SignIn
Kerala Kaumudi Online
Sunday, 28 June 2026 2.14 AM IST

മർദ്ദനത്തിന്റെ പാടുകളുടെ ചിത്രങ്ങൾ അമ്മയ്ക്ക് അയച്ച് യുവതി ജീവനൊടുക്കി,​ ഭർത്താവ് അതുൽ കസ്റ്റഡിയിൽ

crime
അതുലും ആരതിയു ം

തിരുവനന്തപുരം: ഭർത്താവ് ഉപദ്രവിച്ചതിന്റെ ദൃശ്യങ്ങൾ അമ്മയ്ക്ക് അയച്ചതിനു പിന്നാലെ യുവതി ജീവനൊടുക്കി. ആറ്റുകാൽ ചിറമുക്ക് എസ്.എം.എൻ 5 അംബിക സദനത്തിൽ വാടകയ്‌ക്ക് താമസിക്കുന്ന വർക്കല ചെമ്മരുതി വടശേരിക്കോണം വിളയിൽ ഹൗസിൽ ബൈജു- ജിനു ദമ്പതികളുടെ മകൾ ആരതിയാണ് (26) വെള്ളിയാഴ്ച വൈകിട്ട് തൂങ്ങിമരിച്ചത്. ബന്ധുക്കളുടെ പരാതിയിൽ ഭർത്താവ് ഭരതന്നൂർ സ്വദേശി അതുലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇൻക്വസ്റ്റിൽ ആരതിയുടെ ശരീരത്തിൽ മർദ്ദനമേറ്റതിന്റെ പാടുകൾ കണ്ടെത്തി. സ്വകാര്യ ബാങ്കിൽ ലോൺ സെക്ഷനിലെ ജീവനക്കാരനായ അതുലിനെതിരെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയാണ് കസ്റ്റഡിയിലെടുത്തത്.

സ്ത്രീധനവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ ഏറെനാളായി തർക്കമുണ്ടായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. സംഭവദിവസവും വാക്കുതർക്കമുണ്ടാകുകയും ആരതി മുറിയിൽ കയറി വാതിൽ അടയ്ക്കുകയും ചെയ്‌തു. തുടർന്നാണ് മർദ്ദനത്തിന്റെ പാടുകൾ അമ്മയ്ക്ക് വാട്സ്ആപ്പിൽ അയച്ചുകൊടുത്തത്. ഏറെനേരെ കഴിഞ്ഞിട്ടും വാതിൽ തുറക്കാത്തതിനെത്തുടർന്ന് അതുൽ സുഹൃത്തിനെയും ഭാര്യയെയും വീട്ടിലേക്ക് വിളിച്ചുവരുത്തി. ഇവരാണ് പൊലീസിനെ വിവരമറിയിച്ചത്. രാത്രി 7.30ഓടെ പൊലീസ് എത്തി വാതിൽ ചവിട്ടിത്തുറന്നു നോക്കിയപ്പോഴാണ് തൂങ്ങി നിൽക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യാകുറിപ്പും ആരതിയുടെ ഡയറിയും പൊലീസിന് ലഭിച്ചു. ഫോർട്ട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചു. മൃതദേഹം ചെമ്മരുതിയിലെ വീട്ടുവളപ്പിൽ സംസ്‌കരിച്ചു.

50 പവൻ സ്ത്രീധനം പണയത്തിൽ

ഒന്നരവർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. ആറുമാസം മുൻപാണ് ആറ്റുകാലിലെ വാടകവീട്ടിലേക്ക് താമസം മാറിയത്. ആരതിക്ക് സ്ത്രീധനമായി നൽകിയ 50 പവൻ സ്വർണാഭരണം അതുൽ, തന്റെ അമ്മയുടെയും അച്ഛന്റെയും പേരിൽ പണയം വച്ചിരുന്നെന്ന് യുവതിയുടെ ബന്ധുക്കൾ പറയുന്നു. അടുത്തിടെ കാർ വാങ്ങാനും 10 ലക്ഷം രൂപയ്‌ക്ക് സ്വർണം പണയം വച്ചിരുന്നു. ഇയാൾക്ക് മറ്റൊരു പെൺകുട്ടിയുമായി അടുപ്പമുണ്ടായിരുന്നെന്നും ഇത് ഇവർക്കിടയിലെ പ്രശ്നം രൂക്ഷമാക്കിയെന്നും ബന്ധുക്കൾ വ്യക്തമാക്കി. പത്തുദിവസം മുൻപ് ആരതി വർക്കലയിലെ വീട്ടിലെത്തിയെങ്കിലും വീട്ടുകാരുടെ നിർബന്ധത്തെ തുടർന്ന് മൂന്നുദിവസം മുൻപ് തിരിച്ചെത്തി. അതിനുശേഷവും തർക്കം തുടർന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA