
സ്വന്തം കഴിവുകൾ തിരിച്ചറിയുന്നതിനും പുതിയ നേട്ടങ്ങൾ കയ്യെത്തിപ്പിടിക്കുന്നതിനും പ്രായം ഒരു തടസമേയല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഒരു 56കാരി. പിഎച്ച്ഡി ചെയ്യുന്ന മകളുടെ പഠനത്തിന് കൂട്ടുപോയ അമ്മ പോസ്റ്റ് ഗ്രാജുവേഷനിൽ ഒന്നാം റാങ്കോടെ പാസായി പ്രചോദനമാവുകയാണ്. തൃശൂർ ചാലക്കുടി മേലൂർ സ്വദേശിയും ചാലക്കുടി ബ്ളോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റുമായ കെ കെ ഷീജുവാണ് കഥയിലെ നായിക.
പഞ്ചായത്ത് പ്രസിഡന്റായി സേവനമനുഷ്ഠിച്ചുകഴിഞ്ഞുള്ള കാലം. 2024ൽ മകൾ പാർവ്വതിക്ക് പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലയിൽ ഹ്യൂമൻ റൈറ്റ്‌സിൽ പിഎച്ച്‌ഡി ചെയ്യുന്നതിനായി അഡ്‌മിഷൻ ലഭിക്കുന്നു. മകൾക്ക് കൂട്ടുനിൽക്കാൻ അമ്മ ഷീജുവും പുതുച്ചേരിക്ക് വണ്ടി കയറി.
സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദധാരിയായിരുന്നു ഷീജു. നാട്ടിലെ സ്വകാര്യ കോളേജിൽ ആറുവർഷം സോഷ്യോളജി അദ്ധ്യാപികയായി സേവനമനുഷ്ഠിക്കുകയും ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ആകുന്നതിനുമുൻപ് ബ്ളോക്ക് പഞ്ചായത്തംഗവുമായിരുന്നു.
പാർവ്വതിയുടെ കൂട്ടുകാരാണ് ഷീജുവിനെ വീണ്ടും പഠനപാതയിലെത്താനായി നിർബന്ധിച്ചത്. മക്കളായ പാർവ്വതിയും ചെന്നൈയിൽ ജോലി ചെയ്യുന്ന ലക്ഷ്‌മിയും പൂർണ പിന്തുണ നൽകി. ഇതോടെ ഒരുകൈനോക്കാമെന്ന് ഷീജുവും ചിന്തിച്ചു. ഷീജു പുതുച്ചേരിയിലെത്തിയ സമയം കേന്ദ്ര സർവകലാശാലയുടെ പ്രവേശന പരീക്ഷ കഴിഞ്ഞ് റാങ്ക് പട്ടികയും പ്രസിദ്ധീകരിച്ചിരുന്നു.
എന്നാൽ ഒഴിവുള്ള സീറ്റുകളിലേയ്ക്കുള്ള സ്‌പോട്ട് അഡ്‌മിഷനായുള്ള അപേക്ഷയും ക്ഷണിച്ചിട്ടുണ്ടായിരുന്നു. പ്രവേശന പരീക്ഷയെഴുതിയവർക്കായിരുന്നു മുൻഗണന. അങ്ങനെയുള്ളവരെ സർവകലാശാല പരിഗണിച്ചിട്ടും ഭാഗ്യം ഷീജുവിനൊപ്പമുണ്ടായിരുന്നു. അവസാനം ഒരു സീറ്റ് ഒഴിവുവന്നതിൽ ഷീജുവിന് അഡ്‌മിഷൻ ലഭിച്ചു.
വിമൻസ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദത്തിനാണ് ഷീജുവിന് പ്രവേശനം ലഭിച്ചത്. ചെറുപ്പക്കാരായിരുന്നു സഹപാഠികൾ. അദ്ധ്യാപകരും ഏറെ പ്രോത്സാഹിപ്പിച്ചുവെന്ന് ഷീജു പറയുന്നു. പഠനത്തിനിടെ അവസാന മൂന്ന് സെമസ്റ്ററുകളിലും ഷീജുവായിരുന്നു ഒന്നാം സ്ഥാനത്ത്. അവസാനത്തെ പരീക്ഷയിലും 9.6 സിജിപിഎയോടെ ഷീജു ഒന്നാം റാങ്ക് നേടി.
ഒന്നാം റാങ്കിന്റെ ആത്മവിശ്വാസത്തോടെ മകൾക്കൊപ്പം വിമൻസ് സ്റ്റഡീസിൽ ഗവേഷണം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ഷീജുവിപ്പോൾ. ഇതിനായുള്ള പരീക്ഷയെഴുതി ഫലം പുറത്തുവരാനുള്ള കാത്തിരിപ്പിലാണ്. പഠനത്തോടൊപ്പംതന്നെ പോഷ് ആക്ട് (പ്രിവൻഷൻ ഒഫ് സെക്‌ഷ്വൽ ഹരാസ്‌മെന്റ്) ട്രെയിനറായും ഷീജു പ്രവർത്തിക്കുന്നുണ്ട്. ഗവേഷണം ചെയ്യാൻ അവസരം ലഭിച്ചില്ലെങ്കിൽ പോഷ് ആക്‌ട് പരിശീലകയായി കൂടുതൽ പ്രവർത്തിക്കാനാണ് ഷീജു ആലോചിക്കുന്നത്. ഇതിനായി നാലുപേരടങ്ങുന്ന ഒരു സംഘത്തെയും രൂപീകരിച്ചു. മാത്രമല്ല നാട്ടിലും അവബോധ ക്ളാസുകളും നടത്താനുള്ള തയ്യാറെടുപ്പിലാണ്. പ്രായത്തെ തോൽപ്പിച്ച് ഉന്നത പഠനത്തിൽ ഉയർന്ന റാങ്കുനേടിയ ഷീജു നാട്ടിലെ സ്ത്രീകൾക്കും പ്രചോദനമാണ്. നിരവധിപ്പേർ വിളിച്ച് അഭിനന്ദിച്ചുവെന്നും പ്രചോദനമാണെന്ന് അറിയിച്ചുവെന്നും ഷീജു പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |