SignIn
Kerala Kaumudi Online
Sunday, 28 June 2026 4.26 AM IST

അഞ്ചടിച്ച് സെനഗൽ

senagal

ഇറാഖിനെ അഞ്ചുഗോളുകൾക്ക് തകർത്ത് സെനഗൽ

ടൊറന്റോ : വിജയം അനിവാര്യമായിരുന്ന മത്സരത്തിൽ മുന്നിൽക്കിട്ടിയ ഇറാഖിനെ കടിച്ചുകീറി സെനഗൽ ലോകകപ്പ് നോക്കൗട്ട് സാദ്ധ്യതകൾ സജീവമാക്കി. കഴിഞ്ഞരാത്രി നടന്ന മത്സരത്തിൽ എതിരില്ലാത്ത അഞ്ചുഗോളുകൾക്കാണ് സെനഗൽ വിജയം കണ്ടത്. ഈ ലോകകപ്പിലെ സെനഗലിന്റെ ആദ്യ വിജയമാണിത്. ഫ്രാൻസിനോടും നോർവേയോടും തോറ്റിരുന്ന സെനഗൽ ഈ വിജയത്തോടെ മൂന്ന് പോയിന്റുമായി ഗ്രൂപ്പ് ഐയിൽ മൂന്നാം സ്ഥാനത്താണ്.

ഇരട്ടഗോളടിച്ച പാപെ ഗുയെയും ഓരോ ഗോളടിച്ച ഇസ്മയില സാർ, ഹബീബ് ദിയാറ,ഇലിമൻ എൻഡിയേ എന്നിവരും ചേർന്നാണ് സെനഗലിന് അനിവാര്യവിജയമൊരുക്കിയത്. ആദ്യ പകുതിയിൽ ഒരു ഗോളിന് ലീഡ് ചെയ്തിരുന്ന സെനഗൽ രണ്ടാം പകുതിയിലാണ് നാലുഗോളുകൾകൂടി നേടിയത്.13-ാം മിനിട്ടിൽ സാദിയോ മാനേയെ ബോക്സിന് തൊട്ടുപുറത്ത് ഫൗൾ ചെയ്തിട്ടതിന് റെബിൻ സുലാക്ക വാർ പരിശോധനയിലൂടെ ചുവപ്പ് കണ്ട് പുറത്തായതോടെ 10 പേരുമായാണ് ഇറാഖ് കളി തുടർന്നത്. ആദ്യ പകുതിയിൽ ഇറാഖ് ചെറുത്തുനിന്നങ്കിലും രണ്ടാം പകുതിയിലെ സെനഗലിന്റെ കുതിപ്പിനുമുന്നിൽ പിടിച്ചുനിൽക്കാനായില്ല.

ഗോളുകൾ ഇങ്ങനെ

4-ാം മിനിട്ടിൽ ഹബീബ ദിയാറ

56 -ാം മിനിട്ടിൽ ഇസ്മയില സാർ

59 -ാം മിനിട്ടിൽ പാപെ ഗുയെ

71 -ാം മിനിട്ടിൽ പാപെ ഗുയെ

82 -ാം മിനിട്ടിൽ ഇലിമൻ എൻഡിയേ

5-0

ലോകകപ്പിൽ ഒരു ആഫ്രിക്കൻ രാജ്യം നേടുന്ന ഏറ്റവും വലിയ വിജയമാർജിൻ.

ഗോളടിക്കുന്ന സാർ

സെനഗലിനായി ഈ ലോകകപ്പിൽ ഇസ്മയില സാർ നേടിയ ഗോളുകളുടെ എണ്ണം മൂന്നായി. ക്രിസ്റ്റൽ പാലസ് ക്ളബിന്റെ താതാരമായ സാർ നോർവേയ്ക്ക് എതിരെ ഇരട്ടഗോളടിച്ചിരുന്നു. കഴിഞ്ഞ ലോകകപ്പിൽ ഒരു ഗോളടിച്ചിരുന്ന സാർ ലോകകപ്പുകളിലെ സെനഗലിന്റെ ടോപ്സ്കോററുമായി. മൂന്ന് ലോകകപ്പ് ഗോളുകൾ നേടിയിട്ടുള്ള പാപ ബൗബ ദിയോഫിന്റെ റെക്കാഡും മറികടന്നു. രണ്ട് വ്യത്യസ്ത ലോകകപ്പുകളിൽ ഗോളടിക്കുന്ന ആദ്യ സെനഗലുകാരനുമാണ് സാർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, WORLD CUP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360