
ന്യൂഡൽഹി: ഒമ്പതാം ക്ലാസിലെ സാമൂഹ്യശാസ്‌ത്ര പാഠപുസ്‌തകത്തിൽ അടിയന്തരവാസ്ഥ ഉൾപ്പെടുത്തി എൻസിആർടി. ഇന്ത്യൻ ജനാധിപത്യം നേരിട്ട വെല്ലുവിളികളിലൊന്നായാണ് അടിയന്തരാവസ്ഥയെ അവതരിപ്പിച്ചിരിക്കുന്നത്. 'അണ്ടർസ്റ്റാൻഡിംഗ് സൊസൈറ്റി; ഇന്ത്യ ആന്റ് ബിയോണ്ട് എന്ന പുതിയ പാഠപുസ്‌തകത്തിലെ ഇന്ത്യൻ ജനാധിപത്യത്തിന്റെ കരുത്തും വെല്ലുവിളികളും ചർച്ചചെയ്യുന്ന അദ്ധ്യായത്തിലാണ് അടിയന്തരാവസ്ഥ ഉൾപ്പെടുത്തിയിരിക്കുന്നത്.
അടിയന്തരാവസ്ഥ കാലയളവിൽ ഭൂരിഭാഗം മൗലികാവകാശങ്ങളും നിഷേധിക്കപ്പെട്ടിരുന്നതായി പുസ്‌തകം ചൂണ്ടിക്കാട്ടുന്നു. ഇതാദ്യമാണ് ഒമ്പതാം ക്ലാസ് പാഠപുസ്‌തകത്തിൽ അടിയന്തരാവസ്ഥ ഉൾപ്പെടുത്തുന്നതെന്ന് എൻസിആർടി സ്ഥിരീകരിച്ചു.
രാജ്യത്ത് 1975ൽ പ്രഖ്യാപിച്ച അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം ആചരിച്ചതിന് പിന്നാലെയാണ് പാഠ്യപദ്ധതിയിലെ ഈ സുപ്രധാന മാറ്റം. 'ഇന്ത്യൻ ജനാധിപത്യം നേരിട്ട പ്രധാനവെല്ലുവിളികളിലൊന്നാണ് 1975-77 കാലഘട്ടത്തിലെ അടിയന്തരാവസ്ഥ. 1970കളുടെ തുടക്കത്തിൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെതിരായ ജനങ്ങളുടെ അതൃപ്‌തി വർദ്ധിച്ചിരുന്നു. തൊഴിലില്ലായ്‌മ, വിലക്കയറ്റം, ഭരണവീഴ്‌ചയുമായ ബന്ധപ്പെട്ട ആരോപണങ്ങൾ എന്നിവ വ്യാപകപ്രതിഷേധങ്ങൾക്ക് വഴിവച്ചു' എന്നാണ് പാഠപുസ്‌തകത്തിലെ പരാമർശം.
അടിയന്തരവാസ്ഥയ്‌ക്ക് പിന്നാലെ മൗലികാവകാശങ്ങൾ നിഷേധിക്കപ്പെട്ടതിനെപ്പറ്റിയും മാദ്ധ്യമസ്വാതന്ത്ര്യം അടിച്ചമർത്തപ്പെട്ടതിനെപ്പറ്റിയും പുസ്‌തകത്തിൽ വിശദീകരിക്കുന്നുണ്ട്. കൂടാതെ അടിയന്തരാവസ്ഥയ്‌ക്ക് എതിരായ ജനകീയ പ്രക്ഷോഭത്തിൽ ലോകനായക് ജയപ്രകാശ് നാരായണന്റെ പങ്കും പുസ്‌തകം എടുത്തുകാട്ടുന്നു.
'രാഷ്‌ട്രീയ നേതാവും സോഷ്യലിസ്റ്റ് ചിന്തകനുമായ ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളെയും പൊതുജനങ്ങളെയും അണിനിരത്തിയ ജനകീയ പ്രക്ഷോഭങ്ങൾ ബീഹാറിലും ഗുജറാത്തിലും ശക്തമായി വളർന്നു. 1977ൽ അടിയന്തരാവസ്ഥ പിൻവലിക്കുകയും പൊതുതിരഞ്ഞെടുപ്പ് നടത്തുകയും ചെയ്‌തു. ജനങ്ങൾ തങ്ങളുടെ ജനാധിപത്യ അവകാശം വിനിയോഗിച്ച് ഭരണകക്ഷിയെ പരാജയപ്പെടുത്തി. ഇത് ഇന്ത്യൻ ജനാധിപത്യത്തിന്റെ ശക്തിയും തിരഞ്ഞെടുപ്പിന്റെ പ്രാധാന്യവും തെളിയിച്ചു'- എന്നാണ് പാഠപുസ്‌തകത്തിലെ വിശദീകരണം. വിദ്യാർത്ഥികൾക്ക് ജനാധിപത്യപ്രക്രിയയിലെ സ്വന്തം പങ്ക് മനസിലാക്കാനായി 'ഡെമോക്രസി ആന്റ് യു' എന്ന പുതിയ പാഠഭാഗവും പുസ്‌തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |