SignIn
Kerala Kaumudi Online
Wednesday, 17 June 2026 8.14 PM IST

വെള്ളാപ്പള്ളിയെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ അനുവദിക്കില്ല: യൂണിയൻ നേതാക്കൾ

കൊച്ചി: കേരളത്തിലെ ഹൈന്ദവ വിഭാഗത്തെ സാമൂഹികമായും സാമ്പത്തികമായും രാഷ്ട്രീയമായും ഒതുക്കാനുള്ള ആസൂത്രിത നീക്കത്തിനെതിരെ ശബ്ദമുയർത്തിയതിന്റെ പേരിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ ശ്രമിച്ചാൽ ശക്തമായി നേരിടുമെന്ന് ജില്ലയിലെ യൂണിയൻ ഭാരവാഹികൾ മുന്നറിയിപ്പ് നൽകി.

മുഖ്യധാരാ രാഷ്ട്രീയ കക്ഷികൾ നടത്തുന്ന ന്യൂനപക്ഷ പ്രീണനവും മുസ്ലീം ലീഗിന്റെ വ‌ർഗീയ നിലപാടുകളും തുറന്നുപറഞ്ഞാൽ ആരെയും വർഗീയവാദിയാക്കുന്ന സ്ഥിതിയാണ്. സംസ്ഥാനത്തിന്റെ പൊതുപണം ചില വിഭാഗക്കാർ കൊള്ളയടിക്കുന്നത് കണ്ട് മൗനം പാലിക്കാൻ എസ്.എൻ.ഡി.പി യോഗം തയ്യാറല്ല. സംസ്ഥാനത്തെ പിന്നാക്ക ജനങ്ങളുടെ ധീരനായകനാണ് വെള്ളാപ്പള്ളി. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടവരെയും വിവിധ കാരണങ്ങളാൽ നേതൃസ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ടവരെയും കൂട്ടുപിടിച്ച് യോഗത്തെയും ജനറൽ സെക്രട്ടറിയെയും കള്ളക്കേസുകളുടെ പേരിൽ ആക്ഷേപിക്കാനാണ് ചിലർ ശ്രമിക്കുന്നത്.

ഇടതുസർക്കാരിന് മൂന്നാം തുടർഭരണം നഷ്ടമാകാൻ കാരണം ഇടതുമുന്നണിയിലെ കുതികാൽവെട്ടും സി.പി.എം നേതൃനിരയിലെ പാളിച്ചകളുമാണ്. ദയനീയ തോൽവിയുടെ ഉത്തരവാദി വെള്ളാപ്പള്ളിയാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുന്നവർ സ്വയം അപഹാസ്യരാവും. അധികാരത്തിന്റെ ബലത്തിൽ ഇനിയും പൊതുമുതൽ കൊള്ളയടിക്കാൻ ശ്രമിച്ചാൽ നേരിടും. മുസ്ലീം സമൂഹത്തെയല്ല, മുസ്ലീം ലീഗിനെയാണ് ജനറൽ സെക്രട്ടറി വിമർശിക്കുന്നത്. വെള്ളാപ്പള്ളി നടേശനെതിരായ ഏതു നീക്കത്തെയും അതേ നാണയത്തിൽ നേരിടാനുള്ള ആളും അർത്ഥവും എസ്.എൻ.ഡി.പി യോഗത്തിനും ഈഴവസമൂഹത്തിനുമുണ്ടെന്ന് നേതാക്കൾ മുന്നറിയിപ്പു നൽകി.

എസ്.എൻ.ഡി.പി യോഗം യു.എ.ഇ കോ-ഓർഡിനേറ്റർ അ‌ഡ്വ. സിനിൽ മുണ്ടപ്പള്ളി, എ. സോമരാജൻ, ജില്ലയിലെ യൂണിയൻ നേതാക്കളായ മഹാരാജാ ശിവാനന്ദൻ, കെ.കെ. കർണൻ, ഷൈജു മനയ്ക്കപ്പടി, ഷൈൻ കൂട്ടുങ്കൽ, ടി.ബി. ജോഷി, കെ.വി. സുധീശൻ, പി.എൻ. പ്രഭ, വി. സന്തോഷ് ബാബു, സത്യൻ ചേരിക്കവാഴയിൽ, പി.കെ. അജിമോൻ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OBIT, ERNAKULAM, SNDP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA