SignIn
Kerala Kaumudi Online
Sunday, 28 June 2026 4.24 PM IST

15,000 പേരെ കൂട്ടക്കൊല ചെയ്യാൻ ശ്രമം: മുഹറം പരിപാടിയിൽ വിഷ ഗുളികകളുമായി ഒരാൾ പിടിയിൽ

READ ENGLISH VERSION
fayaaz-premji

മുംബയ്: മൊഹറം ഘോഷയാത്രയിൽ പങ്കെടുത്തവരെ കൂട്ടക്കൊല ചെയ്യാൻ വിഷഗുളികകൾ വിതരണം ചെയ്ത യുവാവ് അറസ്റ്റിൽ. മുംബയിലെ ബൈക്കുള മേഖലയിൽ നിന്നും ഫയാസ് പ്രേംജി എന്നയാളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാൾ നൽകിയ ഗുളികകൾ കഴിച്ച പതിനൊന്നോളം പേർക്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതിനെത്തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്.

റേ റോഡിലെ റഹ്മതാബാദ് ശ്മശാനത്തിന് സമീപം നടന്ന ആശൂറ ഘോഷയാത്രയ്ക്കിടെയാണ് പ്രതി ഗുളികകൾ വിതരണം ചെയ്തത്. തിരക്ക് മുതലെടുത്ത് ഇവ വേദനസംഹാരികളും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന മരുന്നുകളുമാണെന്ന് വിശ്വസിപ്പിച്ചാണ് ആളുകൾക്ക് നൽകിയത്. പൊലീസ് നൽകുന്ന വിവരമനുസരിച്ച് പ്രതി വിതരണം ചെയ്ത കാപ്സ്യൂളുകളിൽ മാരകമായ സിങ്ക് ഫോസ്‌ഫൈഡ് എന്ന വിഷ പദാർത്ഥം അടങ്ങിയിട്ടുണ്ടെന്ന് സ്ഥിരീകരിച്ചു. എലിവിഷത്തിലും മറ്റ് കീടനാശിനികളിലും ഉപയോഗിക്കുന്ന അത്യന്തം അപകടകരമായ രാസവസ്തുവാണിത്. കുറഞ്ഞത് 15,000 ആളുകളെയെങ്കിലും കൂട്ടക്കൊല ചെയ്യുകയാണ് തന്റെ ലക്ഷ്യമെന്ന് ചോദ്യംചെയ്യലിൽ പ്രതി പൊലീസിനോട് സമ്മതിച്ചു.


മൂന്ന് വനിതാ വോളന്റിയർമാരുടെ ഇടപെടലാണ് പതിനായിരക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിച്ചത്. ഫയാസ് പ്രേംജി സംശയാസ്പദമായ രീതിയിൽ ഗുളികകൾ വിതരണം ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ട ഇവർ ഉടൻ തന്നെ ഇയാളെ തടയുകയും പൊലീസിൽ വിവരമറിയിക്കുകയുമായിരുന്നു. വോളന്റിയർമാർ കാപ്സ്യൂൾ തുറന്ന് പരിശോധിച്ചപ്പോൾ ഉള്ളിൽ സംശയാസ്പദമായ രീതിയിൽ പൊടി കണ്ടെത്തി. തുടർന്ന് ഘോഷയാത്രയിൽ പങ്കെടുത്തവർ ആരും തന്നെ ഈ ഗുളികകൾ കഴിക്കരുതെന്ന് ലൗഡ്സ്പീക്കറിലൂടെ അനൗൺസ്‌മെന്റും നടത്തി.

പൊലീസ് നടത്തിയ പരിശോധനയിൽ പ്രതിയുടെ പക്കൽ നിന്നും 14,900 ഗുളികകൾ പിടിച്ചെടുത്തു. എന്നാൽ ഇതിനോടകം തന്നെ വലിയൊരു അളവ് ഗുളികകൾ വിതരണം ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഇതുകൂടാതെ 30,000 കാപ്സ്യൂളുകൾക്കും 50 കിലോഗ്രാം ഫോസ്ഫറസിനും പ്രതി ഓർഡർ നൽകിയിരുന്നതായും പൊലീസ് കണ്ടെത്തി. ഗുളികകൾ കഴിച്ച 11 പേർക്ക് ഛർദ്ദിയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ നിലവിൽ അപകടനില തരണം ചെയ്തിട്ടുണ്ട്. പ്രതിക്ക് വിദേശ പശ്ചാത്തലമുണ്ടെന്നും പൊലീസ് കണ്ടെത്തി. ഇയാൾ മുൻപ് ഇറാൻ, ഇറാഖ് എന്നീ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നിൽ ഭീകരവാദ ബന്ധം ഉണ്ടോയെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAT POISON, MUHARAM EVENT, MUMBAI, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360