
ടെഹ്റാൻ: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാനുള്ള ഇടക്കാല സമാധാന കരാറിന് ധാരണയിലെത്തിയെങ്കിലും എന്ന് ഒപ്പിടുമെന്ന കാര്യത്തിൽ ഇറാനും യു.എസും രണ്ടുതട്ടിൽ. ഒപ്പിടൽ ഇന്നലെയുണ്ടാകുമെന്നായിരുന്നു യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാദം.
എന്നാൽ ഒപ്പിടൽ എന്നുണ്ടാകുമെന്ന് ഇറാൻ വ്യക്തമാക്കുന്നില്ല. വരും ദിവസങ്ങളിൽ നടക്കാനുള്ള സാദ്ധ്യത തള്ളിയിട്ടുമില്ല. 24 മണിക്കൂറിൽ വെർച്വലായി ഇലക്ട്രോണിക് ഒപ്പിടുമെന്ന് ചർച്ചകൾക്ക് മദ്ധ്യസ്ഥത വഹിക്കുന്ന പാകിസ്ഥാൻ ശനിയാഴ്ച അവകാശപ്പെട്ടതും പാഴ്‌വാക്കായി.
ഇറാൻ ഭരണകൂടം അന്തിമ തീരുമാനത്തിലെത്തിയിട്ടില്ലെന്നും രാഷ്ട്രീയ, നിയമ, സാങ്കേതിക വശങ്ങൾ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും ഒരു ഇറാനിയൻ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു. ഇറാനെ കൊണ്ട് കരാറിൽ ഒപ്പീടിക്കുക എന്ന ദൗത്യവുമായി ഖത്തർ സംഘം ടെഹ്റാനിലെത്തിയിട്ടുണ്ട്. അതേസമയം കരാറിനെതിരെ ഇറാനിൽ ഒരു വിഭാഗം ജനങ്ങൾ പ്രതിഷേധം നടത്തി.
യുറേനിയത്തിൽ
വിട്ടുവീഴ്ച?
ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം ഇറാനിൽ തന്നെ നേർപ്പിക്കാൻ യു.എസ് സമ്മതിച്ചെന്ന് റിപ്പോർട്ട്. ഇടക്കാല കരാറിൽ ഇക്കാര്യമുണ്ടെന്ന് ഇറാനിയൻ ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയോട് പറഞ്ഞു. കരാർ ഒപ്പിട്ട് 60 ദിവസത്തിനുള്ളിൽ ഇതിന്റെ നടപടിക്രമങ്ങൾ തീരുമാനിക്കുമെന്നും ആണവായുധം നിർമ്മിക്കുകയോ സ്വന്തമാക്കുകയോ ചെയ്യില്ലെന്ന് ഇറാൻ ഉറപ്പ് നൽകിയെന്നും പറയുന്നു. അതേസമയം യു.എസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. കരാറിൽ ഒപ്പിട്ട ശേഷമേ വ്യവസ്ഥകൾ ഔദ്യോഗികമായി പുറത്തുവിടൂ.
വിദേശ ആസ്തി
വിട്ടുനൽകും
കരാറിലുണ്ടെന്ന് പറയപ്പെടുന്ന മറ്റ് വ്യവസ്ഥകൾ
1 ഒപ്പിട്ടാൽ ഉടൻ ഹോർമുസ് കടലിടുക്ക് തുറക്കും. ഇറാന് മേലുള്ള നാവിക ഉപരോധം യു.എസ് പിൻവലിക്കും
2 അന്തിമ ഉടമ്പടിയിൽ എത്തിയാൽ ഇറാന് മേലുള്ള എല്ലാ ഉപരോധങ്ങളും യു.എസ് നീക്കും. അതുവരെ പുതിയ ഉപരോധങ്ങൾ ചുമത്തില്ല
3 ഇറാന്റെ മരവിപ്പിച്ച 2500 കോടി ഡോളറിന്റെ വിദേശ ആസ്തി വിട്ടുനൽകും. യുദ്ധത്തിൽ തകർന്ന ഇറാനെ വീണ്ടെടുക്കാനുള്ള പദ്ധതി തയ്യാറാക്കും
ആശങ്കയായി
ഇസ്രയേൽ ആക്രമണം
ലെബനനിലെ ബെയ്റൂട്ടിൽ ഹിസ്ബുള്ള ആസ്ഥാനം ഇസ്രയേൽ തകർത്തു. പിന്നാലെ മുന്നറിയിപ്പുമായി ഇറാൻ രംഗത്തെത്തി. യു.എസുമായി ചർച്ചകൾ തുടരുന്നതിൽ അർത്ഥമില്ലെന്നും വാഗ്ദ്ധാനങ്ങൾ പാലിക്കുന്നതിൽ അവർ പരാജയപ്പെടുന്നെന്നും ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗേർ ഖാലിബാഫ് പറഞ്ഞു. ചർച്ചകൾ മുന്നോട്ടുപോകണമെങ്കിൽ ലെബനനിലെ ആക്രമണങ്ങൾ നിറുത്തണമെന്ന് ഇറാൻ നേരത്തെ ആവശ്യപ്പെട്ടിരുന്നു. മൂന്ന് പേരാണ് ഇന്നലെ ബെയ്റൂട്ടിൽ കൊല്ലപ്പെട്ടത്. അതേ സമയം, കരാർ അടുത്തിരിക്കുന്ന സമയം ആക്രമണം പാടില്ലായിരുന്നു എന്ന് ട്രംപ് ഇസ്രയേലിനെ വിമർശിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |