SignIn
Kerala Kaumudi Online
Sunday, 28 June 2026 4.51 AM IST

ബ്യൂട്ടിഫുൾ ബെൽജിയം

belgium

ന്യൂസിലാൻഡിനെ 5-1ന് തകർത്ത് ബെൽജിയം ജി ഗ്രൂപ്പ് ചാമ്പ്യൻസ്

വാൻകൂവർ : അവസാന മത്സരത്തിൽ ന്യൂസിലാൻഡിനെ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് തകർത്ത് ആത്മവിശ്വാസം വീണ്ടെടുത്ത ബെൽജിയം ജി ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായി ലോകകപ്പിന്റെ രണ്ടാം റൗണ്ടിലെത്തി.ആദ്യ മത്സരങ്ങളിൽ ഇറാനോടും ഈജിപ്തിനോടും സമനില വഴങ്ങേണ്ടിവന്ന ബെൽജിയത്തിന് വലിയ ആശ്വാസമാണ് കിവീസിനെതിരായ വിജയം നൽകിയത്. പ്രായംചെന്ന പടക്കുതിരകളെന്ന വിമർശനം കേൾക്കേണ്ടിവന്ന കെവിൻ ഡി ബ്രുയാനും റൊമേലു ലുക്കാക്കുവുമൊക്കെ മിന്നിത്തിളങ്ങിയ മത്സരത്തിലാണ് ബെൽജിയത്തിന്റെ ജയം.

മത്സരത്തിന്റെ തുടക്കം മുതൽ കിവീസ് ഗോൾമുഖത്ത് കയറിയിറങ്ങിയ ബെൽജിയത്തിന് വേണ്ടി ലിയാൻഡ്രോ ട്രൊസാഡ് ഇരട്ടഗോളുകളും ഡിബ്രുയാൻ, ലുക്കാക്കു,അലക്സിസ് സായീലിമേക്കേഴ്സ് എന്നിവർ ഓരോഗോളും നേടി. 28-ാംമിനിട്ടിൽ ട്രൊസാഡ് നേടിയ ഗോളിന് ആദ്യപകുതിയിൽ ബെൽജിയം ലീഡ് ചെയ്തു. 50-ാം മിനിട്ടിൽ ട്രൊസാഡ് വീണ്ടും സ്കോർ ചെയ്തു. 66-ാം മിനിട്ടിൽ ഡിബ്രുയാനും 86-ാം മിനിട്ടിൽ ലുക്കാക്കുവും വലകുലുക്കി.84-ാം മിനിട്ടിൽ ഏലിയ ജസ്റ്റിലൂടെ ന്യൂസിലാൻഡ് ഒന്ന് തിരിച്ചടിച്ചെങ്കിലും ഇൻജുറി ടൈമിലെ സായീലിമേക്കേഴ്സിന്റെ ഗോളിലൂടെ ബെൽജിയം ഫൈവ്സ്റ്റാർ വിജയം സ്വന്തമാക്കി. ഒരുജയം പോലും നേടാനാകാതെ ന്യൂസിലാൻഡ് പുറത്തായി.

7

നാലുലോകകപ്പുകളിൽ നിന്ന് ലുക്കാക്കുവിന്റെ ഗോൾ നേട്ടം ഏഴായി.2014 ലോകകപ്പിൽ ഒരുഗോളും 2018ൽ നാലുഗോളുകളും നേടിയ ലുക്കാക്കു 2022ൽ ഗോളടിച്ചിരുന്നില്ല.

3

ഏലിയ ജസ്റ്റിന്റെ ഈ ലോകകപ്പിലെ മൂന്നാം ഗോൾ. ഇറാനെതിരെ 2-2ന് സമനില പിടിച്ചപ്പോൾ ജസ്റ്റാണ് രണ്ട് ഗോളുകളും നേടിയത്.

3

മൂന്ന് ലോകകപ്പുകളിൽ ഗോൾ നേടുന്ന ബെൽജിയൻ താരങ്ങളായി കെവിൻ ഡിബ്രുയാനും ലുക്കാക്കുവും. മൂന്ന് ലോകകപ്പുകളിൽ നിന്ന് ഡി ബ്രുയാന്റെ മൂന്നാംഗോൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, BELGIUM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360