കൊച്ചി: ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ഏഴരപ്പൊന്നാനയിലെ സ്വർണത്തിന്റെ ശുദ്ധി പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി ഉത്തരവ്. തിരുവിതാംകൂർ ദേവസ്വം ബോർഡ് ചീഫ് വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫീസറോടാണ് റിപ്പോർട്ട് നൽകാൻ കോടതി ആവശ്യപ്പെട്ടത്. ഏഴരപ്പൊന്നാനയുടെ അറ്റകുറ്റപ്പണികൾക്കിടെ സ്വർണപ്പാളികൾ മാറ്റി ചെമ്പ് പാളികൾ സ്ഥാപിച്ചതായുള്ള പരാതി ലഭിച്ചതിനെ തുടർന്നാണ് കോടതി നിർദേശം.
നവീകരണ പ്രവർത്തനങ്ങൾക്കിടെ ഏഴരപ്പൊന്നാനയുടെ യഥാർത്ഥ സ്വർണപ്പാളികൾക്ക് പകരം ചെമ്പോ മറ്റ് ലോഹങ്ങളോ സ്ഥാപിച്ചതായി സംശയമുണ്ടെന്ന ഒരു ഭക്തന്റെ പരാതിയെ തുടർന്നാണ് പരിശോധന. എ ജി പ്രസാദ് കുമാർ എന്ന ഭക്തനാണ് ഹൈക്കോടതി ദേവസ്വം ബെഞ്ചിന് ഇത് സംബന്ധിച്ച കത്തയച്ചത്. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ക്ഷേത്രത്തിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറോടും ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരോടും കോടതി വിശദീകരണം തേടിയിരുന്നു.
ഏഴരപ്പൊന്നാനയിൽ അറ്റകുറ്റപ്പണികൾ നടന്നിരുന്നില്ലെന്നും രേഖ പരിശോധിച്ചപ്പോൾ സ്വർണത്തിന്റെ അളവിൽ വ്യത്യാസമൊന്നും ഉണ്ടായിട്ടില്ലെന്നുമാണ് ക്ഷേത്രത്തിന്റെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥർ നൽകിയ റിപ്പോർട്ടിൽ പറയുന്നത്. ക്ഷേത്രത്തിലെ രജിസ്റ്ററുകളും ഏഴരപ്പൊന്നാനയും നേരിട്ട് പരിശോധിക്കാനാണ് ജസ്റ്റിസ് വി രാജ വിജയരാഘവൻ, കെ വി ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ച് നിർദേശിച്ചിരിക്കുന്നത്. പരിശോധന നടത്തുമ്പോൾ സ്വർണത്തിന്റെ ഭാരം, ശുദ്ധി എന്നിവ ഉറപ്പുവരുത്തുന്നതിന് സ്വർണപ്പണിക്കാരന്റെ സേവനവും ഉപയോഗിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |