
തിരുവനന്തപുരം: ക്ഷീരകർഷകനാകാൻ വീട്ടിൽ തൊഴുത്തും വേണ്ട, പശുവും വേണ്ട. പകരം പശുവിനെ വാങ്ങാൻ ഒരു ലക്ഷം രൂപ നൽകിയാൽ മതി. ആറ്റിങ്ങൽ മേൽക്കടയ്ക്കാവൂർ ക്ഷീരവ്യവസായ സഹകരണ സംഘത്തിന്റെ ഡെയറി ഫാമിൽ (മിൽകോ) അവ വളരും. പാലു കറന്നും ചാണകം വാരിയും കഷ്‌ടപ്പെടാതെ പ്രതിവർഷം 18,000 രൂപ അക്കൗണ്ടിലെത്തും.
പാലാഴി കമ്മ്യൂണിറ്റി ഡെയറി എന്ന പദ്ധതിയിൽ 20 കർഷകർ പശുക്കളെ വളർത്തുന്നുണ്ട്. 100 പശുക്കളെ വളർത്താനുള്ള സംവിധാനം സജ്ജമാണ്. പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്ന മിൽകോ കർഷകരിൽ നിന്ന് പാൽ സംഭരിച്ച് മിൽക്ക് എ.ടി.എം വഴി വില്പന നടത്തുന്നുണ്ട്. ഫാമിലെ പാലും അങ്ങനെ വിൽക്കും. ഫെബ്രുവരിയിൽ ആരംഭിച്ച ഫാമിൽ നിന്നും ലാഭവിഹിതമായി പ്രതിമാസം 1500 രൂപ വീതം മുടങ്ങാതെ നൽകിവരികയാണ്. പ്രമുഖ ശാസ്ത്രജ്‌ഞനും മിൽകോയുടെ സാങ്കേതിക ഉപദേശകനുമായ ഡോ. പി.കമലാസനൻ പിള്ളയുടേതാണ് കമ്യൂണിറ്റി ഡെയറി എന്ന ആശയം. മൂന്നര ഏക്കർ സ്ഥലം ഇതിനായി പാട്ടത്തിന് എടുത്തിട്ടുണ്ട്.
പശുവിനെ രജിസ്റ്റർ ചെയ്ത് തരും
ലക്ഷം രൂപയിൽ എഴുപത് ശതമാനം പശുവിനും 30 ശതമാനം ഭൗതിക സാഹചര്യം ഒരുക്കാനും ഉപയോഗിക്കും. അംഗമാകുന്നവരുടെ പേരിൽ ഒരു പശുവിനെ രജിസ്‌റ്റർ ചെയ്യും. പശു ചത്തുപോയാൽ ഇൻഷ്വറൻസ് ലഭിക്കും .
ഡെയറി ഫാമിലെ പാൽ ലിറ്ററിന് 55 രൂപയ്‌ക്ക് സംഭരിച്ച് 60 രൂപയ്‌ക്കാണ് വിൽക്കുന്നത്. തലസ്ഥാന നഗരത്തിൽ സ്വന്തമായി നിരവധി സ്റ്റാളുകളുണ്ട് .
അഞ്ഞൂറോളം ബിവി 380 മുട്ടക്കോഴി ഫാമും ഇതിനോടൊപ്പമുണ്ട്. അസോള ഉൾപ്പെടെയുള്ള ജൈവത്തീറ്റകൾ നൽകിയാണ് വളർത്തുന്നത്. മിൽകോ ഭരണസമിതി അംഗം എസ്. ബൈജുവാണ് പാലാഴി കമ്യൂണിറ്റി ഡെയറി ഫാം സെക്രട്ടറി.ജോലിക്കാർ അന്യസംസ്ഥാന തൊഴിലാളികളാണ്. പദ്ധതിയിൽ ചേർന്ന കർഷകർക്കും ജോലിയെടുക്കാം.അതിനുള്ള കൂലി വേറെ തരും.
``കേരളത്തിന്റെ പാൽ സ്വയം പര്യാപ്തതയ്ക്കായുള്ള ബദൽ മാർഗ്ഗമാണ് കമ്യൂണിറ്റി ഡയറി ഫാം.``
-ഡോ.കമലാസനൻ പിള്ള
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |