ്യ ട്വന്റി-20 മത്സരമാണിത്. ഒരു മാസത്തെ ലോകകപ്പിന് പിന്നാലെ മൂന്ന് മാസത്തോളം താരങ്ങൾ ഐപിഎല്ലും കളിച്ചു. അങ്ങനെ തുടർച്ചയായി നാല് മാസം ട്വന്റി-20 ക്രിക്കറ്റ് കളിച്ച ടീം അയർലണ്ടിനോട് തോറ്റത് ഒരിക്കലും ന്യായീകരിക്കാൻ കഴിയില്ല,'- മുൻ താരം കൂട്ടിച്ചേർത്തു.


മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ അയർലണ്ടിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. നിശ്ചിത 20 ഓവറിൽ അയർലൻഡ് 182 റൺസ് അടിച്ചുകൂട്ടി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 148 റൺസിന് തകർന്നടിഞ്ഞു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഹർഷിത് റാണയും, 20 പന്തിൽ 49 റൺസെടുത്ത ഓപ്പണർ അഭിഷേക് ശർമ്മയും മാത്രമാണ് ഇന്ത്യൻ നിരയിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. മറ്റാർക്കും തിളങ്ങാനായില്ല. പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും മത്സരം ഇന്ന് നടക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, SPORTS, IRISH CRICKET, SHREYAS IYER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360