
തിരുവനന്തപുരം: സർക്കാരിന്റെ തെറ്റുകൾ ശ്രദ്ധയിൽപെടുത്തിയാൽ തിരുത്തുമെന്നും തെറ്രിൽപ്പിടിച്ച് ഊഞ്ഞാലാടില്ലെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 80 പ്ലീഡർമാരെ നിയമിച്ചെങ്കിലും ആർക്കും വകുപ്പുകൾ നൽകിയിട്ടില്ല. ഇവർ മുൻകാലങ്ങളിൽ ആർക്കൊക്കെ വേണ്ടി കോടതികളിൽ ഹാജരായിട്ടുണ്ടെന്ന് പരിശോധിക്കാൻ സംവിധാനമില്ല. മന്ത്രിസഭ അറിയാതെയല്ല പ്ലീഡർ നിയമനം. ശബരിമല സ്വർണക്കൊള്ളക്കേസിൽ പ്രതിഭാഗത്തിന്റെ അഭിഭാഷകനായ കെ.ബി. പ്രദീപിനെ പ്ലീഡറായി നിയമിച്ചത് മന്ത്രിമാരടക്കം ചില ജനപ്രതിനിധികളുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ്. അതിന്റെ പേരിൽ ആരെയും കുറ്റപ്പെടുത്തുന്നില്ല. തെറ്റു തിരുത്തിയതിന്റെ പൂർണ ഉത്തരവാദിത്വം തനിക്കാണ്. വിജിലൻസ് ക്ലിയറൻസ് വാങ്ങിയാവും ഇനി നിയമനം. നിയമിക്കേണ്ടവരുടെ പശ്ചാത്തലവും പരിശോധിക്കും. പ്രദീപിന് ദേവസ്വം വകുപ്പിന്റെ പ്ലീഡറായി നിയമനം നൽകിയിട്ടില്ല. ദേവസ്വത്തിന്റെ ഒരു കേസിലും ഹാജരായിട്ടുമില്ല. പ്ലീഡർ നിയമനം ലായേഴ്സ് കോൺഗ്രസല്ല സർക്കാരാണ് നടത്തുന്നതെന്നും സതീശൻ വ്യക്തമാക്കി.
അതേസമയം കൊച്ചി തീരത്ത് എൽസ 3 കപ്പൽ മുങ്ങിയതിൽ രേഖകളെല്ലാം ശേഖരിച്ച് അതിശക്തമായ നിയമ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. ചരിഞ്ഞു കിടക്കുന്ന കപ്പലിൽ നിന്ന് ഇപ്പോഴും എണ്ണ ചോരുന്നുണ്ട്. തീരത്ത് ഗുരുതരമായ പാരിസ്ഥിതി പ്രശ്നങ്ങളുണ്ടാവാം. അഡ്‌മിറാലിറ്റി സ്യൂട്ട് ഫയൽ ചെയ്യുന്നതിലടക്കം ഇടത് സർക്കാരിന് വീഴ്ചയുണ്ടായി. ഇക്കാര്യത്തിൽ സാദ്ധ്യമായതെല്ലാം ചെയ്യുമെന്നും സതീശൻ പറഞ്ഞു.
സ്ത്രീസുരക്ഷാ പെൻഷൻ
പുനഃപരിശോധിക്കും
ഇടത് സർക്കാർ പോവുന്ന പോക്കിൽ നടപ്പാക്കിയ സ്ത്രീ സുരക്ഷാപെൻഷൻ പദ്ധതിയെക്കുറിച്ച് വ്യാപകമായ പരാതികളുണ്ട്. പദ്ധതി പുനഃപരിശോധിക്കും. തദ്ദേശ തിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെയും നിയമസഭാതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു തൊട്ടുമുൻപും പ്രഖ്യാപിച്ച പദ്ധതിയാണിത്. ഗുണഭോക്താക്കൾ ആരെന്ന് പരിശോധിക്കേണ്ടതുണ്ട്. പദ്ധതി പിൻവലിച്ചെന്നത് വ്യാജപ്രചാരണമാണ്.
'കാഫിർ" അന്വേഷണം പ്രതികാരമല്ല
വടകരയിൽ ഷാഫി പറമ്പിലിനെതിരായ കാഫിർ സ്ക്രീൻഷോട്ട് കേസിൽ അന്വേഷണം പ്രതികാരമല്ല. തിരഞ്ഞെടുപ്പ് കാലത്ത് വർഗ്ഗീയ വിദ്വേഷവും ചേരിതിരിവുമുണ്ടാക്കാനാണ് സി.പി.എം ശ്രമിച്ചത്. സ്ക്രീൻഷോട്ട് ഷാഫിയുടെ തലയിൽ കെട്ടിവച്ച് തിരഞ്ഞെടുപ്പിൽ തോൽപ്പിക്കാനാണ് ശ്രമിച്ചത്. വ്യാജപ്രചാരണത്തിന്റെ ആണിക്കല്ല് കണ്ടുപിടിക്കാനാണ് അന്വേഷണം. പിണറായിക്കെതിരേ വിമാനത്തിൽ മുദ്രാവാക്യം വിളിച്ച കേസിൽ തുടരന്വേഷണം കോടതിയുടെ നിർദ്ദേശപ്രകാരമാണ്. വിമാനത്തിൽ ഇ.പി.ജയരാജനും പിണറായിയുടെ ഗൺമാനും യൂത്ത്കോൺഗ്രസുകാരെ ക്രൂരമായി മർദ്ദിച്ചു. എന്നിട്ടും പൊലീസ് കേസെടുത്തിട്ടില്ല.
സർക്കാരിനെതിരേ പച്ചക്കള്ളം
പ്രചരിപ്പിക്കുന്നു: സതീശൻ
തിരുവനന്തപുരം: സർക്കാരിനെതിരേ ഒരു പ്രത്യേകസംഘം വ്യാപകമായി കള്ളപ്രചാരണം നടത്തുകയാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വൈസ്ചാൻസലർമാർ ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്തതിനെ മുഖ്യമന്ത്രി വിമർശിച്ചാൽ മാത്രം പോരെന്നാണ് പ്രതിപക്ഷനേതാവ് പറയുന്നത്. അദ്ദേഹം മുഖ്യമന്ത്രിയായിരുന്നപ്പോൾ നാല് വി.സിമാർ ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്തെങ്കിലും തെറ്റാണെന്ന് പോലും പറഞ്ഞിരുന്നില്ല. ഇതിലൊരാൾ സി.പി.എം സംഘടനാനേതാവുമായിരുന്നു. അന്നത്തെ ഉന്നതവിദ്യാഭ്യാസ മന്ത്രി അതിനെ ന്യായീകരിച്ചു. വൈസ്ചാൻസലർമാർക്കെതിരേ നടപടിയെടുക്കാൻ സർക്കാരിന് അധികാരമില്ലെന്നിരിക്കെയാണ് ഇപ്പോഴത്തെ ഈ വിമർശനം.
സി.പി.എം ജില്ലാ സെക്രട്ടറി വരെ നുണപ്രചാരണം നടത്തി. രണ്ടുവർഷം പി.ആർ.ഡിയുടെ സഹായത്തോടെ നടത്തിയ കള്ളപ്രചാരണങ്ങൾ ജനം ചവറ്റുകുട്ടയിലെറിഞ്ഞു. ഉദ്യോഗസ്ഥർ രാഷ്ട്രീയ പ്രചാരണം നടത്തിയാൽ നടപടിയുണ്ടാവുമെന്നും സതീശൻ പറഞ്ഞു.
കള്ളക്കഥകളിങ്ങനെ
1. ആഭ്യന്തരമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽ കഞ്ചാവ് കേസുമായി ബന്ധമുള്ളയാളെ നിയമിച്ചെന്നാണ് പ്രചാരണം. അങ്ങനെയൊരാൾ സ്റ്രാഫിലില്ല. അത്തരമൊരു ശുപാർശയുമില്ല. താനും ചെന്നിത്തലയും ഇതെല്ലാം കേട്ട് ചിരിക്കുകയാണ്.
2. കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്കുള്ള സൗജന്യയാത്ര തുടങ്ങിയതോടെ ഓർഡിനറി ബസുകളെല്ലാം സിറ്റിഫാസ്റ്രുകളാക്കിയെന്നാണ് അടുത്തത്. സ്ത്രീകൾ ആവേശഭരിതരായി സൗജന്യയാത്രയെ സ്വീകരിച്ചപ്പോൾ പച്ചക്കള്ളം പ്രചരിപ്പിക്കുകയാണ്.
3. സഹകരണ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഫീസ് കൂട്ടിയെന്നാണ് മറ്റൊന്ന്. ഫെബ്രുവരിയിൽ എൽ.ഡി.എഫ് സർക്കാരാണ് ഫീസ് കൂട്ടിയത്.
4. കേന്ദ്രസർക്കാർ ഇടുക്കിയിലെ പരിസ്ഥിതിലോല മേഖല പ്രഖ്യാപിച്ചത് യു.ഡി.എഫ് സർക്കാരിന്റെ ശുപാർശയിലാണത്രെ. ഇരവികുളം, ആനമല, ചിന്നാർ അടക്കം മേഖലകളുൾപ്പെടുത്തി കരട് വിജ്ഞാപനം പുറപ്പെടുവിച്ചത് എൽ.ഡി.എഫ് സർക്കാർ കേന്ദ്രവുമായി നടത്തിയ കത്തിടപാടുകളെ തുടർന്നാണ്.
5. റേഷൻ വിതരണം സ്തംഭിച്ചെന്നാണ് മറ്രൊരു നുണ. നൽകേണ്ടതിൽ ഒരു ഗ്രാം അരി കുറച്ചിട്ടില്ല. വിൽക്കാത്തതും അധികം ലഭിക്കുന്നതുമായ അരി, ഓണത്തിന് എല്ലാവർക്കും നൽകാനായി സംഭരിക്കുകയാണ്. എന്നിട്ടും യു.ഡി.എഫ് വന്നു, റേഷൻ മുടങ്ങിയെന്നാണ് കള്ളപ്രചാരണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |