SignIn
Kerala Kaumudi Online
Thursday, 25 June 2026 7.48 PM IST

മേയറുടെ ഓഫീസില്‍ കലാപം നടത്തിയാല്‍ ബിജെപി പ്രതിരോധിക്കും; സിപിഎമ്മിനെതിരെ രാജീവ് ചന്ദ്രശേഖര്‍

bjp


തിരുവനന്തപുരം: പത്ത് വര്‍ഷത്തെ സിപിഎം ഭരണത്തിന്റെ സമ്പൂര്‍ണ പരാജയം കേരള ജനത തിരിച്ചറിഞ്ഞിരിക്കുന്ന ഘട്ടത്തിലാണ് ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാന്‍ സിപിഎം അക്രമ നാടകം രാഷ്ട്രീയ ആയുധമാക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ പറഞ്ഞു. തിരുവനന്തപുരം നഗരസഭയിലെ സിപിഎം അക്രമത്തില്‍ പരിക്കേറ്റ മേയര്‍ വി വി രാജേഷ്, ഡെപ്യൂട്ടി മേയര്‍ ജി ആശാനാഥ് അടക്കമുള്ളവര്‍ മെഡിക്കല്‍ കോളേജില്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍.

മുഖ്യമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ച ധവളപത്രം വഴി മുന്‍ സര്‍ക്കാരിന്റെ സാമ്പത്തിക കെടുകാര്യസ്ഥതയും ഭരണപരാജയവും തുറന്നുകാട്ടിയതോടെ അതില്‍ നിന്ന് ജനശ്രദ്ധ തിരിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പണ്ട് കോണ്‍ഗ്രസ് മന്ത്രിസഭയുടെ കാലത്ത് സ്പീക്കറുടെ ചേമ്പറില്‍ കയറി കലാപവും, അക്രമവും നടത്തിയതുപോലെ, ബിജെപി മേയറുടെ ഓഫീസില്‍ കയറി അക്രമം അഴിച്ചുവിടാന്‍ ആരേയും അനുവദിക്കില്ല. അത് മുഖ്യമന്ത്രി പിണറായി വിജയനായാലും, സിപിഎമ്മിലെ ഏത് 'സഖാവ്' ആയാലും നിയമം കൈയിലെടുക്കാന്‍ അനുവദിക്കില്ല. രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയായ ബിജെപിയെ ഇത്തരം വിലകുറഞ്ഞ രാഷ്ട്രീയ നാടകങ്ങളിലൂടെ ഭയപ്പെടുത്താമെന്ന് ആരും കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം കോര്‍പ്പറേഷനിലെ അഴിമതികളും ഭരണവീഴ്ചകളും തുടര്‍ച്ചയായി പുറത്തുവരുന്നതിനാല്‍ അതില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍ സിപിഎം ഇത്തരമൊരു പ്രതിഷേധ നാടകം അരങ്ങേറുമെന്ന് ബിജെപി ദിവസങ്ങള്‍ക്കുമുമ്പ് വിലയിരുത്തിയിരുന്നു. ഇന്ന് നടന്നത് അതിന്റെ ആവര്‍ത്തനം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജനാധിപത്യത്തില്‍ സമരത്തിനും, പ്രതിഷേധത്തിനും എല്ലാവര്‍ക്കും അവകാശമുണ്ട്. എന്നാല്‍ എക്‌സാലോജിക് അഴിമതിക്കെതിരെ എകെജി സെന്ററിന് മുന്നില്‍ സമരം ചെയ്യേണ്ടത് കേരളത്തിലെ ജനങ്ങളാണ്. പത്ത് വര്‍ഷത്തെ തൊഴിലില്ലായ്മയ്ക്കും, വിലക്കയറ്റത്തിനും, സാമ്പത്തിക തകര്‍ച്ചയ്ക്കുമെതിരെയും, 45 വര്‍ഷമായി തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരിച്ചിട്ടും മാലിന്യപ്രശ്‌നം, കുടിവെള്ളക്ഷാമം, തെരുവുനായ ശല്യം എന്നിവ പരിഹരിക്കാന്‍ കഴിയാത്ത സിപിഎമ്മിനെതിരെയുമാണ് ജനങ്ങള്‍ പ്രതിഷേധിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ തീരുമാനങ്ങള്‍ എടുക്കുന്നത് സിപിഎം അല്ല. ഈ സംസ്ഥാനം നിയമവാഴ്ചയനുസരിച്ചാണ് മുന്നോട്ടുപോകുന്നത്. കോടതിയും, പോലീസും നിയമസംവിധാനങ്ങളും അവരുടെ ചുമതല നിര്‍വഹിക്കും. അതിന് മീതെ നില്‍ക്കാന്‍ സിപിഎമ്മിന് കഴിയില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കേരളത്തില്‍ ബിജെപി നയിക്കുന്ന എന്‍ഡിഎ ശക്തമായ ബദലായി ഉയര്‍ന്നുവരുകയാണ്. സിപിഎമ്മും, കോണ്‍ഗ്രസും ചേര്‍ന്ന ഇണ്ടി സഖ്യത്തിന്റെ രാഷ്ട്രീയ കൂട്ടുകെട്ട് ജനങ്ങള്‍ തിരിച്ചറിഞ്ഞുകഴിഞ്ഞു. തിരുവനന്തപുരം കോര്‍പ്പറേഷനിലും, സംസ്ഥാന രാഷ്ട്രീയത്തിലും നേരിടുന്ന തിരിച്ചടികളുടെ നിരാശയും, അങ്കലാപ്പുമാണ് സിപിഎം ഇപ്പോള്‍ പ്രകടിപ്പിക്കുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു. കഴക്കൂട്ടം എം എല്‍ എ വി മുരളീധരന്‍, മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ എസ് സുരേഷ്, സിറ്റി ജില്ലാ പ്രസിഡണ്ട് കരമന ജയന്‍ എന്നിവര്‍ മെഡിക്കല്‍ കോളേജിലെത്തി കൗണ്‍സിലര്‍മാരെ കണ്ടു. തിരുവനന്തപുരം അക്രമത്തില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച രാത്രി സംസ്ഥാനമെങ്ങും ബിജെപി പ്രതിഷേധ പരിപാടികള്‍ നടന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA