
തിരുവനന്തപുരം: സംസ്ഥാനത്തെ സെൻസെസ് നടപടികൾ ഇന്നാരംഭിക്കും. ജൂലായ് ഒന്നു മുതൽ 30 വരെയാണ് വീടുകളിലെത്തി കണക്കെടുക്കുക. ജാതി തിരിച്ചുള്ള കണക്കെടുപ്പാണ് ഇത്തവണത്തെ പ്രത്യേകത. ഡിജിറ്റൽ കണക്കെടുപ്പ് നടത്തുന്നത് സെൻസസ് സ്റ്റേറ്റ് നോഡൽ ഓഫീസറും പൊതുഭരണ വകുപ്പ് സെക്രട്ടറിയുമായ കെ. ബിജു വാർത്താസമ്മേളനത്തിൽ അറിയിച്ചു.
2011ലാണ് മുമ്പ് സെൻസസ് നടന്നത്. ആദ്യഘട്ടത്തിൽ സെൽഫ് എന്യൂമറേഷനും വീടുകളുടെ അടിസ്ഥാനത്തിൽ ജനങ്ങളുടെ കണക്കുമെടുക്കും. രണ്ടാംഘട്ടത്തിൽ തൊഴിൽ, ജാതി തുടങ്ങി മറ്റ് വിവരങ്ങളെടുക്കും. അടുത്തവർഷം മാർച്ചിൽ സെൻസസ് പൂർത്തിയാകും.
സംസ്ഥാനത്ത് അദ്ധ്യാപകരും സർക്കാർ ജീവനക്കാരുമുൾപ്പെടെ 61,282 എന്യൂമറേറ്റർമാരും 10,189 സൂപ്പർവൈസർമാരുമുൾപ്പെടെ 71,471ജീവനക്കാരാണ് സെൻസസിനെത്തുക. 682 പട്ടണങ്ങളിലും 758 ഗ്രാമങ്ങളിലുമായി 58,619 വീടുകളുടെ പട്ടിക ബ്ളോക്കുകളിലായാണ് സെൻസസ് നടത്തുക.
ഡിജിറ്റലായി ചെയ്യാവുന്നതിനാൽ ഇന്നു മുതൽ 30 വരെ ജനങ്ങൾക്ക് വെബ്സൈറ്റിലും മൊബൈൽ ആപ്പിലൂടെയും സ്വയം വിവരങ്ങൾ (സെൽഫ് എന്യൂമറേഷൻ) നൽകാം. ഇത് നിർബന്ധമല്ല. സെൽഫ് എന്യൂമറേഷൻ ചെയ്താലും ഉദ്യോഗസ്ഥർ വീടുകളിലെത്തി നൽകിയ വിവരംശരിയാണോ എന്ന് പരിശോധിക്കും. കേരളത്തിന് പുറത്ത് താമസിക്കുന്നവർക്ക് സെൽഫ് എന്യൂമറേഷൻ ചെയ്യാനാകില്ല.
2027 ഫെബ്രുവരിയിൽ നടത്തുന്ന രണ്ടാംഘട്ടത്തിലായിരിക്കും ജാതിയുൾപ്പെടെയുള്ള മറ്റ് വിവരങ്ങൾ ശേഖരിക്കുക.
സെൻസസുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും പരാതികൾക്കും ടോൾ ഫ്രീ നമ്പരായ 1855ൽ ബന്ധപ്പെടാം. വാർത്താസമ്മേളനത്തിൽ സെൻസസ് ഓപ്പറേഷൻ ഡയറക്ടർ മിത്ര ടി, തിരുവനന്തപുരം ജില്ലാ കളക്ടർ അനുകുമാരി, പി.ഐ.ബി ഡെപ്യൂട്ടി ഡയറക്ടർ ആതിര തമ്പി എന്നിവർ പങ്കെടുത്തു.
സെൽഫ് എന്യൂമറേഷന് ഗവർണറും മുഖ്യമന്ത്രിയും
സെൽഫ് എന്യൂമറേഷനിൽ ഗവർണർ, മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, ഡി.ജി.പി എന്നിവർ പങ്കാളികളാകും. ഇന്ന് രാവിലെ 11ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ലോക്ഭവനിൽ സെൽഫ് എന്യൂമറേഷൻ പോർട്ടലിൽ വിവരങ്ങൾ രേഖപ്പെടുത്തും. ഉച്ചയ്‌ക്ക് 12.30ന് മുഖ്യമന്ത്രി വി.ഡി. സതീശനും തുടർന്ന് ചീഫ് സെക്രട്ടറി എ. ജയതിലകും സെൽഫ് എന്യൂമറേഷനിൽ പങ്കാളികളാകും. നാളെ രാവിലെ 11ന് പൊലീസ് ആസ്ഥാനത്ത് വെച്ച് ഡി.ജി.പിയും സെൽഫ് എന്യൂമറേഷൻ വിവരങ്ങൾ രേഖപ്പെടുത്തും.
സൂക്ഷിച്ചുവയ്ക്കണം, "സെൽഫ് എന്യൂമറേഷനിലെ" 11 അക്ക നമ്പർ
സെൻസസിന് സ്വയം വിവരം നൽകുന്ന സെൽഫ് എന്യൂമറേഷൻ പോർട്ടൽ https://se.census.gov.in ഇന്ന് മുതൽ ലഭ്യമാകും. കെട്ടിട നമ്പർ, സെൻസസ് ഹൗസ് നമ്പർ, സെൻസസ് വീടിന്റെ ഉപയോഗം, കുടുംബ നമ്പർ തുടങ്ങിയ വിവരം സെൽഫ് എന്യൂമറേഷനിൽ നൽകേണ്ടതില്ല. ഈ വിവരം എന്യൂമറേറ്റർമാർ ജൂലായ് ഒന്ന് മുതൽ വീടുകളിൽ നേരിട്ടെത്തി രേഖപ്പെടുത്തും.
എന്തെങ്കിലും തിരുത്തൽ വരുത്താനുണ്ടെങ്കിൽ എന്യൂമറേറ്റർ വരുമ്പോൾ ചെയ്യാം. വരിനമ്പർ, കെട്ടിട നമ്പർ, വീടിന്റെ നമ്പർ, നിലം- ഭിത്തി-- മേൽക്കൂര എന്നിവയ്ക്ക് ഉപയോഗിച്ച പ്രധാന സാമഗ്രി, കുടുംബത്തിന്റെ നമ്പർ, പതിവായി താമസിക്കുന്നവരുടെ എണ്ണം, കുടുംബനാഥന്റെ/നാഥയുടെ പേര്, ലിംഗം, ജാതി, വീടിന്റെ ഉടമസ്ഥത, എൽ.പി.ജി കണക്ഷൻ, ടെലിവിഷൻ, ഇന്റർനെറ്റ്, കമ്പ്യൂട്ടർ, സ്മാർട്ട്ഫോൺ, ഇരുചക്ര- നാലുചക്രവാഹനങ്ങൾ തുടങ്ങിയ 34 വിവരങ്ങളാണ് എന്യൂമറേഷനിൽ നൽകേണ്ടത്.
ചെയ്യേണ്ട വിധം
വെബ്സൈറ്റ് സന്ദർശിച്ച് സംസ്ഥാനം തിരഞ്ഞെടുക്കണം.
സ്ക്രീനിൽ കുടുംബനാഥന്റെ പേര്, മൊബൈൽ നമ്പർ, ഇ മെയിൽ രേഖപ്പെടുത്തിയ ശേഷം ഒ.ടി.പി നൽകി സ്ഥിരീകരിക്കണം.
ജില്ലയുടെ പേരും വീടുള്ള സ്ഥലവും നൽകി , മാപ്പിൽ സ്വന്തം വീട് കണ്ടെത്തി 'റെഡ് മാർക്കർ' അതിന് മുകളിൽ സ്ഥാപിച്ച് ലൊക്കേഷൻ സേവ് ചെയ്യണം.
പിന്നീടുള്ള ചോദ്യങ്ങൾക്ക് കൃത്യമായ വിവരം നൽകണം.
ശേഷം 11 അക്കങ്ങളുള്ള ഒരു എസ്.ഇ. ഐ.ഡി നമ്പർ ലഭ്യമാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |