SignIn
Kerala Kaumudi Online
Wednesday, 17 June 2026 9.31 PM IST

പിഎം ശ്രീ പദ്ധതി റദ്ദാക്കാത്തതിൽ മറുപടി പറയേണ്ടത് മുഖ്യമന്ത്രി,​ പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന് പറഞ്ഞിട്ടില്ലെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ

pm-shri-

കോഴിക്കോട് : പി.എം ശ്രീ പദ്ധതി തുടരാനുള്ള യു.ഡി.എഫ് സർക്കാർ തീരുമാനം വിവാദമായതിനെ തുടർന്ന് വിഷയത്തിൽ പ്രതികരണവുമായി സമസ്ത അദ്ധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. എന്തുകൊണ്ട് പദ്ധതി റദ്ദാക്കുന്നില്ല എന്ന് മുഖ്യമന്ത്രിയോട് ചോദിക്കണമെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. ചരിത്ര സത്യങ്ങൾക്ക് എതിരാണെങ്കിൽ പദ്ധതി നടപ്പിലാക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.

അധികാരത്തിലെത്തിയാൽ പദ്ധതി റദ്ദാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞിരുന്നു. എന്തുകൊണ്ട് പദ്ധതി റദ്ദാക്കുന്നില്ല എന്ന ചോദ്യത്തിന് മറുപടി പറയേണ്ടത് മുഖ്യമന്ത്രിയാണ്. ഉപസമിതി പഠിക്കട്ടെ എന്ന് സർക്കാർ പറഞ്ഞിട്ടുണ്ട്. പി.എം ശ്രീ പദ്ധതിയുമായി മുന്നോട്ടു പോകും എന്ന് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി.

പിഎം ശ്രീ പദ്ധതിയിൽ തുടരാൻ സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി വിഡി സതീശൻ ഇന്ന് അറിയിച്ചിരുന്നു . പദ്ധതിയുമായി ബന്ധപ്പെട്ട ആശയപരമായ നിലപാടുകൾ കേന്ദ്രസർക്കാരിനെ അറിയിക്കാനുള്ള കാര്യങ്ങൾ തയാറാക്കാൻ നിയോഗിച്ച നാലംഗ മന്ത്രിതല ഉപസമിതിയുടെ റിപ്പോർട്ടിന് ശേഷമാകും അന്തിമ തീരുമാനമെന്നും മന്ത്രിസഭായോഗത്തിനുശേഷമുള്ള വാർത്താസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി . മന്ത്രിമാരായ എൻ ഷംസുദീൻ, റോജി എം ജോൺ, പി സി വിഷ്ണുനാഥ്, എം ലിജു എന്നിവരാണ് ഉപസമിതിയിലെ അംഗങ്ങൾ.

പദ്ധതിയുടെ നിലവിലെ അവസ്ഥ സംബന്ധിച്ച റിപ്പോർട്ട് വിദ്യാഭ്യാസ മന്ത്രി ഇതിനോടകം മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. മുൻ സർക്കാർ പിഎം ശ്രീയുമായി ബന്ധപ്പെട്ട കരാറുകൾ മരവിപ്പിച്ച നടപടിക്ക് നിയമപരമായ സാധുതയില്ലെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. പദ്ധതി വേണ്ടെന്ന് വയ്ക്കാൻ ഇടതു സർക്കാർ കേന്ദ്രത്തിന് കത്തു നൽകിയിട്ടില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി പദ്ധതിയുമായി ബന്ധപ്പെട്ട് 92 കോടി രൂപയിലധികം സർക്കാർ വാങ്ങിയിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു. ഇത് കൂടാതെ 106 കോടി രൂപ കേന്ദ്രം അനുവദിച്ചിട്ടുണ്ടെന്നും അതിനാലാണ് പദ്ധതിയുമായി മുന്നോട്ട് പോകാൻ സർക്കാർ നിർബന്ധിതരായതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പദ്ധതിയിൽ കേന്ദ്ര സർക്കാരിനോട് ഇളവ് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയിൽ ഏത് സ്‌കൂളുകളെ ഉൾപ്പെടുത്തണമെന്നത് ഉൾപ്പെടെ സർക്കാർ തീരുമാനിക്കുമെന്നും സംസ്ഥാന അവകാശങ്ങളെ ഹനിക്കാതെ പദ്ധതി തുടരാനാണ് ശ്രമമെന്നും മുഖ്യമന്ത്രി അറിയിച്ചു. പിഎംശ്രീയിൽ ബിജെപി ഇതര സംസ്ഥാനങ്ങളുമായി ഒരുമിച്ച് നീങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആദ്യ നൂറ് ദിന കർമ്മ പദ്ധതി ജൂലായ് ഒന്ന് മുതൽ നടപ്പിലാക്കുമെന്നും കരിക്കുലത്തിൽ പൂർണ സ്വാതന്ത്ര്യം ഉറപ്പാക്കികൊണ്ടാകും മുന്നോട്ട് പോകുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PMSHRI, PM SHRI, VD SATHEESHAN, SAMASTHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA