SignIn
Kerala Kaumudi Online
Wednesday, 17 June 2026 7.10 PM IST

മർദ്ദനമേറ്റ കണ്ടക്ടർ പറയുന്നു, 'ഇടിയേറ്റ് ഇരുന്നുപോയി, തല അനക്കാൻ വയ്യ..'

കൊച്ചി: കൊച്ചിയിൽ കെ.എസ്.ആർ.ടി.സി ബസ് കണ്ടക്ടറെ യാത്രക്കാർ മർദ്ദിച്ചത് റിസർവുചെയ്ത സീറ്റിൽനിന്ന് മാറണമെന്ന് ആവശ്യപ്പെട്ടതിന്റെ പേരിൽ. പ്രകോപനമൊന്നുമില്ലാതെ യാത്രക്കാരൻ മർദ്ദിക്കുകയായിരുന്നെന്ന് മർദ്ദനമേറ്റ എറണാകുളം ഡിപ്പോയിലെ കണ്ടക്ടർ അനീഷ് അഷ്‌റഫ് കേരളകൗമുദിയോട് പറഞ്ഞു. ഞായറാഴ്ച രാത്രി 7.45ന് എറണാകുളം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലായിരുന്നു സംഭവം. തലയ്ക്കും മുഖത്തും മർദ്ദനമേറ്റ അനീഷ് ചികിത്സയ്ക്കുശേഷം വീട്ടിൽ വിശ്രമത്തിലാണ്. രണ്ടു പേരെ പൊലീസ് അറസ്റ്റുചെയ്തു.

എറണാകുളത്തുനിന്ന് കോഴിക്കോട്ടേക്ക് പോകുന്ന എ.സി ലോഫ്ലോർ ബസിൽ വർഷങ്ങളായി ഡ്യൂട്ടി ചെയ്യുന്ന കണ്ടക്ടറാണ് അനീഷ്. സംഭവദിവസം ബസിലെ സീറ്റുകളെല്ലാം ബുക്കിംഗ് ആയിരുന്നു. എന്നാൽ യാത്രതുടങ്ങുംമുമ്പ് രണ്ട് സീറ്റ് ക്യാൻസലായി. ഈസമയം സ്റ്റാൻഡിലെത്തിയ യുവാക്കൾ ബസിൽ കയറി. രണ്ട് സീറ്റൊഴികെ മറ്റെല്ലാം ബുക്കിംഗ് ആണെന്ന് അനീഷ് ഇവരെ അറിയിച്ചു. എന്നാൽ ആലുവയിൽനിന്ന് യാത്ര ബുക്ക് ചെയ്തവരുടെ സീറ്റുകളിലാണ് ഇവർ ഇരുന്നത്.

ആലുവയിലെത്തി മറ്റൊരു പ്രശ്നം ഉണ്ടാക്കേണ്ടെന്ന് കരുതി യുവാക്കളോട് പിന്നിലെ സീറ്റിലേക്ക് മാറാൻ നിർദ്ദേശിച്ചു. എന്നാൽ യുവാക്കൾ ഇതിന് കൂട്ടാക്കിയില്ല. നിർബന്ധിച്ചതോടെ പെട്ടെന്ന് ആക്രമിക്കുകയായിരുന്നുവെന്ന് അനീഷ് പറഞ്ഞു.

അനീഷിന് മർദ്ദനമേറ്റതോടെ ഡ്രൈവർ ബസിന്റെ വാതിലുകൾ അടച്ചു. പിന്നാലെ സ്റ്റാൻഡിലെ ഗാർഡ് വിവരം പൊലീസിനെ അറിയിച്ചു. പിന്നീട് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവത്തെത്തുടർന്ന് കെ.എസ്.ആർ.ടി.സി എറണാകുളം -കോഴിക്കോട് ട്രിപ്പ് ക്യാൻസൽചെയ്തു. യാത്രക്കാർക്ക് മറ്റൊരു ബസ് സജ്ജമാക്കി.

അതേസമയം, കണ്ടക്ടർ അനീഷ് മർദ്ദിച്ചെന്ന് കാട്ടി യാത്രക്കാർ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. കോളറിന് പിടിച്ച് സീറ്റിലേക്ക് തള്ളിയിടുകയായിരുന്നുവെന്നും വീഴ്ചയിൽ കമ്പിയിൽ തലയിടിച്ച് മുറിവേറ്റതായും പരാതിയിൽ പറയുന്നു. എന്നാൽ കേസിൽനിന്ന് രക്ഷപ്പെടാനുള്ള ആസൂത്രണമാണ് ഇതെന്ന് അനീഷ് പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY