SignIn
Kerala Kaumudi Online
Sunday, 28 June 2026 4.15 PM IST

അയോദ്ധ്യ സംഭാവനകൊള്ള; അറസ്റ്റിലായ എട്ടുപേരുടെ വീടുകളിലും എസ്‌ഐടി നിർദ്ദേശപ്രകാരം റെയ്‌ഡ്

READ ENGLISH VERSION
donation-scam-

ന്യൂഡൽഹി: അയോദ്ധ്യ രാമക്ഷേത്രത്തിലെ കോടികളുടെ സംഭാവന കൊള്ളയടിച്ച സംഭവത്തിൽ അറസ്റ്റിലായ എട്ടുപ്രതികളുടെ വീടുകളിൽ ഒരേസമയം പൊലീസ് റെയ്‌ഡ്. പ്രത്യേക അന്വേഷണ സംഘത്തിന്റെ നിർദ്ദേശപ്രകാരം ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് ആറ് പൊലീസ് സംഘങ്ങൾ വിവിധയിടങ്ങളിൽ ഒരേസമയം റെയ്‌ഡ് ആരംഭിച്ചത്. അതേസമയം,​ സംഭവത്തെ തുടർന്ന് രാമക്ഷേത്ര ട്രസ്റ്റിന്റെ ജനറൽ സെക്രട്ടറി ചമ്പത് റായ്,​ അംഗം അനിൽ മിശ്ര എന്നിവരുടെ രാജി ഇന്നലെ ട്രസ്റ്റ് സ്ഥിരീകരിച്ചു.

പ്രതികളുടെ സാമ്പത്തിക ഇടപാടുകൾ,​ വിദേശ ബന്ധങ്ങൾ, കൂട്ടാളികൾ എന്നിവരെക്കുറിച്ച് അറിയാൻ കുടുംബാംഗങ്ങളെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. ഇതിനുപുറമെ പ്രതികളുടെ വീട്ടിൽ വന്നിരുന്ന സന്ദർശകരെക്കുറിച്ചും സംശയാസ്പദമായ നീക്കങ്ങളെക്കുറിച്ചും വിവരങ്ങൾ ശേഖരിക്കാൻ പൊലീസ് അയൽവാസികളുമായും സംസാരിച്ചിട്ടുണ്ട്. തട്ടിപ്പിന്റെ ഗൂഢാലോചനയിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടോയെന്ന് കണ്ടെത്താൻ ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചുവരികയാണെന്ന് പൊലീസ് വ്യക്തമാക്കി.

ചമ്പത് റായുടെ അടുത്ത അനുയായികളായ രാം ശങ്കർ യാദവ് എന്ന ടിന്നു, അവിനാഷ് ശുക്ല, അനുകൽപ് മിശ്ര, ലവകുഷ് മിശ്ര, സുഭാഷ് ശ്രീവാസ്തവ, രാമശങ്കർ മിശ്ര, മനീഷ് യാദവ്, കരുണേഷ് പാണ്ഡെ എന്നിവരാണ് നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ളത്.

ക്ഷേത്രത്തിലേക്ക് ഭക്തർ സമർപ്പിച്ച വഴിപാടുകളിൽ നിന്നും സംഭാവനകളിൽ നിന്നും അഞ്ച് കോടി മുതൽ 7.5 കോടി രൂപ വരെ വകമാറ്റി ചിലവഴിച്ചതായി ജൂൺ ഏഴിന് സമാജ്‌വാദി പാർട്ടി നേതാവ് തേജ് നാരായൺ പവൻ പാണ്ഡെ ആരോപിച്ചതോടെയാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. ട്രസ്റ്റിന്റെ ആവശ്യപ്രകാരം ജൂൺ 13ന് സംസ്ഥാന സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ജൂൺ 15നും 20നും ഇടയിൽ അയോദ്ധ്യയിൽ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഭക്തർ നൽകിയ പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും കൈകാര്യം ചെയ്തതിൽ ഗുരുതര ക്രമക്കേടുകൾ നടന്നതായി എസ്ഐടി കണ്ടെത്തുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DONATION SCAM, LATESTNEWS, NATIONALNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360