SignIn
Kerala Kaumudi Online
Sunday, 28 June 2026 1.09 AM IST

ഉസ്മാനേ , ആ ചെറ്യേ ഹാട്രിക്ക് ഇങ്ങെടുത്തേ...

world-up

ലോകകപ്പിലെ വേഗമേറിയ രണ്ടാമത്തെ ഹാട്രിക്കുമായി ഉസ്മാനേ ഡെംബലെ

4-1ന് നോർവേയെ തകർത്ത് ഫ്രാൻസ് ഗ്രൂപ്പ് ഐ ചാമ്പ്യൻസ്, നോർവേ രണ്ടാമത്

sports

ബോസ്റ്റൺ : എർലിംഗ് ഹാലാൻഡും കിലിയൻ എംബാപ്പെയും തമ്മിലുള്ള കൊമ്പുകോർക്കൽ പ്രതീക്ഷിച്ചിരുന്നിടത്ത് കണ്ടത് ഉസ്മാനേ ഡെംബലെയുടെ തേരോട്ടം. കഴിഞ്ഞരാത്രി ഫ്രാൻസും നോർവേയും തമ്മിലുള്ള ലോകകപ്പ് ഗ്രൂപ്പ് ഐ മത്സരത്തിൽ ഞൊടിയിടയിൽ ഹാട്രിക് നേടിയാണ് ഡെംബലെ അമ്പരപ്പിച്ചത്. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ഹാട്രിക്കാണ് കളി തുടങ്ങി 32 മിനിട്ടിനുള്ളിൽ പാരീസ് എസ്.ജി ക്ളബിന്റെ താരവും 2025ലെ ബാലൻ ഡി ഓർ ജേതാവുമായ ഡെംബലെ നേടിയത്. 7, 20, 32 മിനിട്ടുകളിലായാണ് ഡെംബലെ നോർവേയുടെ വലകുലുക്കിയത്. 21-ാം മിനിട്ടിൽ തേലോ ആസ്ഗാഡിലൂടെ നോർവേയും ഗോൾ നേടിയെങ്കിലും ഇൻജുറി ടൈമിലെ ഡെസിറെ ദുവേയുടെ ഗോളും ചേർത്ത് 4- 1ന് ഫ്രാൻസ് ജയം സ്വന്തമാക്കി.

ആദ്യ രണ്ട് വിജയങ്ങളോടെ നോക്കൗട്ട് ഉറപ്പായതിനാൽ സൂപ്പർ താരം എർലിംഗ് ഹാലാൻഡ് ഉൾപ്പടെ മുൻനിരയിലെ 10 താരങ്ങൾക്ക് വിശ്രമം നൽകിയാണ് കോച്ച് സ്റ്റേൽ സോൾബാക്കൻ നോർവേയെ കളത്തിലിറക്കിയത്.ബോസ്റ്റണിൽ കളി തുടങ്ങി 21-ാം സെക്കൻഡിൽതന്നെ നോർവേയുടെ ക്രോസ്ബാർ വിറപ്പിച്ച് എംബാപ്പെ എന്താണ് തങ്ങളുടെ ലക്ഷ്യമെന്ന് വ്യക്തമാക്കി​യി​രുന്നു. കി​ക്കോഫി​ൽ നി​ന്ന് കി​ട്ടി​യ പന്തുമായി​ അതി​വേഗത്തി​ൽ ഓടി​ക്കയറി​യായി​രുന്നു എംബാപ്പെയുടെ ഷോട്ട്. ഇതേഗതിവേഗം മത്സരത്തിലുടനീളം തുടരാൻ ഫ്രാൻസിന് കഴിഞ്ഞു. മുൻനിരക്കാരില്ലെങ്കിലും അവസാനം വരെ പൊരുതാൻ നോർവേയും തുനിഞ്ഞിറങ്ങിയതോടെ ആരാധകർക്ക് ദൃശ്യവിരുന്നായി മത്സരം മാറി.

കളിനീക്കങ്ങൾ ഇങ്ങനെ

7-ാം മി​നി​ട്ടി​ൽ എംബാപ്പെയുടെ കൃത്യതയാർന്ന ഒരു പാസി​ൽ നി​ന്ന് വലംകാലുകൊണ്ടായി​രുന്നു ഡെംബലെയുടെ ആദ്യ ഗോൾ.

20-ാം മിനിട്ടിൽ മൂന്ന് ഡിഫൻഡർമാരെ വെട്ടിയൊഴിഞ്ഞ് ബോക്സിന്റെ അരികിലെത്തിയശേഷമുള്ള ഇടംകാലൻ ഷോട്ടിലൂടെ രണ്ടാം ഗോൾ.

14 സെക്കൻഡിനകം തേലോയിലൂടെ നോർവേ തിരിച്ചടിച്ചതോടെ മത്സരം ആവേശകരമായി.

32-ാം മിനിട്ടിൽ ചുഹാമേനിയുടെ പാസിൽ നിന്നാണ് ഡെംബലെ ഹാട്രിക്ക് തികച്ചത്.

49-ാം മിനിട്ടിൽ തിയോ ഹെർണാണ്ടസിന്റെ ഫൗളിന് വിധിച്ച പെനാൽറ്റി ഫ്രഞ്ച് ഗോളി മൈക്ക് മൈഗ്‌നൻ തട്ടിയകറ്റി.

90+4-ാം മിനിട്ടിലാണ് ബാർകോളയുടെ ക്രോസ് ഹെഡ് ചെയ്ത് ഡെസീറേ ദുവേ ഫ്രാൻസിന്റെ അവസാന ഗോൾ നേടി.

1954ൽ ചെക്കോസ്ളാവിയയ്ക്ക് എതിരെ 24 മിനിട്ടിനുള്ളിൽ ഹാട്രിക്ക് തികച്ച ഓസ്ട്രിയൻ താരം എറിച്ച് പ്രോബ്സ്റ്റിന്റെ പേരിലാണ് ലോകകപ്പിലെ വേഗതയേറിയ ഹാട്രിക്കിന്റെ റെക്കാഡ്. 1986ൽ ഇംഗ്ളണ്ടിന്റെ ഗാരി ലിനേക്കർ പോളണ്ടിനെതിരെ 36 മിനിട്ടിനുള്ളിലും 1970ൽ ജർമ്മനിയുടെ ഗെർഡ് മുള്ളർ പെറുവിനെതിരെ 38 മിനിട്ടിനുള്ളിലും ഹാട്രിക് നേടിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, WORLD CUP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360