ചെറുതുരുത്തി: കേരളീയ ശാസ്ത്രീയ കലകളുടെ സംരക്ഷണത്തിനും പ്രചാരണത്തിനുമായാണ് മഹാകവി വള്ളത്തോൾ കേരള കലാമണ്ഡലം സ്ഥാപിച്ചതെങ്കിലും ഇന്ന് അടിസ്ഥാന ലക്ഷ്യങ്ങളിൽ നിന്നും വ്യതിചലിക്കുന്നുവെന്നാണ് പരാതി. ഒരു നൂറ്റാണ്ട് കാലമായി കഥകളി, കൂടിയാട്ടം, മോഹിനിയാട്ടം, തുള്ളൽ, ചാക്യാർകൂത്ത് തുടങ്ങിയ പാരമ്പര്യ കലകളുടെ അഭയകേന്ദ്രമായി നിലകൊണ്ട സ്ഥാപനത്തെ വെറുമൊരു 'തിയേറ്റർ ലബോറട്ടറി'യാക്കി മാറ്റാനാണ് ശ്രമമെന്നാണ് ആരോപമം.
പാരമ്പര്യം കൈവിട്ട് ആധുനികവത്കരണത്തിലേക്ക് ചായുമ്പോൾ കലയുടെ തനിമ കുറയുന്നുവെന്നാണ് അദ്ധ്യാപകരുടെയും കലാസ്‌നേഹികളുടെയും ആരോപണം. നൂറ്റാണ്ടുകളായി രൂപപ്പെട്ട വ്യാകരണത്തിലും പാരമ്പര്യത്തിലും പരിശീലനരീതികളിലുമാണ് ശാസ്ത്രീയ കലകളുടെ മഹത്വം. ആന്തരിക ശാസ്ത്രീയ ഘടന കൊണ്ടാണ് കലകൾ ഇന്നും നിലനിൽക്കുന്നത്. ആധുനികവത്കരണമെന്ന പേരിൽ നാടകവേദികളിലെ പരീക്ഷണങ്ങളും പ്രയോഗങ്ങളും കുത്തിനിറയ്ക്കുകയാണെന്നാണ് ആരോപണം.
കലയുടെ വികാസമല്ല, ആത്മാവിനെ നഷ്ടപ്പെടുത്തുകയാണ് ഇതുവഴി ചെയ്യുന്നതെന്ന് പഴയ അദ്ധ്യാപകർ പറയുന്നു. ഓരോ കലാരൂപത്തിനുമുള്ള സവിശേഷ സ്വഭാവത്തെ ബഹുമാനിക്കാതെ ഒരേ അച്ചിൽ വാർത്തെടുക്കാനുള്ള ശ്രമം കലാപരമായ അധഃപതനത്തിന് കാരണമാകുമെന്നാണ് കുറ്റപ്പെടുത്തൽ. കലാമണ്ഡലത്തിന്റെ മുഖ്യധാരയും വിഭവങ്ങളും അക്കാഡമിക് ഊർജവും വ്യതിചലിച്ച് തിയേറ്റർ പരീക്ഷണങ്ങൾക്കായി മാത്രം വിനിയോഗിച്ചാൽ സ്ഥാപക ലക്ഷ്യം നിറവേറ്റപ്പെടില്ലെന്നാണ് ആശങ്ക.
കഥകളിയും കൂടിയാട്ടവും മോഹിനിയാട്ടവും ഉൾപ്പെടെയുള്ള പാരമ്പര്യ കലകളാണ് പ്രത്യാഘാതം അനുഭവിക്കുന്നത്.
വഴിമാറി വള്ളത്തോൾ ദർശനം
മഹാകവി വള്ളത്തോൾ കലാമണ്ഡലം സ്ഥാപിച്ചത് ശാസ്ത്രീയ കലകളുടെ സംരക്ഷണത്തിനോ, അതോ നാടക പരീക്ഷണങ്ങൾക്കോ എന്നതാണ് സാംസ്‌കാരിക ലോകത്തിന്റെ ചോദ്യം. സ്ഥാപക ലക്ഷ്യങ്ങളിൽ നിന്ന് വ്യതിചലിക്കുന്ന ഏതൊരു നീക്കവും കലാമണ്ഡലത്തിന്റെ സാംസ്‌കാരിക സ്വത്വത്തെയും ചരിത്രപരമായ ഉത്തരവാദിത്വത്തെയും ദുർബലപ്പെടുത്തുമെന്നാണ് വാദം. പരീക്ഷണങ്ങൾ പാരമ്പര്യത്തിന്റെ വേരറുക്കരുതെന്ന ആവശ്യം ശക്തമാണ്. ശാസ്ത്രീയ കലകളെ സംരക്ഷിക്കാനായി സ്ഥാപിച്ച സ്ഥാപനത്തിൽ ഇത് ആശാസ്യമല്ലെന്നാണ് പഴയ തലമുറയുടെ അഭിപ്രായം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |