SignIn
Kerala Kaumudi Online
Friday, 26 June 2026 9.53 PM IST

'സ്വന്തം തെറ്റുമറയ്‌ക്കുമ്പോൾ കോൺഗ്രസ് അണികൾ കൈയടിച്ചേക്കാം, പക്ഷേ ഞങ്ങൾ സമരമുഖത്തുണ്ടാകും'; നാദിറ

rahul-mamkoottathil

സമരക്കാർക്ക് നേരെ പ്രയോഗിക്കുന്ന ജലപീരങ്കിയിൽ ഉപയോഗിക്കുന്നത് മലിനജലമാണെന്ന് ചൂണ്ടിക്കാട്ടിയ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ പരിഹസിച്ചുകൊണ്ട് കഴിഞ്ഞ ദിവസമാണ് രാഹുൽമാങ്കൂട്ടത്തിൽ ഫേസ്‌ബുക്ക് പോസ്റ്റ് പങ്കുവച്ചത്. ഇപ്പോഴിതാ, രാഹുൽ മാങ്കൂട്ടത്തലിന്റെ പരിഹാസത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ബിഗ്‌ബോസ് താരവും ആക്‌ടിവിസ്റ്റുമായ നാദിറ മെഹ്റിൻ.

താൻ ചെയ്‌ത തെറ്റുകൾ മറച്ചുവയ്‌ക്കുവാനായി ഒരവസരം കിട്ടുമ്പോൾ ഏത് വിഷയത്തിലും സോഷ്യൽമീഡിയയിൽ ഇടതുപക്ഷത്തിനെതിരെ ഇറങ്ങിത്തിരിയ്‌ക്കുന്ന ആളാണ് രാഹുൽ മാങ്കൂട്ടത്തിലെന്നും നാദിറ പറയുന്നു.

'താങ്കൾ എല്ലാക്കാലത്തും സമരം ചെയ്യുമ്പോൾ ഒരുപാട് മാദ്ധ്യമങ്ങളെ വിളിച്ചുകൂട്ടി മുന്നോട്ടുപോകുന്ന ഒരു നേതാവെന്ന കാര്യത്തിൽ ആർക്കും തർക്കമില്ലല്ലോ. ആ സമയത്ത് എൽഡിഎഫിനെപ്പറ്റി പറയാൻ കഴിയുന്ന ചെറിയ വിഷയത്തിൽപ്പോലും ഉടനെ മാദ്ധ്യമങ്ങളെ വിളിച്ച് സംസാരിക്കുന്നതും നമ്മൾ കണ്ടിട്ടുള്ളതാണ്.

അതായത് രമണാ…ഒരു വിദ്യാർത്ഥി തിരുവനന്തപുരത്ത് അല്ലെങ്കിൽ ഒരു ചെറുപ്പക്കാരൻ തിരുവനന്തപുരത്ത് കൂടി നടന്നു പോകുമ്പോൾ അവന്റെ കാലിൽ ഒരു മൊട്ടുസൂചി കൊണ്ടാൽ അത് എൽഡിഎഫ് ഗവൺമെന്റിന്റെ കയ്യിലെ പോരായ്മയാണെന്ന് പറഞ്ഞു മാദ്ധ്യമങ്ങളെ വിളിക്കുന്നയാളാണ് നിങ്ങൾ. ആ നിങ്ങൾക്ക് നിങ്ങളുടെ സമരകാലത്ത് ജലപീരങ്കി ഏറ്റപ്പോൾ അത് മലിനജലമായിരുന്നെങ്കിൽ അതിൽ നിന്നും ദുർഗന്ധം വമിക്കുന്ന മണമാണെന്നും ശരീരത്തിന് ദോഷമാണെന്നും എന്തുകൊണ്ട് നിങ്ങൾ മാദ്ധ്യമങ്ങളോടോ മന്ത്രിസഭയിലോ ചൂണ്ടി കാണിച്ചില്ല..?

നിലവിൽ താൻ ചെയ്ത തെറ്റുകൾ മറച്ചുവെക്കാൻ ഒരവസരം കിട്ടുമ്പോൾ ഏതു വിഷയത്തിലും സോഷ്യൽ മീഡിയയിൽ ഇടതുപക്ഷത്തിനെതിരെ ഇറങ്ങി തിരിക്കുമ്പോൾ ചിലപ്പോൾ കോൺഗ്രസ് അണികൾ കയ്യടിച്ചേക്കാം. പക്ഷേ ഞങ്ങൾ ഇതുപോലെ സമരമുഖത്ത് തന്നെ കാണും.

എൽഡിഎഫ് കാലത്ത് പി എം ശ്രീ പദ്ധതി മരവിപ്പിക്കാൻ തീരുമാനിച്ചത് പ്രതിപക്ഷമായിരുന്ന കോൺഗ്രസിന്റെയോ അതിന്റെ ബഹുജന സംഘടനകളുടെയോ സമരത്തെ തുടർന്നല്ല. എൽഡിഎഫിലെ രണ്ടാം കക്ഷിയായ സിപിഐയുടെ ശക്തമായ നിലപാടിനെ തുടർന്നായിരുന്നു. എന്നാൽ ഞങ്ങൾ അധികാരത്തിൽ വന്നാൽ പി എം ശ്രീ അറബിക്കടലിൽ എറിയുമെന്ന് പറഞ്ഞ മുസ്ലിംലീഗിന്റെ നേതാവും മന്ത്രിയുമായ കെ എം ഷാജിയും മുസ്ലിം ലീഗും ഈ വിഷയത്തിൽ ഇന്ന് സ്വീകരിക്കുന്ന നിലപാട് എന്താണ്.

പത്തുവർഷത്തിനുശേഷമാണ് എഐഎസ്എഫ് -എഐവൈഎഫ്‌ സമരം ചെയ്യുന്നതെന്ന് പറയുന്ന രാഹുൽ മാങ്കൂട്ടത്തിലിനോട് ഒരു സംശയം ചോദിച്ചോട്ടെ. പി എം ശ്രീ നിലപാടിനെതിരെ എൽഡിഎഫ് കാലത്ത് പ്രസ്താവന നടത്തിയ യൂത്ത് കോൺഗ്രസ് നേതാക്കളും കെഎസ്യു കുഞ്ഞുങ്ങളും ഇന്ന് എവിടെയാണ്. കൊടിമടക്കി തലയിണക്കീഴിൽ ഭദ്രമായി വെച്ചോ'- നാദിറ കുറിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAHUL MAMKOOTATHIL, NADIRA MEHRIN, PINARAYIVIJAYAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA