
തിരുവനന്തപുരം: സത്യപ്രതിജ്ഞാ വിവാദത്തിൽ തിരുവനന്തപുരം കോർപ്പറേഷനിൽ സിപിഎം-ബിജെപി കൗൺസിലർമാർ തമ്മിലുണ്ടായ സംഘർഷത്തിൽ മേയർക്ക് പരിക്ക്. മേയർ വി വി രാജേഷിനെ ഓഫീസിൽ കയറാൻ അനുവദിക്കാതെ സിപിഎം കൗൺസിലർമാർ തടയാൻ ശ്രമിക്കുകയായിരുന്നു. മേയർ ഓഫീസിലേയ്ക്ക് പ്രവേശിക്കാൻ ശ്രമിച്ചതിനെത്തുടർന്നുണ്ടായ ഉന്തിലും തള്ളിലുംപെട്ട് മേയറും മുതിർന്ന നേതാവ് വഞ്ചിയൂർ ബാബുവും നിലത്തുവീണിരുന്നു. തനിക്ക് കാലിന് പരിക്കേറ്റുവെന്ന് മേയർ തന്നെയാണ് വെളിപ്പെടുത്തിയത്.
ബലം പ്രയോഗിച്ചുള്ള സമരം അംഗീകരിക്കില്ലെന്ന് മേയർ വ്യക്തമാക്കി. അനാവശ്യ പ്രകോപനം സിപിഎം കൗൺസിലർമാരുടെ ഭാഗത്തുനിന്നുണ്ടായി. രാവിലെമുതൽ മേയറെ കാണാനെത്തിയവരെ തടഞ്ഞു. ബിജെപിയുടെ വനിതാ കൗൺസിലർമാരെ ആക്രമിച്ചു. തനിക്ക് കാലിന് പരിക്കേറ്റുവെന്നും മേയർ വ്യക്തമാക്കുകയായിരുന്നു.
സംഘർഷത്തിൽ പരിക്കേറ്റ മേയർ വി വി രാജേഷ്, ഡെപ്യൂട്ടി മേയർ ആശാനാഥ് എന്നിവരുൾപ്പെടെ 16 കൗൺസിലർമാർ ആശുപത്രിയിൽ ചികിത്സ തേടി. മേയറോട് എക്‌സ് റേ എടുക്കാൻ ഡോക്‌ടർമാർ നിർദേശിച്ചു. സിപിഎമ്മിന്റെയും ബിജെപിയുടെയും രണ്ട് കൗൺസിലർമാർക്കും പരിക്കേറ്റു. സിപിഎം കാട്ടായിക്കോണം കൗൺസിലർ സിന്ധു ശശി, ബിജെപി പേരൂർക്കട കൗൺസിലർ ദീപ എന്നിവർക്കാണ് പരിക്കേറ്റത്. സിന്ധുവിന്റെ തലയ്ക്കാണ് പരിക്കേറ്റത്. തലയിൽ നാല് സ്റ്റിച്ചുണ്ട്. സ്ഥിതിഗതികൾ ശാന്തമാക്കാൻ ശ്രമിച്ച പൊലീസിനെതിരെയും മർദ്ദനമുണ്ടായി. ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് പരിക്കേറ്റു. അതേസമയം, ജനാധിത്യപരമായ സമരമാണ് നടന്നതെന്നാണ് കോർപ്പറേഷനിലെ സിപിഎം പാർലമെന്ററി പാർട്ടി ലീഡർ എസ്.പി. ദീപക് പറഞ്ഞത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |