ഡാലസ്: കിരീടപ്രതീക്ഷയുമായി ലോകകപ്പിനെത്തിയ ഹോളണ്ടിന് ആദ്യമത്സരത്തിൽ തന്നെ ജപ്പാന്റെ ശക്തമായ താക്കീത്. ഇന്നലെ ഡാലസിൽ നടന്ന മത്സരം, അവസാന സമയത്തെ ജപ്പാന്റെ ഗോളോടെ 2- 2ന് സമനിലയിൽ അവസാനിക്കുകയായിരുന്നു. മത്സരത്തിൽ രണ്ടുവട്ടം ലീഡെടുത്ത ഡച്ചുകാരെ വിട്ടുകൊടുക്കാതെ പൊരുതിയാണ് ജപ്പാൻ സമനിലയിൽ തളച്ചത്. 50-ാം മിനിട്ടിൽ വിർജിൽ വാൻഡിക്കും 64-ാം മിനിട്ടിൽ സമ്മർവില്ലെയും ഹോളണ്ടിനായി ഗോളടിച്ചപ്പോൾ 57-ാം മിനിട്ടിൽ കെയ്തോ നക്കാമുറയും 88-ാം മിനിട്ടിൽ ദായ്ചി കമാഡ നേടിയ ഗോളുകൾ ജപ്പാന് സമനില നേടിക്കൊടുത്തു.
എഫ് ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ടുണീഷ്യയെ 5-1ന് തകർത്ത സ്വീഡൻ മൂന്നു പോയിന്റുമായി ഒന്നാമതെത്തി. പിതാവ് ടുണീഷ്യക്കാരനായ സ്വീഡിഷ് താരം യാസീൻ അയാരി ഇരട്ട ഗോളുകൾ നേടി.
ഗ്രൂപ്പ് എഫിൽ കഴിഞ്ഞ രാത്രി നടന്ന മത്സരത്തിൽ ജർമ്മനി കുഞ്ഞൻ രാജ്യമായ കുറോസോയ്ക്ക് എതിരെ 7-1ന് ജയിച്ചെങ്കിലും കുറോസോ നേടിയ ഏകഗോൾ ആണ് ട്രെൻഡിംഗായത്.
അവസാനം ഐവറി കോസ്റ്റ്
ഗ്രൂപ്പ് ഇയിൽ തുടക്കം മുതൽ വിജയത്തിനായി പരിശ്രമിച്ച ഇക്വഡോറിനെ അവസാന സമയത്ത് നേടിയ ഏക ഗോളിന് തോൽപ്പിച്ച ആഫ്രിക്കൻ രാജ്യമായ ഐവറികോസ്റ്റ് 12 വർഷത്തിന് ശേഷമുള്ള ലോകകപ്പ് കംബാക്ക് ആഘോഷമാക്കി. രണ്ടാം പകുതിയിൽ പകരക്കാരനായിറങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സ്ട്രൈക്കർ അമാദ് ഡിയാലോയാണ് 90-ാം മിനിട്ടിൽ വിജയഗോളടിച്ചത്.
ഫ്രാൻസ്, അർജന്റീന കളത്തിലേക്ക്
ലോകകപ്പിൽ നിലവിലെ റണ്ണർഅപ്പുകളായ ഫ്രാൻസിന് ഇന്ന് രാത്രി പന്ത്രണ്ടരയ്ക്ക് ആദ്യ മത്സരം. എതിരാളികൾ സെനഗൽ. നാളെ രാവിലെ ആറരയ്ക്കാണ് നിലവിലെ ചാമ്പ്യന്മാരായ അർജന്റീന കളത്തിലെത്തുന്നത്. അൾജീരിയയാണ് മെസിയുടേയും സംഘത്തിന്റേയും ആദ്യ എതിരാളികൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |