
തിരുവനന്തപുരം: ശബരിമല പ്രക്ഷോഭ കാലത്തെ കേസുകൾ പിൻവലിക്കണമെന്നും സ്വർണക്കവർച്ചാ കേസ് സി.ബി.ഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന ബി.ജെ.പി അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മുഖ്യമന്ത്രി വി.ഡി.സതീശന് കത്ത് നൽകി.
കേസുകൾ പിൻവലിച്ചില്ലെങ്കിൽ ജൂലായ് ഒന്ന് മുതൽ സമരത്തിനിറങ്ങാനാണ് ബി.ജെ.പി നീക്കം. ശബരിമലയിലെ സ്വർണക്കവർച്ചാ കേസിൽ സത്യം പുറത്തുകൊണ്ടുവരാനും ക്ഷേത്രസമ്പത്തിന്റെ സുരക്ഷയും സുതാര്യതയും ഉറപ്പാക്കാനുമായി കേസ് സി.ബി.ഐ അന്വേഷിക്കണമെന്നാണ് കത്തിലെ ആവശ്യം. ശബരിമല പ്രക്ഷോഭങ്ങളുടെ പേരിൽ സംസ്ഥാനത്തൊട്ടാകെ 29,119 പേർക്കെതിരെ 2,624 കേസാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ ഗുരുതരമല്ലാത്ത 1,047 കേസ് പിൻവലിക്കാൻ നടപടി സ്വീകരിച്ചതായി മുൻസർക്കാർ നിയമസഭയിൽ അറിയിച്ചെങ്കിലും തുടർ നടപടിയായില്ല. ഭക്തജനങ്ങളുടെ വികാരം മാനിച്ച് അടിയന്തരവും നീതിപൂർവകവുമായ തീരുമാനം കൈക്കൊള്ളേണ്ടത് പുതിയ സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |