
രാത്രിയില്‍ ട്രെയിനില്‍ നിന്ന് യുവതിയെ ഇറക്കിവിട്ട ടിടിഇയുടെ നടപടി ചര്‍ച്ചയാകുന്നു. കൃത്യമായ ടിക്കറ്റ് ഇല്ലാതെ സ്ലീപ്പര്‍ കമ്പാര്‍ട്ട്‌മെന്റില്‍ യാത്ര ചെയ്യാനുള്ള ശ്രമമാണ് ടിടിഇയെ പ്രകോപിപ്പിച്ചത്. സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോയിലാണ് യുവതിയെ നിര്‍ബന്ധിച്ച് ഇറക്കിവിടുന്നതും ലഗേജുമായി അവര്‍ പുറത്തേക്കിറങ്ങുന്നതും കാണാന്‍ കഴിയുന്നത്. ഇന്ത്യന്‍ റെയില്‍വേയിലാണ് സംഭവമെങ്കിലും ഏത് ട്രെയിനിലാണ് എപ്പോഴാണ് ഈ സംഭവം എന്ന് വ്യക്തമല്ല.
ജനറല്‍ ടിക്കറ്റ് എടുത്ത യുവതി രാത്രിയായതിനാല്‍ റിസര്‍വേഷനുള്ള സ്ലീപ്പര്‍ കമ്പാര്‍ട്ട്‌മെന്റില്‍ പ്രവേശിക്കുകയും യാത്ര ചെയ്യുകയുമായിരുന്നു. പിന്നീട് ടിടിഇ എത്തി പരിശോധനയ്ക്കായി ടിക്കറ്റ് ആവശ്യപ്പെട്ടപ്പോള്‍ ഇവരുടെ പക്കലുണ്ടായിരുന്നത് ജനറല്‍ ടിക്കറ്റ് ആയിരുന്നു. എന്നാല്‍ അത് സ്വീകാര്യമല്ലെന്നും പിഴ തുക ഒടുക്കുകയോ ജനറല്‍ കമ്പാര്‍ട്ട്‌മെന്റിലേക്ക് മാറുകയോ ചെയ്യണമെന്ന് ടിടിഇ ആവശ്യപ്പെടുകയുമായിരുന്നു.
എന്നാല്‍ ഈ രണ്ട് നിര്‍ദേശങ്ങളും അനുസരിക്കാന്‍ യുവതി തയ്യാറാകാതെ വന്നതോടെയാണ് ടിടിഇക്ക് ഇവരെ ഇറക്കിവിടേണ്ടി വന്നത്. ട്രെയിനില്‍ നിന്ന് ഇറങ്ങിയ ഇവരോട് വെയ്റ്റിംഗ് റൂമിലേക്കോ യാത്ര തുടരുകയാണെങ്കില്‍ പിഴ അടയ്ക്കുകയോ ജനറല്‍ കമ്പാര്‍ട്ട്‌മെന്റിലേക്ക് മാറുകയോ ചെയ്യണമെന്ന് ടിടിഇ വീണ്ടും ആവശ്യപ്പെട്ടു. എന്നാല്‍ ലഗേജും എടുത്ത് യുവതി ട്രെയിനിന് പുറത്തേക്ക് പോകുന്നതാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്.
പുറത്ത് നല്ല മഴ പെയ്യുന്നതും വീഡിയോയില്‍ കാണാം. അതേസമയം ടിടിഇയുടെ പ്രവര്‍ത്തിയെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധിപേര്‍ രംഗത്ത് വന്നു. ടിടിഇ തന്റെ ജോലിയാണ് കൃത്യമായി ചെയ്തതെന്ന് ഒരു വിഭാഗം വാദിക്കുമ്പോള്‍ ടിക്കറ്റ് ഇല്ല എന്നതിന്റെ പേരില്‍ രാത്രി അതും മഴ പെയ്യുമ്പോള്‍ ഒരു യുവതിയെ ഇറക്കിവിട്ട നടപടി ശരിയായില്ലെന്നും അഭിപ്രായം ഉയരുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |