SignIn
Kerala Kaumudi Online
Thursday, 18 June 2026 4.50 AM IST

വില 12 കോടി ! തിരുവനന്തപുരം വിമാനത്താവളത്തില്‍ പുത്തന്‍ ഫയര്‍ എഞ്ചിന്‍; ആരെയും അമ്പരപ്പിക്കും 'പാന്തര്‍'

fire-engine

തിരുവനന്തപുരം: അഗ്‌നിശമന സേനയുടെ സാധാരണ ഫയര്‍ എഞ്ചിനില്‍ ഒരുക്കിയിട്ടുള്ള സൗകര്യങ്ങള്‍ പോലും വളരെ മികച്ചതാണ്. അതിന്റെ ഏറ്റവും പ്രീമിയം വെര്‍ഷനായ ഒരു കോടീശ്വരനാണ് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിച്ചിരിക്കുന്ന 'പാന്തര്‍'. വിമാനത്താവളത്തിലെ ഏത് സാഹചര്യവും നേരിടാന്‍ പ്രാപ്തിയുള്ള എയര്‍ക്രാഫ്റ്റ് റെസ്‌ക്യു ആന്‍ഡ് ഫയര്‍ ഫൈറ്റിംഗ് വിഭാഗത്തിലാണ് പാന്തര്‍ ഉള്‍പ്പെട്ടിരിക്കുന്നത്. സുരക്ഷയുടെ കാര്യത്തില്‍ 'എ ക്ലാസ്' സംവിധാനങ്ങളുള്ള യന്ത്രമാണ് തലസ്ഥാനത്ത് എത്തിച്ചിരിക്കുന്നത്.


കേരളത്തിലെ ഒരു വിമാനത്താവളത്തില്‍ ആദ്യമായിട്ടാണ് ഇത്തരമൊരു ഹൈ റീച്ച് എക്‌സ്റ്റെന്‍ഡബിള്‍ ടററ്റ്' ഫയര്‍ എഞ്ചിന്‍ എത്തിക്കുന്നത്. ഓസ്ട്രിയയിലെ റോസന്‍ബവര്‍ കമ്പനിയാണ് വാഹനത്തിന്റെ നിര്‍മാതാക്കള്‍. റോസന്‍ബവറിന്റെ തന്നെ ഫയര്‍ എഞ്ചിനുകള്‍ നെടുമ്പാശേരി വിമാനത്താവളത്തിലും ഉപയോഗിക്കുന്നുണ്ടെങ്കിലും ഇത്രയും ആധുനിക സംവിധാനങ്ങള്‍ അവയില്‍ ലഭ്യമല്ല. വിമാനം തുളച്ച് അകത്തേയ്ക്ക് വെള്ളവും ഫോമും പമ്പ് ചെയ്യാനുള്ള അത്യാധുനിക സാങ്കേതികവിദ്യ തിരുവനന്തപുരത്ത് എത്തിയ ഈ പുതിയ വാഹനത്തിന് മാത്രമാണുള്ളത്.


12 കോടി രൂപയാണ് ഒരു വാഹനത്തിന്റെ വില. വലിയ വിമാനങ്ങളില്‍ തീപ്പിടിത്തമുണ്ടായാല്‍ ഉള്ളില്‍ പ്രവേശിക്കാതെ തന്നെ തീ അണയ്ക്കാനുള്ള സംവിധാനം ഈ വാഹനം പ്രദാനം ചെയ്യും. ഒരു യന്ത്രമനുഷ്യന്റെ കൈയുമായി സാമ്യമുള്ള റോബോട്ടിക് ബൂം ഭൂനിരപ്പില്‍ നിന്ന് 16 മീറ്റര്‍ ഉയരത്തില്‍ വരെ വെള്ളവും ഫോമും പമ്പ് ചെയ്യാന്‍ സഹായിക്കുന്നതാണ്. അതായത് ഒരു അഞ്ച് നില കെട്ടിടത്തിന്റെ ഉയരം വരെ നിലലത്ത് നിന്ന് വെള്ളം പമ്പ് ചെയ്യുന്നതിന് തുല്യം.


85 മീറ്റര്‍ ദൂരത്തേക്ക് വരെ വെള്ളം പമ്പ് ചെയ്യാനുള്ള കഴിവും ഈ വാഹനത്തിനുണ്ട്. ലാന്‍ഡിംഗ്, ടേക്കോഫ് സമയത്തെ തീപ്പിടത്തങ്ങളെ ഞൊടിയിടയില്‍ നേരിട്ട് ശമിപ്പിക്കാനുള്ള കഴിവ് പാന്തറിനുണ്ട്. അതുകൊണ്ട് തന്നെ വലിയ തീപ്പിടിത്തം കാരണമുണ്ടാകുന്ന നഷ്ടങ്ങളും മനുഷ്യജീവന് സംഭവിച്ചേക്കാവുന്ന അപകടങ്ങളും പാന്തര്‍ ലഘൂകരിക്കും. മിന്നല്‍ വേഗത്തില്‍ പ്രവര്‍ത്തിക്കാനുള്ള കഴിവാണ് സാധാരണ ഫയര്‍ എഞ്ചിനുകളില്‍ നിന്ന് പാന്തറിനെ വ്യത്യസ്തനാക്കുന്നത്.


11,300 ലീറ്റര്‍ വെള്ളം, 1,300 ലീറ്റര്‍ ഫോം, മെറ്റല്‍ ഫയറുകള്‍ പെട്ടെന്ന് അണയ്ക്കാന്‍ സഹായിക്കുന്ന 250 കിലോഗ്രാം ഡ്രൈ കെമിക്കല്‍ പൗഡര്‍ (DCP) എന്നിവ വഹിക്കാന്‍ ഈ വണ്ടിക്ക് ശേഷിയുണ്ട്. ഇതിലെ പ്രധാന പമ്പിന് മിനിറ്റില്‍ 6,000 ലീറ്റര്‍ വെള്ളം ഡിസ്ചാര്‍ജ് ചെയ്യാനാകും. റൂഫ് മോണിറ്റര്‍ വഴി മിനിറ്റില്‍ 6,000 ലീറ്ററും, മുന്‍പിലെ ബംപര്‍ ടററ്റ് വഴി മിനിറ്റില്‍ 1,000 ലീറ്ററും വെള്ളം പമ്പ് ചെയ്യാം. വിമാനത്തിന്റെ എന്‍ജിനിലോ ടയറുകളിലോ ഉണ്ടാകുന്ന തീ അണയ്ക്കാനാണ് പ്രധാനമായും ബംപര്‍ ടററ്റ് ഉപയോഗിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AIRPORT, TRIVANDRUM, FIRE ENGINE, PANTHER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA