പട്ടാമ്പി: ഫുട്ബാൾ ലോകകപ്പ് ആവേശത്തിൽ ചാലിശ്ശേരിയിൽ ഒരുങ്ങുന്ന പത്തടി ഉയരമുള്ള ഭീമൻ ട്രിയോണ്ട ഫുട്ബാൾ മാതൃക ശ്രദ്ധ നേടുന്നു. ചാലിശ്ശേരി സ്വദേശി ഷൈജുവിന്റെ നേതൃത്വത്തിൽ തൃശൂർ ജില്ലയിലെ സ്വകാര്യ മാളിലെ പ്രദർശനത്തിനായാണ് കലാസൃഷ്‌ടി തയ്യാറാക്കുന്നത്. ചാലിശ്ശേരി പൊട്ടിക്കുന്നത്ത് വീട്ടിൽ താമി-തങ്ക ദമ്പതികളുടെ മകനും ചിത്രകാരനും മിമിക്രി കലാകാരനുമായ ഷൈജുവിനൊപ്പം കാട്ടകാമ്പാൽ സ്വദേശി സുബീഷും ഒറ്റപ്പിലാവ് സ്വദേശി സുരേഷും ചേർന്നാണ് ഭീമൻ ഫുട്ബാളിന് രൂപം നൽകിയത്. ഒരാഴ്ചയിലേറെ നീണ്ട പരിശ്രമത്തിനൊടുവിലാണ് പന്തിന്റെ നിർമ്മാണം പൂർത്തിയായത്. ഷൈജുവിന്റെ സുഹൃത്തുക്കളായ പെരുമണ്ണൂർ തായ്ക്കാട്ട് വീട്ടിലെ ഉണ്ണിമോന്റെയും വൈശാന്തിന്റെയും ഹോളോബ്രിക്സ് കമ്പനിയിൽ വച്ചാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടന്നത്. ഇരുമ്പ് കമ്പികൾ ഉപയോഗിച്ച് ഫ്രെയിം നിർമ്മിച്ചശേഷം ഫുട്ബാളിന്റെ രൂപകൽപ്പന പൂർത്തിയാക്കുകയായിരുന്നു. ഏകദേശം 400 ചതുരശ്ര അടി ഫ്ലോറക്സ് ഷീറ്റ്, പോളിഫോം, വിനൈൽ സ്റ്റിക്കർ, പ്ലാസ്റ്റിക് പുൽ, പെയിന്റ് തുടങ്ങിയ സാമഗ്രികൾ ഉപയോഗിച്ചാണ് ഭീമൻ പന്ത് നിർമ്മിച്ചത്. 65,000 രൂപയോളം ചെലവഴിച്ചാണ് കലാസൃഷ്ടി യാഥാർത്ഥ്യമാക്കിയത്. ലോകകപ്പിൽ ഉപയോഗിക്കുന്ന ഫുട്ബാളിന്റെ രൂപവും ഡിസൈനും അതേപടി പകർത്തുന്ന രീതിയിലാണ് നിർമ്മാണം. പെയിന്റിംഗും ഫിനിഷിംഗും ജോലികളും അവസാനഘട്ടത്തിലായ ഭീമൻ ഫുട്ബാൾ പ്രദർശനവേദിയിലെ പ്രധാന ആകർഷണങ്ങളിലൊന്നാകുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |