
കോഴിക്കോട്: 'കലാച്ചി' നോവൽ കോപ്പിയടി വിവാദവുമായി ബന്ധപ്പെട്ട് നിയമപോരാട്ടത്തിനൊരുങ്ങി സാഹിത്യകാരി കെ ആർ മീര. തനിക്കെതിരെ സമൂഹമാദ്ധ്യമങ്ങളിലൂടെ അപവാദപ്രചാരണം നടത്തിയെന്ന് ആരോപിച്ച് ഹരിതാ സാവിത്രിക്കെതിരെ വക്കീൽ നോട്ടീസ് അയച്ചിരിക്കുകയാണ് കെആർ മീര. പൊതുസമൂഹത്തിന് മുന്നിൽ തന്നെയും തന്റെ കൃതിയെയും അപകീർത്തിപ്പെടുത്തുകയെന്ന ദുരുദ്ദേശ്യത്തോടെയാണ് ഹരിത ആരോപണങ്ങൾ ഉന്നയിച്ചതെന്ന് കെആർ മീര സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വ്യക്തമാക്കി.
ഹരിതാ സാവിത്രി രചിച്ച 'സിൻ' എന്ന നോവലിലെ ഭാഗങ്ങൾ കോപ്പിയടിച്ചാണ് കെ.ആർ. മീര 'കലാച്ചി' എഴുതിയതെന്നാണ് സോഷ്യൽ മീഡിയയിൽ ഉയർന്ന ആക്ഷേപം. 'കലാച്ചി' പുസ്തക രൂപത്തിൽ പുറത്തുവന്നത് 2025ലാണെങ്കിലും, 2020 നവംബർ മുതൽ നോവൽ ഖണ്ഡശ്ശയായി പ്രസിദ്ധീകരിച്ചു തുടങ്ങിയിരുന്നു. അതിനാൽ കോപ്പിയടി ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് കെആർ മീരയുടെ വാദം.
എന്നാൽ 2020ൽ നോവലിന്റെ ആറ് അദ്ധ്യായങ്ങൾ മാത്രമാണ് പ്രസിദ്ധീകരിച്ചതെന്നും, അതിന് ശേഷം വന്ന ഭാഗങ്ങളിലാണ് തന്റെ നോവലുമായി സാമ്യമുള്ളതെന്നുമാണ് ഹരിത സാവിത്രിയുടെ അവകാശ വാദം. ഇതിന് തെളിവായി 2020ൽ അവതാരികയ്ക്കായി എൻ.എസ്. മാധവന് തന്റെ നോവൽ ഇമെയിൽ അയച്ചതിന്റെ സ്‌ക്രീൻഷോട്ടുകളും ഹരിത പുറത്തുവിട്ടിരുന്നു.
കെആർ മീരയുടെ സോഷ്യൽ മീഡിയ പോസ്റ്റിന്റെ പൂർണരൂപം
എന്റെ പ്രിയ വായനക്കാരുടെയും എന്നെ സ്‌നേഹിക്കുന്നവരുടെയും പൊതു സമൂഹത്തിന്റെയും അറിവിലേക്ക്: എന്റെ 'കലാച്ചി' എന്ന നോവലിനെയും 'കലാച്ചി'യുടെ രചയിതാവ് എന്ന നിലയിൽ എന്നെയും സംബന്ധിച്ച്, സമൂഹ മാധ്യമങ്ങളിലും പൊതു മണ്ഡലത്തിലും ശ്രീമതി ഹരിത സാവിത്രി ഉയർത്തിയ ആരോപണങ്ങളും ആക്ഷേപങ്ങളും പൊതുസമൂഹത്തിന്റെയും വായനക്കാരുടെയും മുമ്പിൽ എന്നെ അപകീർത്തിപ്പെടുത്തണം എന്ന ദുരുദ്ദേശ്യത്തോടെ മാത്രമാണ് എന്ന് എനിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്.
ശ്രീമതി ഹരിത സാവിത്രി ഉയർത്തിയ ആരോപണങ്ങളും ആക്ഷേപങ്ങളും സമൂഹമധ്യത്തിൽ എന്നെപ്പറ്റി അവമതിപ്പ് സൃഷ്ടിച്ചതായും എനിക്കു ബോധ്യമുണ്ട്. ഈ സാഹചര്യത്തിൽ, ഇതുസംബന്ധിച്ചുള്ള നിയമ നടപടികൾക്കു മുന്നോടിയായി അഡ്വ. എൻ.കെ ഉണ്ണികൃഷ്ണൻ മുഖേന ഹരിത സാവിത്രിക്ക് ഒരു ലീഗൽ നോട്ടീസ് അയച്ചുകഴിഞ്ഞു. നോട്ടീസിൽ ഞാൻ ആവശ്യപ്പെട്ട വിധത്തിലുള്ള നടപടികൾ, നോട്ടീസിൽ രേഖപ്പെടുത്തിയ തീയതിക്കകം ശ്രീമതി ഹരിത സാവിത്രി കൈക്കൊള്ളാത്തപക്ഷം നീതിക്കായി കോടതിയെ സമീപിക്കുകമാത്രമേ എനിക്കു മാർഗമുള്ളൂ. ലീഗൽ നോട്ടീസിനുള്ള ഹരിത സാവിത്രിയുടെ മറുപടി ലഭിച്ചശേഷം ബാക്കി വിവരങ്ങൾ അറിയിക്കാം. സ്‌നേഹത്തോടെ, കെ ആർ മീര.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |