SignIn
Kerala Kaumudi Online
Tuesday, 16 June 2026 4.53 AM IST

മേജർ ക്ഷേത്രങ്ങളിലെ ഓഫീസർ: സ്വർണക്കൊള്ളയിൽ ചോദ്യം ചെയ്യപ്പെട്ടവർക്കടക്കം നിയമനം

devaswom

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ നിർണായക അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ തസ്തികകളിലടക്കം ശബരിമല സ്വർണക്കൊള്ളക്കേസിൽ എസ്.ഐ.ടി ചോദ്യം ചെയ്തവരെയും പണാപഹരണം നടത്തിയവരെയും ഉൾപ്പെടെ നിയമിച്ചു. മാനദണ്ഡങ്ങളും ചട്ടങ്ങളും ലംഘിച്ച് തയ്യാറാക്കിയ സ്ഥലംമാറ്റ പട്ടിക ബോർഡ് പ്രസിഡന്റും ഒരു അംഗവും എതിർത്തിരുന്നു. എന്നാൽ, മറ്റൊരു അംഗം ഈ പട്ടിക പുറത്തിറക്കണമെന്ന് വാശിപിടിച്ചു.

ബോർഡിന്റെ എട്ട് മഹാക്ഷേത്രങ്ങളിലേക്കുള്ള നിയമനത്തിന് മാത്രമേ വിജിലൻസ് ക്ലിയറൻസ് നിർബന്ധമാക്കിയിട്ടുള്ളൂ. ബാക്കിയുള്ള മേജർ ക്ഷേത്രങ്ങളിൽ അതില്ലാതെയാണ് നിയമനം.

ഇതിലാണ് സ്വർണക്കൊള്ള കേസിൽ എസ്.ഐ.ടി ചോദ്യം ചെയ്ത ഉദ്യോഗസ്ഥൻ, ലക്ഷക്കണക്കിന് രൂപയുടെ പണാപഹരണം നടത്തിയ ജീവനക്കാരൻ, ഗ്രൂപ്പിൽ ജോലി ചെയ്തിട്ടില്ലാത്തവർ, വളരെ ജൂനിയറായിട്ടുള്ളവർ എന്നിവരെയടക്കം നിയമിച്ചത്.

എസ്.ഐ.ടി ചോദ്യം ചെയ്ത ശ്യാമിനെ വെള്ളിയങ്കോട് ക്ഷേത്രത്തിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായാണ് നിയമനം നൽകിയത്. എൻ.വാസു ദേവസ്വം കമ്മിഷണറായിരിക്കെ അദ്ദേഹത്തിന്റെ ഓഫീസിലെ ക്ലർക്കായിരുന്നു ശ്യാം. ശബരിമലയിലെ സ്വർണം ചെമ്പാണെന്ന് ഫയലിൽ രേഖപ്പെടുത്തുന്നത് ഈ കാലത്താണ്. ഇദ്ദേഹത്തെ ദേവസ്വം വിജിലൻസ് ഓഫീസിലേക്ക് നേരത്തെ മാറ്റിയെങ്കിലും വിജിലൻസ് എസ്.പിയുടെ ആവശ്യപ്രകാരം വർക്കല ഗ്രൂപ്പിലേക്ക് മാറ്റിയിരുന്നു.

വൈക്കത്ത് ജോലിയിലുണ്ടായിരിക്കെ ലക്ഷക്കണക്കിന് രൂപയുടെ പണാപഹരണം നടത്തിയെന്ന് ഓഡിറ്റിൽ കണ്ടെത്തിയ ആളിനെ ബോർഡിലെ വിജിലൻസ് ഓഫീസറാക്കി. സ്ഥലംമാറ്റത്തിന് അപേക്ഷിക്കുക പോലും ചെയ്യാത്ത ആളിനെ വൈക്കം ക്ഷേത്രത്തിൽ നിയമിച്ചു. തിരുവല്ലം ക്ഷേത്രത്തിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ തസ്തികയിൽ സീനിയർ അസിസ്റ്റന്റ് കമ്മിഷണറെ നിയമിക്കണമെന്നാണ് ചട്ടം. ഇതു ലംഘിച്ച് ജൂനിയറായ ഉദ്യോഗസ്ഥയെ നിയമിച്ചു.

ക്ഷേത്രങ്ങളിലെ ചുമതലയുള്ളപ്പോൾ ഗുരുതര വീഴ്ച വരുത്തിയവരേയും ഓഡിറ്റിംഗിൽ പ്രതികൂല പരാമർശമുള്ളവരേയും ക്ഷേത്രങ്ങളിൽ നിയമിക്കരുതെന്ന ചട്ടം ലംഘിച്ചും നിയമനം നടത്തി. ആറന്മുള, ചെട്ടികുളങ്ങര ക്ഷേത്രങ്ങളിലും ചട്ടങ്ങൾ ലംഘിച്ചാണ് നിയമനം. ശബരിമല എക്സിക്യുട്ടീവ് ഓഫീസറെ മാനദണ്ഡം ലംഘിച്ച് ഒരു വർഷം കൂടി തുടരാൻ അനുവദിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DEVASWOM BOARD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA