SignIn
Kerala Kaumudi Online
Monday, 25 May 2026 9.21 AM IST

ആശാജി എന്ന രാഗസാമ്രാജ്യം

s

തൊള്ളായിരത്തി അറുപതുകളുടെ തുടക്കത്തിൽ ജനിച്ച്, എൺപതുകളിൽ യൗവനം പിന്നിട്ട ഞങ്ങളുടെ തലമുറയുടെ ആരാധനാപാത്രം രാഹുൽ ദേവ് ബർമ്മൻ എന്ന സംഗീത മാന്ത്രികനായിരുന്നു; പിൽക്കാലത്തെ സംഗീത പ്രേമികൾക്ക് എ.ആർ. റഹ്‌മാൻ എന്ന പോലെ! എസ്.ഡി ബർമ്മനും ശങ്കർ ജയ് കിഷനും മദൻ മോഹനും റോഷനുമെല്ലാം പിൻവാങ്ങിത്തുടങ്ങുകയായിരുന്നു അപ്പോൾ. മുഹമ്മദ് റാഫിയെ പിന്തള്ളിക്കൊണ്ട് കിഷോർ കുമാർ ആധിപത്യം സ്ഥാപിച്ചുകഴിഞ്ഞിരുന്നു. ലതാ മങ്കേഷ്കർ എന്ന മഹാരാജ്ഞിയുടെ സിംഹാസനത്തിന് ഒരിളക്കവും സംഭവിച്ചിരുന്നില്ലെങ്കിലും സംഗീതപ്രേമികളുടെ മനസുകളിൽ ഒരു സമാന്തര സാമ്രാജ്യം പടുത്തുയർത്തിക്കഴിഞ്ഞിരുന്നു ഇളയ സഹോദരി.


വ്യത്യസ്തമായ ശൈലികളിൽ, വിവിധങ്ങളായ ഴാണറുകളിൽ (genre) ആലപിക്കാനുള്ള അസാമാന്യമായ സിദ്ധി - ആയിരക്കണക്കിന് ആരാധകരെ ഒപ്പം പാടാനും മതിമറന്നാടാനും പ്രേരിപ്പിക്കുന്ന 'പിയാ തൂ അബ്തോ ആജാ" യും, 'ദം മാരോ ദമ്മും," 'യേ മേരാ ദില്ലും" മാത്രമല്ല; മെലഡിയുടെ പാരമ്യങ്ങളായ 'ദോ ലഫ്‌സോൻ കീ കഹാനി"യും, 'ഇൻ ആംഖോം കി മസ്തി"യുമെല്ലാം ഉൾപ്പെടെ എത്രയെത്ര അതിഗംഭീരമായ പാട്ടുകളിലൂടെയാണ് ആശാ ഭോസ്‌ലെയുടെ വശ്യമനോഹര ശബ്ദം ആസ്വാദകഹൃദയങ്ങളിൽ ആധിപത്യമുറപ്പിച്ചത്!

പണ്ഡിറ്റ് ദീനാനാഥ് മങ്കേഷ്കറുടെ മക്കൾ രണ്ടുപേരും തീരെ ചെറുപ്പത്തിൽത്തന്നെ പാടിയും അഭിനയിച്ചും സിനിമയുടെ ഭാഗമായി. ലത നിശ്ചയദാർഢ്യത്തോടെ അതിവേഗം ഉയരങ്ങൾ കീഴടക്കി മുന്നേറുമ്പോൾ ആശ തന്റെ ഇരട്ടി പ്രായമുള്ള ഒരാളോടൊപ്പമുള്ള ഒളിച്ചോട്ടവും വിവാഹവും ദുരന്തമായി പരിണമിച്ച കുടുംബ ജീവിതവുമൊക്കെയായി ഒതുങ്ങിക്കൂടുകയായിരുന്നു. പിന്നണി ഗാനരംഗത്തെ ലതയുടെ ഏകച്ഛത്രാധിപത്യത്തെ എതിർക്കുകയും വെല്ലുവിളിക്കുകയും ചെയ്ത ഓംകാർ പ്രസാദ് നയ്യാർ എന്ന ഓ.പി. നയ്യാർ ലതയെ പാടേ ഒഴിവാക്കിക്കൊണ്ട് ഗീതാ ദത്തിനെയും ഷംഷാദ് ബീഗത്തെയുമൊക്കെക്കൊണ്ടാണ് തന്റെ പാട്ടുകൾ പാടിച്ചിരുന്നത് .

1956-ൽ 'സി.ഐ.ഡി" എന്ന ചിത്രത്തിൽ ആശാ ഭോസ്‌ലെയെക്കൊണ്ട് 'ലേക്കേ പെഹ്‌ലാ പെഹ്‌ലാ പ്യാർ" എന്ന ഗാനം പാടിച്ചതോടെ നയ്യാർ പിന്നീട് മാറ്റാർക്കുവേണ്ടിയും കാത്തിരുന്നില്ല. ആകെ 324 ഗാനങ്ങൾ. അന്നേവരെ ലതാ മങ്കേഷ്കറുമായി ഒരു താരതമ്യത്തിനും അർഹത പോലുമില്ലാതിരുന്ന ആശാ ഭോസ്‌ലെ എന്ന ഗായികയെ ഓ.പി. നയ്യാർ കൂട്ടിക്കൊണ്ടുപോയത് വലിയ ഉയരങ്ങളിലേക്കാണ്. ഇതിനിടെ ലതാ മങ്കേഷ്കറുമായുള്ള എസ്‌.ഡി. ബർമ്മന്റെ കലഹം ആശയ്ക്ക് 'കാലിഘട്ടാ ഛായ് മോറാ" (സുജാത )എന്ന അതിമനോഹരമായ ഗാനം നേടിക്കൊടുത്തു.

പിന്നീടാണ് ആർ.‌ഡി. ബർമ്മന്റെ വരവ്. ജീവിത പങ്കാളികളെപ്പോലെ കഴിഞ്ഞിരുന്ന നയ്യാരും ആശയും 1972-ൽ പിരിയുന്നു. കിഷോർ കുമാറും ആശാ ഭോസ്‌ലെയും നടുനായകത്വം വഹിക്കുന്ന ആർ.ഡി യുഗത്തിന് ആരംഭം കുറിക്കുന്നു. 'പഞ്ചമി"ന്റെ പാട്ടുകാരി മാത്രമല്ല, ജീവിതത്തിലെ കൂട്ടുകാരി കൂടിയായി ആശ മാറുന്നു. അക്കാലത്തുതന്നെ ലക്ഷ്മികാന്ത് - പ്യാരേലാൽ, കല്യാൺജി ആനന്ദ്ജി കൂട്ടുകെട്ടിനു വേണ്ടിയും ആശ ധാരാളം പാട്ടുകൾ പാടുന്നുണ്ട്. ഹേമമാലിനിക്കും രേഖയ്ക്കും സീനത്ത് അമനും പർവീൺ ബാബിക്കും വേണ്ടി മെലഡി ആലപിക്കുന്ന അതേ അനായാസതയോടെ ഹെലനും ബിന്ദുവിനും ജയശ്രീക്കും വേണ്ടി കാബറെ സോംഗും പാടി! ഖയ്യാമിന്റെ സംഗീത സംവിധാനത്തിൽ 'ഉമ്രാവ് ജാനി"ൽ ഗസലുകളും തുമ്രികളും ആലപിച്ചതിനാണ്,​ ആദ്യ ദേശീയ പുരസ്‌കാരം ആശയെ തേടിയെത്തുന്നത്. എ.ആർ. റഹ് മാൻ ആദ്യമായി ഈണം പകർന്ന 'രംഗീലാ രേ" എന്ന ഹിന്ദി ഗാനം ഊർമ്മിളാ മതോന്ദ്കർ എന്ന ഇരുപതുകാരിക്കുവേണ്ടി അതിഗംഭീരമായി ആലപിക്കുമ്പോൾ ആശയ്ക്ക് വയസ് അറുപത്തി രണ്ടാണെന്ന് ഓർക്കണം.

ഇനി,​ എനിക്ക് ഏറ്റവും പ്രിയപ്പെട്ട ആശാജിയുടെ ചില പാട്ടുകളെക്കുറിച്ചു കൂടി. 'കാലിഘട്ടാ ഛായ് മോറാ" ( സുജാത), ഭംവ് രാ ബഡാ നാദാൻ ഹേ, മേരി ബാത്ത് രഹി മേരേ മൻ മേം (സാഹിബ്‌ ബീബി ഔർ ഗുലാം), ജായിയേ ആപ് കഹാൻ ജായേംഗേ, യേ രേഷ്മി സുൽഫോൺ കാ അന്ധേരാ (മേരേ സനം),​ ദോ ലഫ്സോൺ കി കഹാനി (ഗ്രേറ്റ്‌ ഗ്യാം ബ്ലർ )... പക്ഷേ,​ ഇവയെയൊക്കെ കടത്തിവെട്ടുന്ന രണ്ടു ഗാനങ്ങളുണ്ട്. ഗുൽസാറിന്റെ 'ഇജാസത്ത്" എന്ന, എനിക്കേറ്റവും പ്രിയപ്പെട്ട ചിത്രത്തിലെ 'ഖത്രാ ഖത്രാ മിൽത്തി ഹേ" എന്നു തുടങ്ങുന്ന,​സവിശേഷമായ ശൈലിയിൽ ആലപിച്ച (രണ്ടു വ്യത്യസ്ത സ്ഥായികളിൽ ആലപിച്ച്,​ ഒന്നിനു മുകളിൽ ഒന്നായി ഓവർ ലാപ് ചെയ്ത് റെക്കാർഡ് ചെയ്യുകയും മനോഹരമായ ഡിസോൾവുകളിലൂടെ ചിത്രീകരിക്കുകയും ചെയ്ത) ഗാനം. രേഖയ്ക്കു വേണ്ടിയാണ് ഈ ഗാനം പാടുന്നതെങ്കിൽ,​ തുല്യ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിച്ച അനുരാധാ പട്ടേലിനു വേണ്ടിയാണ് മറ്റേ ഗാനം പാടിയിരിക്കുന്നത്.


'മേരാ കുഛ് സാമാൻ തുമാരെ പാസ് പദാ ഹേ..." (എന്റെ കുറച്ചു വസ്തുക്കൾ നിന്റെ പക്കൽ ഇരിപ്പുണ്ട്)​ എന്നു തുടങ്ങുന്ന,​ ഭാവനാത്മകമായ ഇമേജറികൾ കൊണ്ട് സംവിധായകൻ കൂടിയായ ഗുൽസാർ നെയ്തെടുത്ത ആ ഗാനശില്പം ആലപിച്ചതിനാണ് ആശാജിക്ക് രണ്ടാമത്തെ ദേശീയ അവാർഡ് കിട്ടുന്നത്. പ്രിയപ്പെട്ട പാട്ടുകാരീ, ഈ പാട്ടുകളിലൂടെയൊക്കെ ഞങ്ങൾക്ക് തന്നിട്ടു പോയ ഒരായിരം അനുഭൂതി വിശേഷങ്ങൾ ഞങ്ങൾ ഭദ്രമായി സൂക്ഷിക്കും. നന്ദി.

(തിരുവനന്തപുരം ദൂരദർശൻ കേന്ദ്രം മുൻ ഡയറക്ടറും,​ എഴുത്തുകാരനുമാണ് ലേഖകൻ)​

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA