SignIn
Kerala Kaumudi Online
Sunday, 28 June 2026 3.01 AM IST

ശബരിമല സ്വർണക്കൊള്ള: എസ്.ഐ.ടിയുടെ അന്തിമ റിപ്പോർട്ട് നാളെ ഹൈക്കോടതിയിൽ # പോറ്റിയെ വീണ്ടും ചോദ്യം ചെയ്തു

1

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത്യേക അന്വേഷണ സംഘം നാളെ ഹൈക്കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കാനിരിക്കേ, പ്രധാന പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ വീണ്ടും ചോദ്യം ചെയ്തു. അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി അനുവദിച്ച സമയപരിധി നാളെ തീരുകയാണ്. 2019ലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണവും നടപടിക്രമങ്ങളും എസ്.ഐ.ടി ഇതോടെ പൂർത്തിയാക്കുകയാണ്.

രേഖകളും തെളിവുകളും ഒന്നുകൂടി പരിശോധിച്ച് ഉറപ്പാക്കാനും പ്രതിയിൽ നിന്ന് കൂടുതൽ വ്യക്തത വരുത്താനും വേണ്ടിയാണ് എ.ഡി.ജി.പി എച്ച്.വെങ്കിടേഷിന്റെ നേതൃത്വത്തിൽ എട്ട് മണിക്കൂർ ചോദ്യം ചെയ്തത്. വെള്ളിയാഴ്ച ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തിയായിരുന്നു ചോദ്യം ചെയ്യൽ.

സ്മാർട്ട് ക്രിയേഷൻസുമായി നടത്തിയ ഇടപാടുകളിൽ കൂടുതൽ വ്യക്തത തേടിയതായും സൂചനയുണ്ട്. 2019ൽ സ്വർണം പൂശിക്കൊണ്ടുവന്ന ശിൽപ്പങ്ങൾ ആറു വർഷത്തിനകം എങ്ങനെ നിറം മങ്ങിയെന്നതിനും വ്യക്തത തേടി. പി.എസ്.പ്രശാന്തിന്റെ കാലത്ത് സ്വർണപ്പാളികൾ കൊണ്ടുപോയതിനു പിന്നിൽ വീഴ്ചയും ക്രമക്കേടുമുണ്ടായെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. മറ്റേതെങ്കിലും ഉദ്യോഗസ്ഥരുടെ സഹായം ലഭ്യമായിട്ടുണ്ടോ എന്നതും അന്വേഷിച്ചു.

പ്രശാന്തും പ്രതിയായേക്കും

2025ൽ ശബരിമലയിൽ നിന്നും ദ്വാരപാലക ശിൽപ്പങ്ങൾ ചെന്നൈയിലേക്ക് കൊണ്ടുപോയതിലുള്ള അന്വേഷണം തുടരുകയാണ്. പി.എസ്.പ്രശാന്ത് പ്രസിഡന്റായ ഭരണസമിതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തേക്കും.

ഹൈക്കോടതിയിൽ നാളെ സമർപ്പിക്കുന്ന റിപ്പോർട്ടിൽ 2025ൽ സ്വർണപാളികൾ കൊണ്ടുപോയതിലെ ക്രമക്കേടും വീഴ്ചകളും വ്യക്തമാക്കും. സ്വർണപ്പാളി കൊണ്ടുപോകാനുള്ള അനുമതി നൽകാനുള്ള ഫയൽ 2024 ൽ രൂപപ്പെട്ടത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് അന്വേഷണ സംഘം വിലയിരുത്തുന്നു.

 ബോർഡ് പ്രസിഡന്റായിരുന്ന പി.എസ്.പ്രശാന്ത്, അംഗമായിരുന്ന എ.അജികുമാർ, നിലവിലെ അംഗം പി.ഡി.സന്തോഷ് കുമാർ (2025ലാണ് ബോർഡ് അംഗമായത്), തന്ത്രി കണ്ഠരര് രാജീവരര്, തിരുവാഭരണം കമ്മിഷണർ, ബോർഡ് സെക്രട്ടറി, ഉണ്ണികൃഷ്ണൻ പോറ്റി, പങ്കജ് ഭണ്ഡാരി, ഗോവർധൻ എന്നിവരെ പ്രതികളാക്കി കേസ് രജിസ്റ്റർ ചെയ്യുന്നതിനെക്കുറിച്ച് റിപ്പോർട്ടിൽ പരാമർശമുണ്ടാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SABARIMALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA