തിരുവനന്തപുരം: റേഷൻ വിതരണത്തിലെ അഴിമതി കണ്ടെത്താൻ വിജിലൻസ് നടത്തിയ 'ഓപ്പറേഷൻ ഭക്ഷ്യ സുരക്ഷ" റെയ്ഡുകളിൽ വൻക്രമക്കേടുകൾ കണ്ടെത്തി. 14 എൻ.എഫ്.എസ്.എ ഗോഡൗണുകളിലും 54 റേഷൻ കടകളിലുമായിരുന്നു പരിശോധന. കെട്ടിട നിർമ്മാണ തൊഴിലാളികളെന്ന വ്യാജേന വിജിലൻസ് ഉദ്യോഗസ്ഥർ റേഷൻ കടകളിലെത്തി ഭക്ഷ്യധാന്യങ്ങൾ വാങ്ങി. നാല് റേഷൻ കട ലൈസൻസികളെ കൈയോടെ പിടി കൂടി. 11ഗോഡൗണുകളിലും 25റേഷൻ കടകളിലും സ്റ്റോക്കിൽ ക്രമക്കേട് കണ്ടെത്തി. ഇടനിലക്കാരും കരാറുകാരും ലൈസൻസികളുമായുള്ള സംശയകരമായ 18,22,000 രൂപയുടെ പണമിടപാടുകളും കണ്ടെത്തി. വാതിൽപ്പടി വിതരണത്തിനുള്ള വാഹനങ്ങളിൽ ജി.പി.എസ് സംവിധാനമില്ല. മിക്കയിടത്തും ബിൽ പ്രകാരമുള്ള ഭക്ഷ്യധാന്യങ്ങൾ ഉപഭോക്താക്കൾ വാങ്ങിയിട്ടില്ലെന്ന് കണ്ടെത്തി. വ്യാജ ബില്ലുണ്ടാക്കി ഇവ കൂടിയ വിലയ്ക്ക് മറിച്ചുവിൽക്കുകയാണ്.
കണ്ടെത്തിയ
ക്രമക്കേടുകൾ
തിരുവനന്തപുരം നെട്ടറക്കോണത്ത് റേഷൻകടയിൽ റേഷൻ സാധനങ്ങൾ മറിച്ചു വിറ്റതിനുള്ള പ്രതിഫലമായി പൗൾട്രി ഫാം, ബേക്കറി ഉടമകളിൽ നിന്ന് ഗൂഗിൾപേയിൽ പണം വാങ്ങി. ബോണക്കാട് വേഷം മാറിയെത്തിയ വിജിലൻസ് ഉദ്യോഗസ്ഥർ അരി വിറ്റ ലൈസൻസിയെ പിടി കൂടി. വെള്ളനാട് റേഷൻകടയിൽ സ്റ്റോക്കിൽ കുറവ്.
കൊല്ലം ഇരവിപുരത്ത് റേഷൻകടക്കാരന് അനധികൃതമായി കടത്തിയ ഭക്ഷ്യധാന്യങ്ങളുടെ വിലയായി 2,97,000രൂപ ഗൂഗിൾപേയിലെത്തി. പുലിമുക്ക്, മഞ്ഞപ്പാറ, ഉദയൻച്ചിറ റേഷൻകടകളിലും കടയ്ക്കൽ എൻ.എഫ്.എസ്.എ ഗോഡൗണിലും സ്റ്റോക്കിൽ കുറവ്.
പത്തനംതിട്ടയിൽ വിജിലൻസ് അരി വിറ്റ ലൈസൻസിയെ പിടി കൂടി. അടൂർ പറക്കോട് ഗോഡൗണിലും, പഴകുളം, ഏനാത്ത്, അത്തിക്കയം കടകളിലും സ്റ്റോക്കിൽ ക്രമക്കേട്. കുട്ടനാട് എൻ.എഫ്.എസ്.എ ഗോഡൗണിന്റെ ജൂനിയർ
അസിസ്റ്റന്റ് റേഷൻ കടക്കാരിൽ നിന്ന് 6750 രൂപ വാങ്ങിയത് കണ്ടെത്തി.
കോട്ടയത്ത് കാഞ്ഞിരപ്പള്ളി ഗോഡൗണിലും, കാഞ്ഞിരപ്പള്ളി, വേലൂർ എന്നിവിടങ്ങളിലെ റേഷൻ ഷോപ്പുകളിലും സ്റ്റോക്കിൽ കുറവ്. ഇടുക്കിയിൽ വഴിത്തല, നെടിയശാല റേഷൻകടകളിൽ വിജിലൻസിന് അരി വിറ്റു. പീരുമേട് വഴിത്തല, നെടിയശാല, വെങ്ങല്ലൂർ കടകളിൽ സ്റ്റോക്കിൽ തിരിമറി.
കളമശേരിയിലെ കടയിൽ സ്റ്റോക്കിൽ കുറവ്. തൃശൂർ കൊളങ്ങാട്ടുകര ഗോഡൗണിൽ ഒരു ജൂനിയർ അസിസ്റ്റന്റ് 25,000 രൂപയും,മറ്റൊരു ജൂനിയർ അസിസ്റ്റന്റ് 42,000 രൂപയും കരാറുകാരനിൽ നിന്ന് കൈപ്പറ്റി. സ്റ്റോക്കിൽ 7000 കിലോയുടെ കുറവ്. വരവൂരിൽ റേഷൻകടയുടമ ഹോട്ടലുകാരനിൽ നിന്ന് 23900രൂപ വാങ്ങി.
പാലക്കാട്ട് മരുതൂർ ഗോഡൗണിലെ സീനിയർ അസിസ്റ്റന്റ് 12 ലക്ഷം രൂപ ഭക്ഷ്യധാന്യ ഇടപാടുകാരിൽ നിന്ന് കൈപ്പറ്റി. കൊപ്പത്തെ റേഷൻകടയുടമയിൽ നിന്ന് 2 ലക്ഷത്തിലേറെയും വാങ്ങി. തേങ്കുറിശി, കല്ലിങ്കൽപാലം കടകളിൽ സ്റ്റോക്കിൽ ക്രമക്കേട്.
മലപ്പുറം പരിയാപുരം ഗോഡൗണിലെ റേഷനിംഗ് ഇൻസ്‌പെക്ടർ 25,500 രൂപ കൈപ്പറ്റിയതായി കണ്ടെത്തി. നിലമ്പൂർ ഗോഡൗണിലും, അമ്മിണിക്കാടും വേങ്ങരയിലുമുള്ള കടകളിലും സ്റ്റോക്കിൽ ക്രമക്കേടുകൾ.
വയനാട് കാവുമന്ദം റേഷൻ കടയിൽ നിന്ന് 21 റേഷൻ കാർഡുകൾ പിടിച്ചു. മാനന്തവാടി ഗോഡൗണിൽ സ്റ്രോക്കിൽ വൻക്രമക്കേട്. കണ്ണൂർ ഇരട്ടി പെരുവാമ്പ ഗോഡൗണിലെ സ്റ്റോക്കിൽ 11,960 കിലോ ആട്ടയുടെ കുറവ് കണ്ടെത്തി. 3500 കിലോ അരിയും, 1500 കിലോ ഗോതമ്പും കൂടുതലായി കണ്ടെത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |