
ഭുവനേശ്വർ : രണ്ടുപതിറ്റാണ്ടിേറെയായി അഞ്ജു ബോബി ജോർജ് കാത്തുസൂക്ഷിച്ചിരുന്ന ലോംഗ് ജമ്പിലെ ദേശീയ റെക്കാഡാണ് ഇന്നലെ ആൻസിയുടെ കുതിപ്പിന് മുന്നിൽ തകർന്നുവീണത്. സ്കൂൾ തലം മുതൽ മിന്നുന്ന പ്രകടനം കാഴ്ചവച്ചിരുന്ന ഈ നാട്ടികക്കാരി ഇന്നലെ ഭുവനേശ്വറിലെ ഇന്റർ സ്റ്റേറ്റ് അത്‌ലറ്റിക്സിൽ തന്റെ അഞ്ചാം ചാട്ടത്തിലാണ് 6.88 മീറ്റർ എന്ന വിസ്മയദൂരത്തിലേക്ക് പറന്നിറങ്ങിയത്.
6.73 മീറ്ററായിരുന്നു ആൻസിയുടെ ആദ്യ ചാട്ടത്തിലെത്തിയ ദൂരം. രണ്ടാം ചാട്ടം ഫൗളായി.മൂന്നാം ശ്രമത്തിൽ 6.67 മീറ്ററും നാലാം ശ്രമത്തിൽ 6.72 മീറ്ററും പിറന്നു. അഞ്ചാം ചാട്ടത്തിൽ തികഞ്ഞ ആത്മവിശ്വാസത്തോടെ മികച്ച ടേക്കോഫുമായി ആൻസി റെക്കാഡിലേക്ക് പറന്നിറങ്ങി. 6.69 മീറ്ററായിരുന്നു അവസാനശ്രമത്തിലെ ദൂരം.
അഞ്ജുവിന്റെ റെക്കാഡ് തകർക്കുക എന്ന ലക്ഷ്യവുമായി ആയിരുന്നു കഴിഞ്ഞ വർഷങ്ങളിൽ ആൻസിയുടെ പരിശീലനം. ഇന്നലെ ആൻസിക്കൊപ്പം മത്സരിച്ച് വെള്ളിയും വെങ്കലവും നേടിയത് അഞ്ജു ബോബി ജോർജിന്റെ ഫൗണ്ടേഷനിൽ അഞ്ജുവിന്റെ കോച്ചും ഭർത്താവുമായ റോബർട്ട് ബോബി ജോർജിന് കീഴിൽ പരിശീലിക്കുന്ന ശൈലി സിംഗും (6.67മീറ്റർ), ലക്ഷദ്വീപുകാരി മുബസിനയു(6.53 മീറ്റർ) മാണ്. കഴിഞ്ഞ ഹ്വാംഗ്ചോ ഏഷ്യൻ ഗെയിംസിൽ വെള്ളി നേടിയ താരമാണ് ആൻസി.ഇത്തവണ ഏഷ്യൻ ഗെയിംസിൽ സ്വർണം തന്നെ നേടിയെടുക്കുകയാണ് ലക്ഷ്യമെന്ന് മത്സരശേഷം ആൻസി പറഞ്ഞു. ശൈലിയും ഏഷ്യൻ ഗെയിംസ് യോഗ്യത നേടിയിട്ടുണ്ട്.
ആട്ടോ ഡ്രൈവറുടെ മകൾ
തൃശൂർ നാട്ടികയിലെ ആട്ടോ ഡ്രൈവർ സോജന്റെ മകളാണ് 25കാരിയായ ആൻസി. ചെറുപ്പത്തിൽ കായികരംഗത്ത് താത്പര്യമുണ്ടായിരുന്നെങ്കിലും ജീവിതസാഹചര്യങ്ങൾ വിലങ്ങുതടിയായതോടെ ആട്ടോ ഡ്രൈവറായ സോജൻ തന്റെ മകളെ കായികതാരമാക്കാൻ ജീവിതം ഉഴിഞ്ഞുവയ്ക്കുകയായിരുന്നു. സ്കൂൾ തലത്തിൽ സോജൻ തന്നെയായിരുന്നു ആൻസിയുടെ കോച്ച്. സംസ്ഥാന ദേശീയ സ്കൂൾ കായികമേളകളിൽ നിരവധി സ്വർണം നേടിയ ആൻസി ഇപ്പോൾ ഇന്ത്യൻ നേവിയിൽ ചീഫ് പെറ്റി ഓഫീസറാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |