തൃശൂർ: ഭീതിനിറച്ച് വീണ്ടും തെരുവുനായകൾ, മൂന്ന് മാസത്തിനിടെ രണ്ട് ജീവനുകൾ നഷ്ടപ്പെടുകയും അമ്പതിലേറെ പേർക്ക് കടിയേൽക്കുകയും ചെയ്തു. ഇന്നലെയും തെരുവുനായ ആക്രമണത്തിൽ ഒരാൾക്ക് ജീവൻ നഷ്ടപ്പെട്ടു. പേരക്കുട്ടിക്കൊപ്പം സ്കൂട്ടറിൽ പോകുന്നതിനിടെ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കല്ലിൽ തലയിടിച്ച് വീണാണ് മുറ്റിച്ചൂർ സ്വദേശി മൂക്കേനി സെയ്തുമുഹമ്മദിന്റെ ഭാര്യ സുഹ്‌റ (69) മരിച്ചത്. മുറ്റിച്ചൂർ കല്ലാറ്റുപ്പുഴ ശിവക്ഷേത്രത്തിന് സമീപമാണ് സംഭവം.
അപകടത്തിൽ പേരക്കുട്ടിക്കും പരിക്കേറ്റിട്ടുണ്ട്. നാട്ടുകാർ തെരുവു നായകളെ ശബ്ദമുണ്ടാക്കി പിന്തിരിപ്പിക്കാൻ നോക്കിയെങ്കിലും കുരച്ച് പിറകെ ഓടിയതോടെ നിയന്ത്രണം വിട്ട സ്‌കൂട്ടർ വീഴുകയായിരുന്നു. ഇതോടെ ഭയന്നു വിറച്ച് സുഹറ തലയടിച്ച് റോഡിലേക്ക് തലയിടിച്ച് വീണു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കഴിഞ്ഞ മാർച്ചിൽ വെള്ളറക്കാട്ടെ വീടിനുള്ളിൽ എഴുന്നേൽക്കാൻ പോലുമാകാത്ത വൃദ്ധയെ തെരുവുനായ കടിച്ചുകൊന്നിരുന്നു. മാനസികാസ്വസ്ഥ്യമുള്ള മകനും ആക്രമണത്തിൽ പരിക്കേറ്റിരുന്നു. കിടപ്പുരോഗിയായ വൃദ്ധയുടെ മുഖം പോലും നായ വികൃതമാക്കിയ നിലയിലായിരുന്നു.
കൂട്ടംകൂടി തെരുവുനായകൾ
ജില്ലയുടെ പലയിടത്തും തെരുവുനായ്ക്കൾ കൂട്ടംകൂടി നിൽക്കുന്നതും ആക്രമിക്കുന്നതും ജനങ്ങൾക്ക് ഭീഷണിയാകുന്നുണ്ട്. തൃശൂർ നഗരത്തിൽ പാട്ടുരായ്ക്കലിൽ മേൽപ്പാലത്തിന് സമീപവും തെരുവുനായകളുണ്ട്. പലതും ആക്രമണ സ്വഭാവം പ്രകടിപ്പിക്കുന്നതിനാൽ കാൽനടയാത്രക്കാരും വിദ്യാർത്ഥികളും ഭീതിയിലാണ്. ഇരുചക്രവാഹനങ്ങളുടെ പിന്നാലെ പാഞ്ഞടുക്കുന്നതോടെ നിയന്ത്രണം വിട്ട് മറിയുന്നതും നിത്യസംഭവമാണ്. തെരുവുനായകളുടെ എണ്ണം കുറയ്ക്കാൻ വന്ധ്യംകരണം ഉൾപ്പെടെ നടത്തുന്നുണ്ടെങ്കിലും ഫലപ്രദമല്ല. എ.ബി.സി പദ്ധതിയും കാര്യക്ഷമമല്ല.
ഈ മാസത്തെ ജില്ലയിലെ തെരുവുനായ ആക്രമണം
ജൂൺ 12: താന്ന്യം, ചാഴൂർ പഞ്ചായത്തുകളിൽ തെരുവുനായയുടെ ആക്രമണത്തിൽ തൊഴിലുറപ്പ് തൊഴിലാളികളക്കം ഏഴു പേർക്ക് കടിയേറ്റു. നായയെ പിന്നീട് ചത്ത നിലയിൽ.
ജൂൺ 14 -16: മാള അണ്ണല്ലൂരിൽ മൂന്ന് പേർക്ക് കടിയേറ്റു. പിടികൂടിയ നിരീക്ഷണത്തിലിരിക്കെ വെറ്ററിനറി ആശുപത്രിയിൽ ചത്തു.
ജൂൺ 17: മുറ്റിച്ചൂരിൽ പേരക്കുട്ടിയുമൊത്ത് സ്‌കൂട്ടറിൽ പോകുന്നതിനിടെ തെരുവുനായ്ക്കൾ ഓടിച്ചതിനെത്തുടർന്ന് റോഡിലേക്ക് വീണ് വൃദ്ധ മരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |