
തിരുവനന്തപുരം: വാട്ടർ അതോറിട്ടിയിലെ ഓൺലൈൻ സ്ഥലം മാറ്റരീതി തടസപ്പെടുത്താൻ ഉന്നതതലത്തിൽ ചരടുവലിയെന്ന് ആക്ഷേപം. 2021 മുതൽ 2025 വരെ ജി-സ്‌പാർക്ക് വഴി തടസമില്ലാതെ നടന്ന സ്ഥലംമാറ്റമാണ് ഇപ്പോൾ കുഴയുന്നത്. ഓൺലൈനല്ലാതെയുള്ള മാറ്റങ്ങൾ നേടാൻ ഇടപെടലുണ്ടെന്നും ആക്ഷേപമുണ്ട്.
അതിനിടെ 2026ലെ ഓൺലൈൻ സ്ഥലംമാറ്റ നടപടി ആരംഭിച്ചിട്ടില്ല. ഇതിന്റെ ഫയൽ മാനേജിംഗ് ഡയറക്ടറുടെ പരിഗണനയിലാണ്. മാനേജ്മെന്റ് തലപ്പത്തെ തുടർച്ചയായ മാറ്റങ്ങളാണ് തീരുമാനം വൈകാൻ കാരണം. എം.ഡിയുടെ ചുമതലയുണ്ടായിരുന്ന ജോയിന്റ് മാനേജിംഗ് ഡയറക്ടർ ഡോ. ബിനു ഫ്രാൻസിസ് വിഷയത്തിൽ തീരുമാനമെടുത്തിരുന്നില്ല. തുടർന്ന് ഇലക്ഷൻ ഡ്യൂട്ടി കഴിഞ്ഞെത്തിയ പി.ബി. നൂഹ് ചർച്ചയ്‌ക്കായി ഫയൽ മാറ്റിവച്ചു.
കെ. ഇമ്പശേഖർ പുതിയ എം.ഡിയായെങ്കിലും തീരുമാനം വൈകുകയാണ്. 2017ലെ സർക്കാർ ഉത്തരവ് പ്രകാരം സമയബന്ധിതമായി തീർപ്പാക്കേണ്ട സ്ഥലംമാറ്റമാണ് മാനേജ്മെന്റിന്റെ നടപടിമൂലം വൈകുന്നതെന്ന് കേരള വാട്ടർ അതോറിട്ടി എംപ്ലോയീസ് സംഘ് ബി.എം.എസ് ആരോപിച്ചു. നീതി നിഷേധിക്കപ്പെട്ടാൽ ശക്തമായ പ്രക്ഷോഭവും നിയമനടപടികളിലേക്കും നീങ്ങാനും സംഘടന തീരുമാനിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |