ട്രോളിംഗ് നിരോധനം മുതലാക്കി പച്ചക്കറി വില കുതിക്കുന്നു
കൊല്ലം: അടുക്കളയിൽ അടിക്കടി ആശങ്ക സൃഷ്ടിച്ച് പച്ചക്കറി വില കുതിക്കുന്നു. ട്രോളിംഗ് നിരോധനത്തെത്തുടർന്ന് മത്സ്യ ക്ഷാമം രൂക്ഷമായപ്പോൾ പച്ചക്കറികളെ അഭയം പ്രാപിച്ചവർ നട്ടംതിരിയുന്ന അവസ്ഥയാണ്. ഇന്ധന, പാചകവാതക വില വർദ്ധന അടുക്കളകളെ കശക്കിയെറിയവേ, എങ്ങനെ 'മാനേജ്' ചെയ്യുമെന്നറിയാതെ വലയുകയാണ് വീട്ടമ്മമാർ.
വിില കുതിച്ചുയരുമ്പോഴും, വീട്ടിലെത്തിയിരുന്ന വരുമാനത്തിൽ യാതൊരു വർദ്ധനവുമില്ല എന്നതാണ് കുഴയ്ക്കുന്നത്. പച്ചക്കറിക്കു മാത്രമല്ല, മറ്റ് നിത്യോപയോഗ സാധനങ്ങളുടെ വിലയ്ക്കും റോക്കറ്റ് വേഗമാണ്. പച്ചക്കറികളിലേക്ക് തിരിഞ്ഞവർക്ക് ഇതിനായി നല്ലൊരു തുക മാറ്റിവയ്ക്കേണ്ട അവസ്ഥയാണിപ്പോൾ.
വെളുത്തുള്ളി, ഇഞ്ചി, ബീൻസ് എന്നിവയുടെ വിലയിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തമിഴ്‌നാട്ടിലെ പ്രധാന കൃഷിമേഖലകളിൽ മഴ കുറഞ്ഞതും വിളവെടുപ്പ് പ്രതിസന്ധിയിലായതുമാണ് കേരളത്തിലേക്കുള്ള ലോഡുകൾ കുറയാൻ കാരണം.തമിഴ്‌നാട്ടിലെ കോയമ്പത്തൂർ, മേട്ടുപ്പാളയം തുടങ്ങിയ പ്രധാന മാർക്കറ്റുകളിൽ നിന്ന് ജില്ലയിലേക്ക് എത്തുന്ന പച്ചക്കറി വണ്ടികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. വെളുത്തുള്ളി വിപണിയിൽ, വലിപ്പത്തിന്റെ അടിസ്ഥാനത്തിൽ ഗ്രേഡുകളായി തിരിച്ചാണ് വില്പന നടക്കുന്നത്. ഉയർന്ന നിലവാരമുള്ള വെളുത്തുള്ളിക്ക് ചില്ലറ വിപണിയിൽ കിലോയ്ക്ക് 280-300 രൂപയാണ്.
വരും ദിവസങ്ങളിൽ അയൽസംസ്ഥാനങ്ങളിൽ നിന്നുള്ള വരവ് വർദ്ധിച്ചില്ലെങ്കിൽ പച്ചക്കറി വില ഇനിയും ഉയരാനാണ് സാദ്ധ്യത.
പച്ചക്കറിഇനം ചില്ലറ വില (രൂപയിൽ / കിലോ)
വെളുത്തുള്ളി ₹280 - ₹300
ഇഞ്ചി (പച്ച) ₹160 - ₹180
പച്ചമുളക് ₹65 - ₹85
തക്കാളി ₹50 - ₹60
ബീൻസ് ₹75 - ₹80
വഴുതനങ്ങ ₹45 - ₹55
വെണ്ടയ്ക്ക ₹45 - ₹55
വലിയ ഉള്ളി (സവാള)₹25 - ₹30
ചെറിയ ഉള്ളി ₹55 - ₹65
സ്റ്റോക്ക് ചെയ്തു വയ്ക്കുമ്പോൾ ഉണ്ടാകുന്ന തൂക്കക്കുറവും ചില്ലറ വിപണിയിലെ മന്ദഗതിയും കാരണം ദിവസേനയുള്ള ആവശ്യത്തിന് മാത്രമാണ് ഇപ്പോൾ വ്യാപാരികൾ സാധനം എടുക്കുന്നത്
പ്രാദേശിക മൊത്തവ്യാപാരി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |